സ്‌നേഹവും തുടര്‍ച്ചയായ പ്രോത്സാഹനവും ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍

google news
disability

തിരുവനന്തപുരം : അകമഴിഞ്ഞ സ്‌നേഹവും പ്രോത്സാഹനവും ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍. ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡല്‍ഫി സര്‍വകലാശാലയും ചേര്‍ന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന, ഭിന്നശേഷിക്കാരുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചണ്ഡിഗഡില്‍ നിന്നുള്ള തെറാപ്പിക് സ്റ്റോറി ടെല്ലര്‍ ശിവാനി ധില്ലന്‍, എം. ജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സിമി ജോസഫ്, തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് ബി.എസ് റീമ എന്നിവരാണ് തങ്ങളുടെ ഗവേഷണങ്ങളും കണ്ടെത്തലുകളും ഡെലിഗേറ്റ്‌സുമായി പങ്കുവെച്ചത്.

ഭിന്നശേഷി കുട്ടികള്‍ സാധാരണ കാണിക്കുന്ന സ്വഭാവ വൈകല്യം അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും ഗുണപാഠ കഥകളിലൂടെ കുറയ്ക്കാനാകുമെന്ന് തന്റെ അനുഭവത്തിലൂടെ ശിവാനി തെളിയിച്ചു. സാധനങ്ങള്‍ പതിവായി വലിച്ചെറിയുന്ന കുട്ടിയാണെങ്കില്‍ അവനോട് ദേഷ്യപ്പെട്ട് അങ്ങനെ ചെയ്യരുതെന്ന് പറയരുത്. അതിന് പകരം പിന്നീടെപ്പോഴെങ്കിലും അവന്‍ നല്ല സന്തോഷത്തോടെയിരിക്കുമ്പോള്‍ പാത്രങ്ങള്‍ അടക്കമുള്ളവ എടുത്തെറിഞ്ഞാലുണ്ടാകുന്ന കാര്യങ്ങള്‍ ഒരു കഥ പോലെ പറഞ്ഞ് മനസ്സിലാക്കിക്കണം. അതിന് മുമ്പ് മാതാപിതാക്കള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. ഇത്തരത്തില്‍ ആവര്‍ത്തിച്ച് ഇക്കാര്യം പറഞ്ഞാല്‍ ക്രമേണ ഈ സ്വഭാവം മാറുമെന്നും ശിവാനി ചൂണ്ടിക്കാട്ടി. ലൈംഗികത, സ്വയംഭോഗം, തുടങ്ങിയവും മറ്റുള്ളവരെപ്പോലെ ഭിന്നശേഷിക്കാരുടെയും അവകാശമാണ്. എന്നാല്‍, പലപ്പോഴും സാമൂഹ്യവും മതപരവുമായ കാരണങ്ങൾ മൂലം ആരും ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകില്ല. എന്നാല്‍ അത്തരം പ്രതിസന്ധികളെയെല്ലാം മറികടക്കണമെന്നും സ്‌നേഹമാണ് ഭിന്നശേഷിക്കാര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഔഷധമെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റെല്ലാ തെറാപ്പികള്‍ക്ക് വിധേയമാകുമ്പോഴും ഭിന്നശേഷിക്കാര്‍ക്ക് വേദന സഹിക്കാനാകില്ല, എന്നാല്‍ സ്‌റ്റോറി തെറാപ്പിയില്‍ വേദനയ്ക്ക് ഒരു സാധ്യതയുമില്ലെന്നും വ്യക്തമാക്കി.

