മനം തളർന്നിരിക്കുന്നു, വിട്ടുകളയേണ്ട : ആത്മഹത്യ വേണ്ട; ജീവിതം തിരികെപ്പിടിക്കാം

Feeling down, don't give up: Don't commit suicide; take back your life

എപ്പോഴും സമ്മർദവും മടുത്തെന്ന തോന്നലും അനുഭവപ്പെടുന്നത് ഇന്ന് പലരുടെയും നിത്യാനുഭവമാണ്. പഠനം, ജോലി, കുടുംബബാധ്യതകൾ, പ്രതീക്ഷകൾ എല്ലാം ഒരുമിച്ച് ചുമലിലേറുമ്പോൾ മനസ്സ് ക്ഷീണിക്കുന്നത് സ്വാഭാവികമാണ്.എന്നാൽ ആ ക്ഷീണം നിന്റെ മൂല്യം നിർവചിക്കുന്നില്ല, അതുപോലെ അത് ജീവിതത്തിന്റെ അവസാനവാക്കും അല്ല. വേദന പറയാൻ വഴിയുണ്ട്, സഹായം തേടാൻ ആളുകളുണ്ട്, പതുക്കെ എങ്കിലും മുന്നോട്ട് പോകാൻ സാധ്യതകളുണ്ട്.ആത്മഹത്യ ഒരു പരിഹാരമല്ല, ജീവിതം തിരികെപ്പിടിക്കാം.ആത്മഹത്യ ഒരിക്കലും പരിഹാരമല്ലെന്ന് നമ്മൾ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, ആത്മഹത്യകളുടെ എണ്ണം കുറയുന്നില്ല എന്നത് വലിയൊരു യാഥാർഥ്യമാണ്.

tRootC1469263">

“ഇനി വയ്യ” എന്ന ഒരേ തോന്നലിലേക്കാണ് പലപ്പോഴും എത്തിപ്പെടുന്നത്. ആ തോന്നലിന്റെ പിന്നിൽ പലപ്പോഴും ഒളിഞ്ഞിരിക്കുന്നതാകട്ടെ, തുടർച്ചയായ മാനസിക സമ്മർദം തന്നെയാണ്.എന്നാൽ “സമ്മർദം” എന്നത് എന്താണെന്ന്, അത് മനസ്സിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് പലർക്കും വ്യക്തമായി അറിയില്ല. തിരിച്ചറിയപ്പെടാതെയും പറയപ്പെടാതെയും പോകുന്ന ഈ സമ്മർദമാണ് പലരെയും നിശ്ശബ്ദമായി തളർത്തുന്നത്.

എന്താണ് സമ്മർദം?

എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന സ്വാഭാവികമായ ഒരു കാര്യമാണ് സമ്മർദം. ചെറിയ തോതിലെങ്കിലും ആ സമ്മർദമുണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ സാധിക്കൂ. തീരെ സ്ട്രെസ് ഇല്ലാത്തൊരു വ്യക്തിക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാൻ പലപ്പോഴും സാധിച്ചെന്നു വരില്ല. അതുകൊണ്ടുതന്നെ ചെറിയ സമ്മർദം നല്ലതാണ്. പക്ഷേ അത് അതിരു കടന്നാൽ പ്രശ്നമാണ്. ജീവിതത്തിൽ പുതുതായി ഒരു സാഹചര്യം ഉണ്ടാകുമ്പോൾ അതിനോടു പൊരുത്തപ്പെട്ടു പോകുന്നവർ ഉണ്ട്. എന്നാൽ അങ്ങനെ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ എന്തോ പ്രശ്നം സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ ഉണ്ടാക്കുകയോ ചെയ്താൽ അത് ശ്രദ്ധിക്കേണ്ടതാണ്. ഈ അവസ്ഥ ഉറക്കത്തെയും ശ്രദ്ധയെയും ബാധിക്കും. ഇത് സ്ട്രെസ് ഉണ്ടാകുന്നതിന്റെ ലക്ഷണമാണ്. ദൈനംദിന ജീവിതത്തെയും ശരീരത്തെയും പ്രവർത്തനങ്ങളെയും ബാധിക്കുമ്പോഴാണ് സ്ട്രെസിനെ ഒരു രോഗമായി കണക്കാക്കുന്നത്. 


