ഉറക്കശീലത്തിലെ ഈ മാറ്റം നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും

sleeping

 നല്ല നിലവാരമുള്ള ഉറക്കം ലഭിക്കുന്നവര്‍ ഹൃദ്രോഗം, അര്‍ബുദം പോലുള്ള കാരണങ്ങളാല്‍ മരണപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യവും കൂടുതലായിരിക്കും.

ഇനി പറയുന്ന ഉത്തമ ഉറക്കശീലങ്ങള്‍ ഉള്ളവര്‍ ദീര്‍ഘകാലം ജീവിക്കുമെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്കൂള്‍ ആന്‍ഡ് ഇന്‍റേണല്‍ മെഡിസിനിലെ ക്ലിനിക്കല്‍ ഫെലോ ഡോ. ഫ്രാങ്ക് ക്വിയാന്‍ പറയുന്നു.

1. ഓരോ രാത്രിയിലും ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായ ഉറക്കം

2. മിക്കവാറും രാത്രികളിലെല്ലാം എളുപ്പത്തില്‍ ഉറങ്ങാന്‍ സാധിക്കുക

3. മിക്കവാറും രാത്രികളിലെല്ലാം തുടര്‍ച്ചയായി തടസ്സങ്ങളില്ലാതെ നല്ല  ഉറക്കം ലഭിക്കുക  

4. രാവിലെ എഴുന്നേല്‍ക്കുമ്പോൾ  ക്ഷീണമൊന്നുമില്ലാതെ എഴുന്നേല്‍ക്കാന്‍ സാധിക്കുക

5. ഉറങ്ങാന്‍ മരുന്നുകള്‍ ഒന്നും ഉപയോഗിക്കേണ്ടതില്ലാത്ത അവസ്ഥ

ഈ ഘടകങ്ങള്‍ ഉപയോഗിച്ച്  1,72,000 പേരുടെ ഉറക്കത്തിന്‍റെ നിലവാരം അളക്കുന്ന സര്‍വേ 2013നും 2018നും ഇടയില്‍ യുഎസ് സെന്‍റേര്‍സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും നാഷണല്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സും ചേര്‍ന്ന് നടത്തിയിരുന്നു. ഈ അഞ്ച് ഘടകങ്ങളും ഒത്തു വന്നവര്‍ക്ക് അകാലമരണമുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 30 ശതമാനം കുറവാണെന്ന് സര്‍വേയില്‍ കണ്ടെത്തി. ഇവര്‍ക്ക് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 21 ശതമാനവും അര്‍ബുദം മൂലമുള്ള മരണസാധ്യത 19 ശതമാനവും ഇതൊന്നുമല്ലാത്ത അസുഖങ്ങള്‍ മൂലമുള്ള മരണസാധ്യത 40 ശതമാനവും കുറവാണെന്നും സര്‍വേ പറയുന്നു.

ഈ അഞ്ച് ആരോഗ്യകരമായ ഉറക്കശീലങ്ങളുമുള്ള പുരുഷന്മാര്‍ക്ക് 30 വയസ്സിലെ ആയുര്‍ദൈര്‍ഘ്യം മറ്റുള്ളവരെ അപേക്ഷിച്ച് 4.7 വര്‍ഷം അധികമായിരുന്നു. സ്ത്രീകള്‍ക്ക് ഇത് 2.7 വര്‍ഷം അധികമാണെന്നും കണ്ടെത്തി. എന്നാല്‍ നല്ല ഉറക്കം സ്ത്രീകളിലും പുരുഷന്മാരിലും ജീവിതദൈര്‍ഘ്യത്തെ വ്യത്യസ്തമായി സ്വാധീനിക്കുന്നതിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും റിപ്പോർട്ട്‌ പറയുന്നു.

നല്ല ഉറക്കത്തിന് ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം

1. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ പോകുകയും ഒരേ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക. വാരാന്ത്യങ്ങളിലും ഈ ക്രമം തെറ്റിക്കാതെ ഇരിക്കുക

2. കിടപ്പ്മുറി ചൂട് കുറഞ്ഞതും ഇരുണ്ടതും ശാന്തവുമായിരിക്കാന്‍ ശ്രദ്ധിക്കണം

3. ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പു മുറിയിലേക്ക് കൊണ്ടുവരാതിരിക്കുക

4. ഉറക്കത്തിന്  മുന്‍പ് വലിയ അളവിലുള്ള ഭക്ഷണമോ ചായ, കാപ്പി പോലെ കഫൈയ്ന്‍ അടങ്ങിയ പാനീയങ്ങളോ മദ്യമോ ഒഴിവാക്കുക

5. നിത്യവും വ്യായാമം ചെയ്യുക. ഇത് വേഗം ഉറങ്ങാന്‍ സഹായിക്കും.

Tags