20 വയസ്സിന് മുമ്പ് പുകവലി തുടങ്ങിയവർ ശ്രദ്ധിക്കണം! ശരീരത്തെ കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളോ?

smoking

നിരവധിപ്പേരുടെ ജീവൻ കവരാൻ കാരണക്കാരനായ ഒന്നാണ് പുകവലി. പലരുടെയും സന്തോഷവും ആരോഗ്യവും ഒരുപോലെ തകർത്തെറിഞ്ഞ പ്രധാന വില്ലൻ ഈ ദുശ്ശീലം തന്നെയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കൗതുകത്തിനായി തുടങ്ങി പിന്നീട് അതിന് അടിമകളായി മാറുന്നവരാണ് ഏറെയും. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ബോധമുണ്ടായാലും, ആ ശീലത്തിൽ നിന്ന് പുറത്തുകടക്കാൻ പലർക്കും സാധിക്കാറില്ല എന്നതാണ് കഠിനമായ സത്യം. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ജീവന് തന്നെ ആപത്തായ ഹൃദയസംബന്ധമായ ഗുരുതര അവസ്ഥകളിലേക്ക് ആളുകളെ വേഗത്തിൽ എത്തിക്കുന്നത് ഈ ശീലമാണ്.

ഒരാൾ ഏത് പ്രായത്തിൽ പുകവലി ആരംഭിക്കുന്നു എന്നത് അയാളുടെ ദീർഘകാല ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. കൊറിയയിൽ 90 ലക്ഷത്തിലധികം മുതിർന്നവരിൽ നടന്ന ഒരു പഠനം ആണ് ഈ കര്യം പറയുന്നത്. 20 വയസ്സിന് മുമ്പ് പുകവലി തുടങ്ങുന്നവർക്ക്, പിന്നീട് പുകവലി ആരംഭിച്ചവരേക്കാൾ പക്ഷാഘാതം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഈ പഠനം പറയുന്നു.

20 വയസ്സിന് മുമ്പ് പുകവലി ആരംഭിച്ചവരിൽ പക്ഷാഘാത സാധ്യത 78% വരെ വർദ്ധിക്കുന്നതായി കാണപ്പെടുന്നു. പുകവലിക്കുന്ന സിഗരറ്റുകളുടെ ആകെ എണ്ണത്തേക്കാൾ ഉപരിയായി പുകവലി തുടങ്ങുന്ന പ്രായം ഒരു പ്രധാന അപകട ഘടകമാണ്. പുകയില രക്തക്കുഴലുകളെ നശിപ്പിക്കുകയും, രക്തം കട്ടപിടിക്കുന്നത് വർദ്ധിപ്പിക്കുകയും, രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. കൗമാരപ്രായത്തിൽ ശരീരവും മസ്തിഷ്ക കലകളും വളർച്ചാ ഘട്ടത്തിലായതിനാൽ, ഈ സമയത്തെ പുകയില ഉപയോഗം കൂടുതൽ ദോഷം ചെയ്യുന്നു.

ചെറുപ്പത്തിൽ പുകവലി തുടങ്ങുന്നത് നിക്കോട്ടിനോടുള്ള ശക്തമായ അടിമത്തത്തിന് കാരണമാകുന്നു. ഇത് പുകവലി നിർത്തുന്നത് കൂടുതൽ പ്രയാസകരമാക്കുകയും ജീവിതകാലം മുഴുവൻ പുകയില ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ പുകവലി തുടങ്ങുന്നവരിൽ മരണസാധ്യതയും കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ യുവാക്കൾ പുകവലി തുടങ്ങുന്നത് തടയുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ ആരോഗ്യ മാറ്റങ്ങൾ കൊണ്ടുവരും.

Tags