സമ്മർദം ജീവിതത്തിൽ നിരന്തരമായി നിലനിൽക്കുന്ന വ്യക്തികളുമുണ്ടാകാം. അത്തരക്കാരിൽ നടത്തിയ പഠനങ്ങളിൽനിന്നു വ്യക്തമാകുന്നത് സമ്മർദം തലച്ചോറിലെ രാസവസ്തുക്കളിലും ന്യൂറോണൽ ഘടനയിലും മാറ്റങ്ങൾ വരുത്തുന്നുവെന്നാണ്. സമ്മർദം കാരണം ധാരാളം മാനസിക പ്രശ്നങ്ങളുണ്ടാകാം. അതിൽ വളരെ പ്രധാനപ്പെട്ടതാണ് വിഷാദ രോഗം അഥവാ ഡിപ്രഷൻ. ഇക്കാലത്ത് സാധാരണ സംസാരത്തിനിടയിൽ പോലും വന്നുപോകുന്ന വാക്കാണ് ഡിപ്രഷൻ. ‘ഞാൻ ഡിപ്രഷനിലാണ്’ എന്ന് പലരും പറയാറുണ്ട്. എന്നാൽ സങ്കടവും വിഷാദവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പലർക്കും മനസ്സിലാകുന്നില്ല എന്നതാണ് സത്യം. സമ്മർദം കാരണമുണ്ടാകുന്ന വിഷാദരോഗം നിസ്സാരമായി കാണേണ്ടതല്ല. സങ്കടം (സാഡ്നസ്സ്) വളരെ പെട്ടെന്നു മാറുന്നതാണ്. എന്നാൽ വിഷാദഭാവം രണ്ടാഴ്ച എങ്കിലും ഉണ്ടെങ്കിൽ മാത്രമേ അതിനെ ‍ഡിപ്രസ്ഡ് മൂഡ് എന്നു വിളിക്കാൻ സാധിക്കൂ. 

വിഷാദരോഗത്തിന്റെ 9 ലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും രണ്ടാഴ്ചയിൽ കൂടുതൽ വിട്ടുമാറാതെ നിൽക്കുന്നുണ്ടെങ്കിൽ മാത്രമേ അതിനെ വിഷാദരോഗം എന്നു പറയാനാകൂ. 

1. രണ്ട് ആഴ്ചയിൽ കൂടുതൽ നിൽക്കുന്ന വിഷാദഭാവം
2. താൽപര്യക്കുറവ്: മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങളോടൊന്നും താൽര‌പര്യമില്ലാത്ത അവസ്ഥ.
3. ക്ഷീണം: ഒരു കാരണവുമില്ലാത്ത ക്ഷീണം വിഷാദരോഗത്തിന്റെ വലിയൊരു ലക്ഷണമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ ഭയങ്കര ക്ഷീണം തോന്നുകയും ഒപ്പം മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഉറപ്പായും വിഷാദരോഗമായിരിക്കാം.
4. ഉറക്കക്കുറവ്
5. വിശപ്പില്ലായ്മ
6. ശ്രദ്ധക്കുറവ്
7. മന്ദത (Retardation): താൽപര്യക്കുറവിനോടൊപ്പം മൊത്തത്തിലുള്ള മന്ദിപ്പ് വരുന്നതും ശ്രദ്ധ നൽകേണ്ട ലക്ഷണമാണ്. 
8. നെഗറ്റീവ് ചിന്തകൾ: എനിക്ക് ഒന്നിനും കഴിയില്ല, എന്റെ ജീവിതം മോശമാണ്, എനിക്കും എന്റെ ചുറ്റിലുമുള്ള ആർക്കും എന്നെ സഹായിക്കാൻ കഴിയില്ല തുടങ്ങിയ ചിന്തകളും വിഷാദരോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം.
9. ആത്മഹത്യാ ചിന്ത: എനിക്കിനി നല്ലൊരു ജീവിതമില്ല, മരിക്കുന്നതാണ് നല്ലത് എന്ന തരത്തിലുള്ള തോന്നൽ വിഷാദരോഗത്തിന്റെ ലക്ഷണമാണ്.

