സ്മോളും പണി തരും;മരണസാധ്യത കൂട്ടുമെന്ന് പഠനം


അൽപമൊന്നു റിലാക്സാവാൻ മദ്യത്തെ ആശ്രയിക്കുന്നവരുണ്ട്. ആഴ്ചയിലൊരിക്കലേ മദ്യപിക്കുന്നുള്ളൂ എന്നാണ് ഇവരുടെ ന്യായീകരണം. എന്നാൽ അതും അത്ര സുരക്ഷിതമല്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്. അത്തരം മദ്യപാനവും മസ്തിഷ്കത്തിന് തകരാറുണ്ടാക്കിയേക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ന്യൂറോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ മസ്തിഷ്കത്തിന് കേടുപാടുകൾ സംഭവിക്കുകയും നാഡീസംബന്ധമായ തകരാറുകളുണ്ടാവുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. ഇത് ഓർമക്കുറവ്, വൈജ്ഞാനിക പ്രവർത്തനങ്ങളുടെ അപചയം, അൽഷൈമേഴ്സ് ഡിസീസ് എന്നിവയ്ക്കും കാരണമാകും. എന്നാൽ, ഇത് ആധികാരികമായി തെളിയിക്കപ്പെട്ടതല്ല, ഗവേഷണത്തിലെ ഒരു കണ്ടെത്തൽ മാത്രമാണെന്ന് പഠനത്തിൽ പറയുന്നുണ്ട്.

ഏകദേശം എഴുപത്തിയഞ്ചു വയസ്സ് പ്രായമുള്ള മരിച്ചവരുടെ 1700 പേരുടെ മസ്തിഷ്കകോശം പരിശോധിച്ചാണ് പഠനം നടത്തിയത്. ഇവരിലെ മദ്യ ഉപഭോഗത്തേക്കുറിച്ച് വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് മദ്യവും മസ്തിഷ്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായത്. മദ്യപിക്കാത്തവരെ അപേക്ഷിച്ച് മദ്യപാനികളിൽ തലച്ചോറിന് ക്ഷതം സംഭവിക്കാനുള്ള സാധ്യത 133 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. മദ്യപാനം ഉപേക്ഷിച്ചവരിൽ 89 ശതമാനവും മിതമായി മദ്യപിക്കുന്നവരിൽ 60 ശതമാനവും കൂടുതലാണെന്ന് കണ്ടെത്തി.
അമിതമായി മദ്യപിക്കുന്നവരിൽ അൽഷൈമേഴ്സുമായി ബന്ധപ്പെട്ട മസ്തിഷ്ക തകരാറുകൾ കൂടുതലാണെന്നും മദ്യപിക്കാത്തവരെ അപേക്ഷിച്ച് 13 വർഷം മുമ്പേ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു. അമിതമായി മദ്യപിക്കുന്നവരിൽ മസ്തിഷ്കക്ഷതത്തിന്റെ അടയാളങ്ങൾ കണ്ടെത്തി, ഇത് മസ്തിഷ്കാരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഓർമ, ചിന്ത തുടങ്ങിയവയേയും സാരമായി ബാധിക്കും- പഠനത്തിൽ പങ്കാളിയായ ഗവേഷകൻ ആൽബെർട്ടോ ഫെർണാണ്ടോ ഒലിവെയ്റ ജസ്റ്റോ പറഞ്ഞു.