രാത്രിയിൽ ഇടയ്ക്കിടെ ഉണരുന്നത് വെറുമൊരു ഉറക്കപ്രശ്നമല്ല ; കാൻസർ സൂചനയാകാം
"രാത്രിയിൽ കൃത്യമായ ഉറക്കം ലഭിക്കാതെ നിങ്ങൾ പ്രയാസപ്പെടുന്നുണ്ടോ? എങ്കിൽ അത് വെറുമൊരു ഉറക്കപ്രശ്നമായി തള്ളിക്കളയരുത്. നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങൾക്കപ്പുറം, ശരീരത്തിനുള്ളിൽ വളരുന്ന ഗുരുതരമായ അസുഖങ്ങളുടെ സൂചന കൂടിയാകാം ഇത്തരം അസ്വസ്ഥതകൾ. വിട്ടുമാറാത്ത ഉറക്കമില്ലായ്മയും രാത്രിയിൽ വസ്ത്രം നനയുന്ന തരത്തിലുള്ള അമിത വിയർപ്പും കാൻസറിന്റെ ലക്ഷണങ്ങളാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണ് കാൻസർ എന്നതുകൊണ്ട് തന്നെ, ഈ രണ്ട് ലക്ഷണങ്ങളെയും നാം എങ്ങനെ നോക്കിക്കാണണം എന്ന് പരിശോധിക്കാം."
എന്താണ് ഉറക്കമില്ലായ്മ?രാത്രിയിൽ കുറേ ദിവസങ്ങളിൽ അടുപ്പിച്ച് ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കക്കുറവ് വരുന്ന അവസ്ഥയാണിത്. ഈ അവസ്ഥ ഏറെ ദിവസം നീണ്ടു നിന്നാൽ ആരോഗ്യത്തെയും രോഗപ്രതിരോധശക്തിയെയും മാനസികാരോഗ്യത്തെയും ബാധിക്കും. പ്രധാനമായും സമ്മർദം, ഉത്കണ്ഠ, ഹോർമോൺ അസന്തുലനം, സ്ക്രീൻ ടൈമും കഫീന്റെ ഉപയോഗവും അടക്കമുള്ള ജീവിതശൈലി ചില രോഗാവസ്ഥകൾ ഇവയെല്ലാമാണ് ഉറക്കക്കുറവിന് കാരണമാകുന്നത്. മറ്റ് ലക്ഷണങ്ങളോടൊപ്പം ഉറക്കക്കുറവും ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം.
രാത്രി വിയർക്കൽസാധാരണ താപനിലയിൽ വസ്ത്രങ്ങളും ബെഡ്ഷീറ്റും ഉൾപ്പെടെ നനയുന്ന രീതിയിൽ തുടർച്ചയായി വിയർക്കുന്ന അവസ്ഥയാണിത്. പനി അല്ലെങ്കിൽ അണുബാധകൾ, ആർത്തവ വിരാമം പോലുള്ള ഹോർമോൺ വ്യതിയാനങ്ങൾ, ചില മരുന്നുകൾ, ഉത്കണ്ഠ, സമ്മർദം ഇവയെല്ലാമാണ് രാത്രി വിയർക്കുന്നതിനു കാരണം. ചില കേസുകളിൽ ഇത് മറ്റ് ഗുരുതരാവസ്ഥകൾ മൂലവും വരാം.
എപ്പോഴാണ് ഈ ലക്ഷണങ്ങൾ കാൻസറിന്റെ സൂചനയാകുന്നത്?ഉറക്കമില്ലായ്മയും രാത്രി വിയർക്കലും മാത്രം ഉണ്ടെങ്കിൽ കാൻസർ ഉണ്ട് എന്നർഥമില്ല. ഇവയോടൊപ്പം മറ്റ് ചില ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ അത് ലിംഫോമ, ലുക്കീമിയ തുടങ്ങിയ കാൻസറുകളുടെ സൂചനയാകാം. ഉറക്കമില്ലായ്മയും രാത്രി വിയർക്കലും ഉള്ളവരിൽ താഴെ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും കൂടി ഉണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
∙ അകാരണമായി ശരീരഭാരം കുറയുക.
∙ നീണ്ടു നിൽക്കുന്ന ക്ഷീണം
∙ അണുബാധയില്ലാതെ തന്നെ പനി വരുക
∙ ലിംഫ് ഗ്രന്ഥികൾക്ക് വീക്കം
∙ വിശപ്പില്ലായ്മ
നേരത്തെയുള്ള രോഗനിർണയം രോഗമുക്തിക്ക് സഹായകമാകും. കാൻസർ ഉൾപ്പെടെയുള്ള പല ഗുരുതര രോഗങ്ങളും വളരെ ചെറിയ ലക്ഷണങ്ങളോടെയാകും ആരംഭിക്കുന്നത്. ദൗർഭാഗ്യവശാൽ ഈ ലക്ഷണങ്ങളെ പലപ്പോഴും നാം നിസ്സാരമായി കരുതും. എത്രകാലം ലക്ഷണങ്ങൾ തുടരുന്നു എന്ന് ശ്രദ്ധിക്കണം എന്നും ഉറക്കരീതിയിലുണ്ടാകുന്ന മാറ്റത്തെ അവഗണിക്കരുതെന്നും ആഴ്ചകളോളം ഈ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ വൈദ്യപരിശോധന നടത്തണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
.jpg)


