നിലത്തുനിന്ന് എന്തെങ്കിലും എടുക്കുമ്പോൾ ശ്വാസംമുട്ടാറുണ്ടോ? ഈ ലക്ഷണം അവഗണിക്കരുത്!

breath

ഷൂ ലെയ്‌സ് കെട്ടാനോ താഴെ വീണുകിടക്കുന്ന വസ്തുക്കൾ എടുക്കാനോ വേണ്ടി മുന്നോട്ട് കുനിയുമ്പോൾ നിങ്ങൾക്ക് പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഈ ചെറിയ ലക്ഷ്യത്തെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. വളരെ നിസ്സാരമെന്ന് തോന്നാമെങ്കിലും, ഇത്തരത്തിലുള്ള ശ്വാസതടസ്സം നിങ്ങളുടെ ഹൃദയം നൽകുന്ന ഒരു പ്രധാന മുന്നറിയിപ്പായിരിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ. ദിമിത്രി യാരനോവിന്റെ അഭിപ്രായത്തിൽ, മുന്നോട്ട് കുനിയുമ്പോഴോ താഴേക്ക് 
ആയുമ്പോഴോ ഉണ്ടാകുന്ന ഈ ശ്വാസതടസ്സത്തെ വൈദ്യശാസ്ത്രപരമായി 'ബെൻഡോപ്നിയ' (Bendopnea) എന്നാണ് വിളിക്കുന്നത്.

ഇത് ഹൃദയപ്രശ്നങ്ങളിലേക്ക് നയിക്കുന്ന തുടക്ക സൂചനയായിരിക്കാം. നെഞ്ചുവേദന, വീക്കം തുടങ്ങിയ വ്യക്തമായ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നതിന് മു‍ൻപ് തന്നെ ഹൃദയം തളരുന്നുവെന്ന് നല്‍കുന്ന സന്ദേശമാണിത്. കുനിയുന്ന സമയങ്ങളിൽ 8 മുതൽ 30 സെക്കൻഡിനുള്ളിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും നേരെ നിൽക്കുമ്പോൾ അത് മാറുകയും ചെയ്യുന്നത് ഈ അസുഖത്തിന്റെ മുന്നറിയിപ്പാണെന്ന് ഡോ. യാരനോവ് പറയുന്നു. ഹൃദയത്തിനുള്ളിലെ മർദ്ദം ഉയർന്നിരിക്കുകയോ രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറയുകയോ ചെയ്യുമ്പോഴാണ് കുനിയുമ്പോൾ കാലുകളിലും വയറ്റിലുമുള്ള രക്തം വേഗത്തിൽ ഹൃദയത്തിലേക്ക് മടങ്ങിവരുന്നത്.

എന്നാൽ ഹൃദയത്തിന് അതിനെ കൈകാര്യം ചെയ്യാൻ കഴിയാതെ വരുമ്പോ‍ഴാണ് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത്. പലരും ഇതിനെ വയസ്സായതിന്റെ ലക്ഷമാണെന്നും തടി കൂടിയതിന്റെയോ വ്യായാമമില്ലായ്മയുടെയോ ഫലമെന്ന് കരുതി അവഗണിക്കാറുണ്ട്. പക്ഷേ, ഇത് ഹൃദയം നല്‍കുന്ന മുന്നറിയിപ്പാകാമെന്ന് ഡോ. യാരനോവ് പറയുന്നു. നേരെ നിൽക്കുമ്പോൾ ലക്ഷണം മാറുന്നതിനാൽ പലരും ഇത് അവഗണിക്കുന്നു.

Tags