ഉത്കണ്ഠ നിങ്ങളെ തളർത്തുന്നുവോ? മനസ്സിന് ശാന്തത നൽകാൻ ഈ ശീലങ്ങൾ മാറ്റൂ!
ശാരീരിക ആരോഗ്യത്തെ പോലെ തന്നെ ജീവിത നിലവാരത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് വൈകാരിക ആരോഗ്യം. എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ ശരീരത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നതിനിടെ പലപ്പോഴും മനസ്സിന്റെ ആരോഗ്യത്തെ നമ്മൾ അവഗണിക്കാറുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ, മാനസിക ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങളും ചിന്താരീതികളും അതിൽ വലിയ പങ്ക് വഹിക്കുന്നു. സ്വന്തം വികാരങ്ങളെ മനസ്സിലാക്കുകയും മനസ്സിനെ സംരക്ഷിക്കുന്ന ആരോഗ്യകരമായ ശീലങ്ങൾ വളർത്തുകയും ചെയ്യുന്നതിലൂടെ വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. മാനസികാരോഗ്യം ശക്തമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ചർമ്മത്തിന്റെ നിറം മങ്ങുമെന്ന ഭയത്താൽ പലരും വെയിൽ കൊള്ളുന്നത് ഒഴിവാക്കാറുണ്ട്. എന്നാൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തത് വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം. ദിവസവും അല്പസമയം പുറത്തിറങ്ങി വെയിൽ കൊള്ളുന്നത് മൂഡ് മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ഊർജ്ജസ്വലത നിലനിർത്താനും സഹായിക്കും.
മണിക്കൂറുകളോളം സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുന്നതും ടിവി, വെബ് സീരീസുകൾ തുടർച്ചയായി കാണുന്നതും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും മനസ്സിന് ഉന്മേഷം നൽകുന്നില്ല. മാത്രമല്ല ഇത് ഏകാഗ്രത കുറയ്ക്കാനും മറ്റ് ആളുകളുടെ ജീവിതവുമായി സ്വയം താരതമ്യപ്പെടുത്തി ആത്മാഭിമാനം കുറയ്ക്കാനും കാരണമാകുന്നു. അതിനാൽ ഡിജിറ്റൽ സ്ക്രീൻ സമയം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
മനസ്സിൽ ദേഷ്യവും വിദ്വേഷവും വെച്ചുകൊണ്ടിരിക്കുന്നത് വൈകാരികമായി വലിയ ഭാരമാണ് സൃഷ്ടിക്കുന്നത്. അഹങ്കാരവും ഈഗോയും കാരണമാണ് പലപ്പോഴും ക്ഷമിക്കണം എന്ന് പറയാനോ മറ്റുള്ളവരോട് ക്ഷമിക്കാനോ സാധിക്കാത്തത്. മുൻകാല അനുഭവങ്ങളുടെ കയ്പ് മനസ്സിൽ സൂക്ഷിക്കുന്നത് ഉത്കണ്ഠ നിലനിർത്താൻ മാത്രമേ സഹായിക്കൂ എന്ന് തിരിച്ചറിയുക.
മറ്റുള്ളവരെയോ സാഹചര്യങ്ങളെയോ കുറ്റപ്പെടുത്തുന്ന സ്വഭാവം മനസ്സിൽ നിഷേധാത്മക ചിന്തകൾ ഉടലെടുക്കാൻ കാരണമാകും. വീഴ്ചകളെ തടസ്സങ്ങളായി കാണാതെ, അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള അവസരങ്ങളായി കാണുക. ഈ ചിന്താരീതി ജീവിതത്തിൽ കൂടുതൽ ലാഘവത്വവും നിയന്ത്രണവും കൊണ്ടുവരും.
ആരോഗ്യം എന്നത് കേവലം ശരീരഭാരത്തിലോ ഭക്ഷണത്തിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മാതാപിതാക്കൾ, പങ്കാളി, കുട്ടികൾ, സുഹൃത്തുക്കൾ എന്നിവരുമൊത്തുള്ള നല്ല നിമിഷങ്ങൾ മനസ്സിന് സ്ഥിരതയും സന്തോഷവും നൽകുന്നു. ദിവസവും കുറച്ചുസമയമെങ്കിലും കുടുംബാംഗങ്ങളുമായി സംസാരിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും മാറ്റിവെക്കുക. ഇത്തരം ശീലങ്ങൾ ശരീരത്തിന്റെയും മനസ്സിന്റെയും സമ്മർദ്ദം കുറയ്ക്കുകയും ഉത്കണ്ഠ പ്രതിരോധിക്കുകയും ചെയ്യും.
.jpg)

