തൊണ്ടയിലെ ക്യാൻസര്‍; ലക്ഷണങ്ങൾ...

throat pain

ക്യാൻസര്‍ രോഗം, നമുക്കറിയാം ഇന്ന് സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ക്യാൻസര്‍ ചികിത്സയില്‍ വെല്ലുവിളിയായി വരുന്നത് വൈകിയുള്ള രോഗനിര്‍ണയമാണ്.

മിക്ക ക്യാൻസറുകളിലും നേരത്തെ തന്നെ ശരീരം ചില ലക്ഷണങ്ങളെങ്കിലും പ്രകടിപ്പിച്ചുതുടങ്ങിയിരിക്കും. എന്നാലിവയെല്ലാം മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണ് എന്ന നിഗമനത്തില്‍ നമ്മള്‍ നിസാരമാക്കി തള്ളിക്കളയാം. ഇത്തരത്തില്‍ തൊണ്ടയിലെ ക്യാൻസര്‍ ബാധയുടെ ലക്ഷണങ്ങളായി വരുന്ന, ആളുകള്‍ കാര്യമാക്കാതെ കാണുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

തൊണ്ടയിലെ ക്യാൻസര്‍ എന്ന് പറയുമ്പോള്‍ തൊണ്ടയിലെ തന്നെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നതാകാം. 'ഫാരിങ്ക്സ്', 'ലാരിങ്ക്സ്', 'ടോണ്‍സില്‍സ്' എന്നിങ്ങനെയുള്ള ഭാഗങ്ങളിലെല്ലാം അര്‍ബുദബാധയുണ്ടാകാം. ഇതിനെല്ലാം ലക്ഷണങ്ങളും കാണാറുണ്ട്. ഇവയിലേക്ക്...

1- ശബ്ദത്തില്‍ വ്യത്യാസം വരികയും ഇത് വീണ്ടും പഴയനിലയിലേക്ക് തിരിച്ചുപോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

2- വിട്ടുമാറാത്ത തൊണ്ടവേദനയും ക്യാൻസര്‍ ലക്ഷണമാകാം. എന്തെല്ലാം ചെയ്താലും പിന്നെയും തൊണ്ടവേദന വന്നുകൊണ്ടേ ഇരിക്കുന്നുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഒന്ന് പരിശോധിച്ചുനോക്കുക.

3- ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസവും ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്. ഇതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

4- വിട്ടുമാറാത്ത ചുമയാണ് തൊണ്ടയിലെ ക്യാൻസറിന്‍റെ മറ്റൊരു ലക്ഷണം. തൊണ്ടവേദനയുടെ കാര്യം പറഞ്ഞതുപോലെ തന്നെ ചുമയും എന്തുചെയ്തിട്ടും പിന്നെയും പിന്നെയും വരികയാണെങ്കില്‍ ശ്രദ്ധിക്കുക.

5- ചെവിവേദനയും തൊണ്ടയിലെ കയാൻസറിന്‍റെ ലക്ഷണമായി കാണുന്നൊരു പ്രശ്നമാണ്. രണ്ട് ചെവികളിലും അകത്തായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.

6- ചുരുങ്ങിയ കാലയളവിനുള്ളില്‍ ശരീരഭാരം കാര്യമായ രീതിയില്‍ കുറഞ്ഞുവരുന്നുവെങ്കിലും ശ്രദ്ധിക്കണം. ഇതും ക്യാൻസര്‍ ലക്ഷണമാകാം.

7- കഴുത്തില്‍ എവിടെയെങ്കിലും ചെറിയ മുഴയോ വളര്‍ച്ചയോ നീരോ കാണുകയാണെങ്കിലും ശ്രദ്ധിക്കണം. ഇതും ക്യാൻസര്‍ ലക്ഷണമാകാം.

8- ശ്വാസതടസം നേരിടുന്നതും ക്യാൻസര്‍ ലക്ഷണമാകാം. എന്നാലിത് അല്‍പംകൂടി രോഗം മൂര്‍ച്ഛിച്ച ശേഷം കാണുന്ന ലക്ഷണമാണ്.

9- എന്ത് ചെയ്തിട്ടും വിട്ടുമാറാത്ത വായ്നാറ്റമുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതും തൊണ്ടയിലെ ക്യാൻസറിന്‍റെ ഭാഗമായി വരാവുന്നതാണ്.

മേല്‍പ്പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളെല്ലാം തന്നെ മറ്റ് പല രോഗങ്ങളുടെയും നിസാരമായതോ അല്ലാത്തതോ ആയ ആരോഗ്യപ്രശ്നങ്ങളുടെയും എല്ലാം ലക്ഷണമായി വരാവുന്നവയാണ്. അതിനാല്‍ തന്നെ ഇവ കാണുന്നപക്ഷം ക്യാൻസറാണെന്ന് സ്വയം ചിന്തിക്കുകയേ അരുത്. ഈ ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ആഴ്ചയിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അതില്‍ അസ്വാഭാവിക തോന്നുന്നുവെങ്കിലാണ് പരിശോധന നടത്തേണ്ടത്. എന്തായാലും സംശയത്തോടെ ആശുപത്രിയില്‍ പോകാതിരിക്കുന്നത് ശരിയല്ല.

Tags