വേനൽ ചൂട് കനക്കുന്നു ; ഉഷ്ണ പ്രതിരോധ ആയുർവേദ ചികിത്സാ ക്ലിനിക്ക് ആരംഭിച്ച് പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ്

mvr hospital

 കണ്ണൂർ : സംസ്ഥാനത്ത് വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഉഷ്ണ പ്രതിരോധ ആയുർവേദ ചികിത്സാ ക്ലിനിക്ക് ആരംഭിച്ചു.  24 മണിക്കൂറും സേവനം ലഭ്യമാകുന്ന ക്ലിനിക്കാണ് ആരംഭിച്ചതെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.

വേനൽക്കാലത്ത് ഉഷ്ണാധിക്യം മൂലം ത്വക്‌രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ സാധാരണയായി കണ്ടുവരുന്നു. കൂടാതെ മഞ്ഞപ്പിത്തം, ചിക്കൻപോക്സ് തുടങ്ങിയ പകർച്ചവ്യാധികളും ഈ കാലഘട്ടത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഉഷ്ണ പ്രതിരോധ ആയുർവേദ ചികിത്സാ ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം.     

കേരളത്തിൽ സാധാരണയായി ഫെബ്രുവരി അവസാനത്തോടെ വേനൽക്കാലം ആരംഭിക്കുകയും മാർച്ച്, - ഏപ്രിൽ മാസങ്ങളിൽ ചൂടിന്റെ തീവ്രത കൂടുകയും മെയ് പകുതിയോടെ കുറയുകയും ചെയ്യുന്നു. ആയുർവേദത്തിൽ ഈ കാലഘട്ടം ഗ്രീഷ്മ - ഋതു എന്നറിയപ്പെടുന്നു. കേരളത്തിലെ കാലാവസ്ഥയിൽ കാണുന്ന ഉയർന്ന ഈർപ്പാവസ്ഥ വേനൽച്ചൂടിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. 

വേനൽക്കാലത്ത് ശരീരബലവും അഗ്നിബലവും അഥവാ ദഹനശക്തിയും താരതമ്യേന കുറയുന്ന അവസ്ഥയിലായിരിക്കും. അതിനാൽ എളുപ്പം ദഹിക്കുന്നതും ജലാംശം കൂടുതലുള്ളതുമായ ആഹാരങ്ങൾ ശീലമാക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും സഹായകരമാണ്.

വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന മാമ്പഴം, ചക്ക, നേന്ത്രപ്പഴം, ജലാംശം അടങ്ങിയ മറ്റ് പഴങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇളവൻ, വെള്ളരി, കുമ്പളം, ഉണ്ണിക്കാമ്പ് തുടങ്ങിയ പച്ചക്കറികളും സാലഡുകളും ഉപയോഗിക്കാം. കക്കിരി, ക്യാരറ്റ്, പുതിന, ചെറുനാരങ്ങ എന്നിവ ചേർത്ത സാലഡുകൾ ശരീരത്തിന് തണുപ്പ് നൽകുന്നതിനും ജലാംശം നിലനിർത്തുന്നതിനും സഹായിക്കും.

പതിമുഖം, കരിങ്ങാലി, മുത്തങ്ങ, ഏലക്ക തുടങ്ങിയവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. കൂടാതെ ഇളനീർ, സംഭാരം, ഷഡംഗകഷായ വെള്ളം എന്നിവയും വേനൽക്കാലത്ത് ശീലിക്കാവുന്നതാണ്. ഈന്തപ്പഴം പാലിൽ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും പോഷണവും നൽകാൻ സഹായിക്കും. ചെറുപയർ, കടല, വൻപയർ, പരിപ്പ് തുടങ്ങിയ പയർവർഗങ്ങൾ നന്നായി വേവിച്ച് സൂപ്പ് രൂപത്തിൽ കഴിക്കാവുന്നതാണ്. ഇത് ദഹനത്തിന് ലളിതവും പോഷകസമൃദ്ധവുമാണ്.

വേനൽക്കാലത്ത് എരിവ്, പുളി, ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, മസാലയുടെ അമിതോപയോഗം എന്നിവ പരമാവധി ഒഴിവാക്കേണ്ടതാണ്. മതിയായ അളവിൽ വെള്ളം കുടിക്കുക, അയഞ്ഞതും വായുസഞ്ചാരമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക, കഠിനമായ വെയിലിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക എന്നിവയും പ്രത്യേകം ശ്രദ്ധിക്കണം.  

എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന ഉഷ്ണ പ്രതിരോധ ആയുർവേദ ചികിത്സാ ക്ലിനിക്കാണ് ആരംഭിച്ചത്.  ബന്ധപ്പെടാനുള്ള ഫോൺ നമ്പർ 7034933933.

ശരിയായ ആഹാരക്രമവും ജീവിതശൈലിയും പാലിക്കുന്നതിലൂടെ വേനൽക്കാലത്ത് ഉണ്ടാകുന്ന ക്ഷീണം, നിർജലീകരണം, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയെ ഫലപ്രദമായി പ്രതിരോധിക്കാം. വാർത്താ സമ്മേളനത്തിൽ ഡയരക്ടർ, പൊഫ.ഇ.കുഞ്ഞിരാമൻ,   പ്രിൻസിപ്പാൾ ഡോ. ജോഷി ജോർജ്ജ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജിഷ്ണു ചന്ദ്രൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.സരിത എസ്,  സ്വസ്ഥവൃത്ത മേധാവി ഡോ. അനുശ്രി.എം തുടങ്ങിയവർ പങ്കെടുത്തു.

Tags