തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

google news
nuts

തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ പെട്ടെന്ന് അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്.  ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രോഗ പ്രതിരോധശേഷി കൂട്ടാന്‍  വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

രണ്ട്... 

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനും ഫൈബറും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  

മൂന്ന്...

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളിയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇവ ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഈ തണുപ്പുകാലത്ത് വെളുത്തുള്ളിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്...

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അത്തരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 

അ‍ഞ്ച്... 

തൈരാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് വയറിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കാത്സ്യം ധാരാളം അടങ്ങിയതാണ് തൈര്. ഇവയില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആണ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നത്.

ആറ്... 

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചിയും ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ഏഴ്...

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Tags