മഴക്കാലം; ചെങ്കണ്ണ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

google news
eye
 കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ രോഗികള്‍ ചെയ്യരുത്

കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ് . കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാ​ഗമാണ് കൺജങ്‌ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ്.  കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. വൈറസും ബാക്ടീരിയയും മൂലം ചെങ്കണ്ണ് ഉണ്ടാകാറുണ്ട്. എന്നാൽ പൊതുവേ വൈറസ് മൂലമാണ് ഈ രോ​ഗം കൂടുതലും ഉണ്ടാകുന്നത്.

മലിനമായ മഴവെള്ളം കണ്ണുകളുമായി സമ്പർക്കം പുലർത്തുമ്പോൾ, അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളും വൈറസുകളും ഉൾപ്പെടെ വിവിധ രോഗകാരികള്‍ ഉണ്ടാകാം. ഇത് ചെങ്കണ്ണിന് കാരണമാകാം. 

 ചെങ്കണ്ണ്  വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 

 ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള രോഗമാണ്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്.

 മുഖത്തും കണ്ണുകളിലും അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ കണ്ണുകളിലേക്ക് ബാക്ടീരിയകളോ വൈറസുകളോ പകരാനുള്ള സാധ്യത വർധിപ്പിക്കുന്നു. 

 ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

രോ​ഗമുള്ള വ്യക്തി പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കണം. സ്വയം ഐസൊലേഷൻ സ്വീകരിക്കുന്നതാണ് നല്ലത്.

രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍, കണ്ണട, വസ്ത്രങ്ങള്‍, കിടക്കവിരി മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. 

 നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക.  രോഗാണുക്കൾ പടരുന്നത് തടയാൻ ഡോർക്നോബുകൾ, ലൈറ്റ് സ്വിച്ചുകൾ, കംമ്പ്യൂട്ടർ കീബോർഡുകൾ എന്നിവ പോലെ സാധാരണയായി ഉപയോഗിക്കുന്ന പ്രതലങ്ങൾ പതിവായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.

 കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ രോഗികള്‍ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്. 

 കണ്ണിൽ ഒഴിക്കാനുള്ള മരുന്ന് പരമാവധി രോ​ഗി സ്വയം ഒഴിക്കുന്നതാണ് നല്ലത്. കണ്ണ് തിരുമ്മരുത്.

പുറത്ത് പോകുമ്പോൾ സൺഗ്ലാസ് ധരിക്കുന്നത് മൺസൂൺ സമയത്ത് നല്ലതാണ്.

നിങ്ങൾ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുകയാണെങ്കിൽ, ചെങ്കണ്ണിനുള്ള സാധ്യത കുറയ്ക്കുന്നതിനായി ശരിയായ ശുചിത്വ രീതികൾ പാലിക്കുക. ലെൻസുകൾ കൈകാര്യം ചെയ്യുന്നതിനുമുമ്പ് കൈകൾ നന്നായി കഴുകുകയും നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് അവ പതിവായി അണുവിമുക്തമാക്കുകയും ചെയ്യുക. 

രോഗ ലക്ഷണങ്ങള്‍...

കണ്ണിന് ചുവപ്പ്, കണ്ണിന് വേദന, കണ്ണിൽ നിന്ന് വെള്ളമൊഴുകൽ, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം, വെളിച്ചത്തിൽ നോക്കുമ്പോൾ കണ്ണിന് വേദന തുടങ്ങിയവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.

ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം ചികിത്സ പാടില്ല. ചെങ്കണ്ണുണ്ടായാല്‍ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. 
 

Tags