ഓസ്റ്റിയോ ജനിസിസ് ഇംപേര്‍ഫെക്ട് അഥവാ അസ്ഥികള്‍ എളുപ്പത്തില്‍ പൊട്ടുന്ന ഗുരതരമായ അവസ്ഥയിലുള്ള ഒരു പെണ്‍കുട്ടി ഹോമിയോ ഡോക്ടറായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? എന്നാല്‍ ഇത്തരം അവിശ്വസനീയമായ വ്യക്തികളും ഈ ലോകത്തുണ്ടെന്ന് എം.ജി യൂണിവേഴ്‌സിറ്റി സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് വിദ്യാര്‍ത്ഥി സിമി ജോസഫ് പറയുന്നു. ചെറുപ്പം മുതലേ ഡോക്ടറാകണമെന്നായിരുന്നു ആ കുട്ടിയുടെ ആഗ്രഹം. അത് സാധിച്ചെന്ന് മാത്രമല്ല, വിവിഹം കഴിച്ച് ജീവിക്കുകയുമാണിപ്പോള്‍. മെഡിക്കല്‍ സൈക്യാട്രി ഇന്‍ സോഷ്യല്‍ വര്‍ക്കിന് പഠിക്കുന്ന സിമി പത്തോളം ഭിന്നശേഷിക്കാരെയാണ് പഠനവിധേയമാക്കിയത്. അസ്ഥികള്‍ എളുപ്പം പൊട്ടുന്ന രോഗമുള്ളവരുടെ മാതാപിതാക്കളെയാണ് ആദ്യം ബോധവല്‍ക്കരിക്കേണ്ടത്. പിന്നീട് രോഗികള്‍ക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കണം. സുഹൃത്തുക്കൾ, ബന്ധുക്കള്‍, പ്രാദേശിക സര്‍ക്കാരുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് ഇതിന് കഴിയും. ഓസ്റ്റിയോ ജനിസിസ് ടൈപ്പ് 3 എന്ന ഗുരുതരമായ അസുഖമുള്ള യുവാവ് എസ്.ബി.ഐയിലെ ജീവനക്കാരനാണ്. ഇദ്ദേഹം 95 ശതമാനവും ഭിന്നശേഷിക്കാരനായ വ്യക്തിയാണ്. സ്‌കൂള്‍ കാലത്ത് ക്ലാസില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ഡസ്‌ക്കില്‍ കിടന്നാണ് പഠിച്ചത്. മറ്റൊരു യുവാവ് മൈക്രോസോഫ്റ്റിലാണ് ജോലി ചെയ്യുന്നത്. പല കമ്പനികളിലും ഇന്റര്‍വ്യൂവിന് പോയിട്ടും കിട്ടാതിരുന്നിട്ടും അയാള്‍ നിരാശനായില്ലെന്ന് സിമി പറഞ്ഞു. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ രംഗത്തും ഇവര്‍ക്കൊക്കെ വിജയിക്കാന്‍ കഴിഞ്ഞത് സമൂഹത്തിന് നല്‍കുന്ന വലിയ സന്ദേശമാണ്.

സ്വകാര്യതയില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് സ്വയംഭോഗം ചെയ്യുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ നേരിടുന്നുണ്ട്. അറിവില്ലായ്മ കൊണ്ടാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. അതിനാല്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയാകും മുമ്പ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞ് മനസ്സിലാക്കിക്കണമെന്ന് തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് ബി.എസ് റീമ പറഞ്ഞു. കിടപ്പുമുറി, ടോയ്‌ലറ്റ്, വാഷ്‌റൂം എന്നിവിടങ്ങളില്‍ വെച്ച് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് അവരെ ബോധ്യപ്പെടുത്താനാകും. അത് സ്‌നേഹത്തോടെ വേണം. ഇത്തരം കുട്ടികളെ മൂന്ന് മാസം വ്യായാമം ചെയ്യിച്ചതോടെ ഈ സ്വഭാവ വൈകല്യം കുറഞ്ഞതായും റീമ ചൂണ്ടിക്കാട്ടി.

സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ പഞ്ചാപകേശന്‍ മോഡറേറ്ററായിരുന്നു. പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് പ്രബന്ധം അവതരിപ്പിച്ചവര്‍ മറുപടിയും നല്‍കി.

Tags