പുകവലി ഒരു ശീലമാണോ? അറിയാതെ പോകല്ലേ, ഈ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പലരും അത് അവഗണിക്കാറുണ്ട്. എന്നാൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മുതൽ കാൻസർ വരെയുള്ള മാരക രോഗങ്ങൾക്ക് പുകവലി എങ്ങനെയാണ് വഴിതുറക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. പുകവലി വരുത്തിവെക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
വലിക്കുന്ന ഓരോ സിഗരറ്റും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി മാറുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസവും ഒരു സിഗരറ്റ് വലിക്കുന്നത് പോലും പുരുഷന്മാരിൽ ഹൃദ്രോഗ സാധ്യത 48 ശതമാനവും സ്ത്രീകളിൽ 57 ശതമാനവും വർധിപ്പിക്കുന്നുവെന്ന് ബിഎംജെ പഠനം പറയുന്നു.
ഓരോ വർഷവും ഏകദേശം 8 ദശലക്ഷം ആളുകളാണ് പുകവലി കാരണം മരണത്തിനു കീഴടങ്ങുന്നത്. ദിവസേനയുള്ള പുകവലി രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പുകയിലയിലെ നിക്കോട്ടിൻ ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നും പഠനങ്ങൾ പറയുന്നു.
പുകവലിയുടെ ദോഷഫലങ്ങൾ
കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു : പുകവലി ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണകളിൽ ഒന്നാണ് കൂടാതെ തൊണ്ട, വായ, അന്നനാളം, പാൻക്രിയാസ്, മൂത്രസഞ്ചി എന്നിവയ്ക്കും ഇത് കാരണമായി തീരുന്നു
ശ്വസന പ്രശ്നങ്ങൾ : ദീർഘകാല പുകവലി ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയ്ക്ക് കാരണമായി മാറുന്നു
ഹൃദ്രോഗം : പുകവലി രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുകയും ഓക്സിജൻ ഒഴുക്ക് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു.
ദുർബലമായ രോഗപ്രതിരോധ ശേഷി : പുകവലിക്കാരുടെ രോഗപ്രതിരോധ ശേഷി ദുർബലമാകുന്നതിനാൽ അണുബാധകൾ പെട്ടന്ന് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും
അകാല വാർദ്ധക്യം : സിഗരറ്റിലെ വിഷവസ്തുക്കൾ ചർമ്മകോശങ്ങളെ നശിപ്പിക്കുകയും ചുളിവുകൾക്ക് കാരണമാവുകയും ചെയ്യുന്നു.
പ്രത്യുൽപാദന ശേഷി കുറയുന്നു : പുകവലി പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദന ശേഷിയെ ബാധിക്കുന്നു, പ്രത്യുൽപാദന കോശങ്ങളെ നശിപ്പിക്കുകയും ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ദന്ത പ്രശ്നങ്ങൾ : പുകവലി മോണരോഗം, പല്ല് ക്ഷയം, നിരന്തരമായ വായ്നാറ്റം എന്നിവയിലേക്ക് നയിക്കുന്നു.
മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ : പുകവലി പലപ്പോഴും സമ്മർദ്ദം കുറയ്ക്കുന്ന ഒരു മാർഗമായി ഉപയോഗിക്കാറുണ്ടെങ്കിലും,
ദീർഘകാലാടിസ്ഥാനത്തിൽ പുകവലിക്കുന്നത് ഉത്കണ്ഠയും വിഷാദവും കൂടുതൽ വഷളാക്കും.
.jpg)