മാനസികാരോഗ്യത്തിൽ ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു പ്രശ്നമാണ് ഉത്കണ്ഠാരോഗം (Anxiety Disorder). ഈ അവസ്ഥയിലുള്ള വ്യക്തിയുടെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. അകമെയും പുറമെയും വിശ്രമമില്ലാത്ത അവസ്ഥ. എല്ലാ കാര്യങ്ങളിലും വിഷമിക്കുക, ചെറിയ കാര്യങ്ങൾക്കു പോലും വെപ്രാളം കാണിക്കുക തുടങ്ങിയവ ഉത്കണ്ഠാരോഗത്തിന്റെ ലക്ഷണമാണ്. ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, ശരീരമാസകലം പല തരത്തിലുള്ള വേദനകൾ, പെരുപ്പ് എന്നീ ലക്ഷണങ്ങളും ആൻസൈറ്റി ഡിസോഡറിനുണ്ടാകാം. ഉത്കണ്ഠാരോഗവും മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കാം.

ഒരുപാട് കാരണങ്ങളിലൂടെയാണ് ഒരാൾ ആത്മഹത്യയിലേക്ക് എത്തുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളാണ് അതിൽ പ്രധാനം.

1. വിഷാദരോഗം
മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഏറെ അപകടകാരിയാണ് ചികിത്സിക്കപ്പെടാത്ത വിഷാദരോഗം. വിഷാദത്തിനുള്ള കാരണം എന്താണെന്നും അതിനു ചികിത്സ വേണമെന്നുള്ളതും ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

2. ബോർഡർലൈൻ പഴ്സനാലിറ്റി ഡിസോഡർ
ചില ആളുകൾക്ക് സ്വഭാവത്തിൽത്തന്നെ എപ്പോഴും ഒരുതരം ആവേശമുണ്ടാകും. വികാരങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളവരും എടുത്തുചാട്ടക്കാരും ഈ വിഭാഗത്തിൽപെടും. ഇവർക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. അകമേ ശൂന്യത ഇവർക്ക് അനുഭവപ്പെടാറുമുണ്ട്. ഇങ്ങനെ സ്വഭാവമുള്ളവർക്കിടയിലും ആത്മഹത്യാശ്രമങ്ങൾ അധികമായി കാണാറുണ്ട്. ഇതു പലപ്പോഴും സുഹൃത്തിന്റെയോ പങ്കാളിയുടെയോ ശ്രദ്ധ കിട്ടാനോ കുടുംബാംഗങ്ങളെയാരെയെങ്കിലും പേടിപ്പിക്കാനോ ഉള്ള ശ്രമമാകാം. പക്ഷേ ചില സാഹചര്യങ്ങളിൽ കളി കാര്യമായി ആത്മഹത്യയിലേക്ക് എത്തിയെന്നും വരാം. 

3. ലഹരി വസ്തുക്കളുടെ ഉപയോഗം
മദ്യം, കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കാരണം ആത്മഹത്യയിലേക്കു പോകുന്ന പലരുമുണ്ട്.

4. സമ്മർദം നിറഞ്ഞ ജീവിതസാഹചര്യങ്ങൾ
പ്രശ്നങ്ങൾ വരുമ്പോൾ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവർ ധാരാളമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങൾക്കുള്ള പരിഹാരം ആത്മഹത്യയാണ്. സാമ്പത്തികമായോ ബന്ധങ്ങളിലോ പ്രശ്നം വരിക, പ്രിയപ്പെട്ടവർക്ക് മാരക രോഗം പിടിപെടുക എന്നീ സാഹചര്യങ്ങൾ വന്നാൽ പിടിച്ചുനിൽക്കാൻ കഴിയാത്തവരായി അനവധി പേരുണ്ട്. അങ്ങനെയുള്ളവർ പലപ്പോഴും പ്രശ്ന പരിഹാരമായി ആത്മഹത്യയെ തെറ്റിദ്ധരിക്കുകയും അതിനു ശ്രമിക്കുകയും ചെയ്യും.

Tags