അസിഡിറ്റിക്ക് ഇതാ പ്രതിവിധി

google news
acidity

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമണ് ഇടയ്ക്കിടെ ഉണ്ടാകുന്ന വയറുവേദനയും അസിഡിറ്റിയും. ഇവയെ അകറ്റാന്‍ വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്ന ചില എളുപ്പ മാര്‍ഗ്ഗങ്ങളുണ്ട്. വയറുവേദനയ്ക്കും അസിഡിറ്റിക്കും വീട്ടില്‍ തന്നെ പരിഹാരം നല്‍കുന്നതാണ് അയമോദകം.

ഇതിലടങ്ങിയ തൈമോള്‍ എന്ന ഘടകം വയറ്റില്‍ നിന്ന് ഗ്യാസുണ്ടാക്കുന്ന നീര് പുറത്ത് വിടാന്‍ പ്രേരിപ്പിക്കുകയും അത് വഴി വയറ്റിലെ പിഎച്ച് തോത് നിലനിര്‍ത്തുക മാത്രമല്ല ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

അയമോദകം ചവയ്ക്കുക

അസിഡിറ്റി അല്ലെങ്കില്‍ ഗ്യാസ് വര്‍ദ്ധിക്കുന്നത് കൊണ്ട് വയറുവേദന വരാം. വയറുവേദനയും അസിഡിറ്റിയും മാറ്റാന്‍ കഴിവുള്ള ഒന്നാണ് അയമോദകം. ഒരു സ്പൂണ്‍ നിറയെ അയമോദകക്കുരു എടുത്ത് ചവച്ച് അതിന്റെ നീര് ഇറക്കുകയും അതിന് പുറകെ ഒരു കപ്പ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക. ഏതാനും മിനുട്ടുകള്‍ക്കകം ആശ്വാസം ലഭിക്കും.

അയമോദക വെള്ളം

ഒരു സ്പൂണ്‍ അയമോദകക്കുരു, ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് പകുതിയായി വറ്റിക്കുക. ഇതിലെ വെള്ളം ഊറ്റിയെടുത്ത് അസിഡിറ്റി, വയര്‍ സ്തംഭനം എന്നിവയുള്ളപ്പോള്‍ കുടിക്കാം.

അയമോദകവും വെറ്റിലയും

ഏതാനും അയമോദകക്കുരു ഒരു വെറ്റിലയില്‍ പൊതിഞ്ഞ് വായ്ക്കുള്ളിലേക്ക് വെയ്ക്കുക. ഇതിന്റെ നീര് കഴിയുന്നിടത്തോളം സമയം ഇറക്കുക. ദഹനം മെച്ചപ്പെടുത്താനും ശാരീരിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്ന എന്‍സൈമുകള്‍ ഉമിനീര്‍ ഗ്രന്ഥികളില്‍ നിന്ന് പുറത്ത് വിടാനും വെറ്റില സഹായിക്കും.

ചൂട് വെയ്ക്കല്‍

ഒരു കപ്പ് അയമോദകം നിറം മാറുന്നത് വരെ വറുക്കുക. ഇത് ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് കെട്ടുക. വയറ്റില്‍ അല്ലെങ്കില്‍ ഗ്യാസ് മൂലം പ്രശ്നമുള്ള ഭാഗത്ത് വെച്ച് ചൂട് പിടിക്കുക. അതിന് അധികം ചൂട് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

അയമോദകവും ചതച്ച ഇഞ്ചിയും

അല്പം അയമോദകവും ഒരു കഷ്ണം ചതച്ച ഇഞ്ചിയും ഒരു പാത്രത്തിലെടുത്ത് ഒരു ഗ്ലാസ്സ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പകുതിയായി വറ്റിച്ചെടുക്കുക. ഇത് ചൂടോടെ കുടിക്കുക. നല്ല ദഹനം ലഭിക്കാനും ഗ്യാസ് സംബന്ധമായ വേദന പരിഹരിക്കാനും ഇഞ്ചി ഫലപ്രദമാണ്.

Tags