തുടർച്ചയായി 5 ദിവസം ഉറക്കക്കുറവോ? രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാം
ഉറക്കം കുറയുന്നത് ക്ഷീണത്തിനും ഉന്മേഷക്കുറവിനും മാത്രമല്ല, ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും ബാധിക്കാം. തുടർച്ചയായി അഞ്ച് രാത്രികളിൽ അഞ്ച് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉറക്കക്കുറവ് ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയ്ക്കാനും വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളിലും സമ്മർദവുമായി ബന്ധപ്പെട്ട ഹോർമോണുകളിലും മാറ്റങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. ഇത് ശരീരത്തിന് ഗ്ലൂക്കോസ് ഫലപ്രദമായി നിയന്ത്രിക്കുന്നത് കൂടുതൽ പ്രയാസകരമാക്കാം. അഞ്ച് ദിവസത്തെ ഉറക്കക്കുറവ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് നോക്കാം.
രക്തത്തിൽ നിന്ന് ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഹോർമോണായ ഇൻസുലിനോട് ശരീരം വേണ്ടത്ര പ്രതികരിക്കാതാകാൻ ഉറക്കക്കുറവ് കാരണമാകുമെന്ന് പിഎസ്ആർഐ ആശുപത്രിയിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഹിമിക ചൗള വ്യക്തമാക്കി. ഇത് പ്രത്യേകിച്ച് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ ഇടയാക്കും.
അഞ്ച് രാത്രികളിലെ മോശം ഉറക്കം രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുന്നു?
തുടർച്ചയായി അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുമ്പോൾ, ശരീരത്തിന് ഇൻസുലിനോടുള്ള സംവേദനക്ഷമത കുറയാം. ഇതിന്റെ ഫലമായി, ഗ്ലൂക്കോസ് കാര്യക്ഷമമായി കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടാതെ വരികയും രക്തത്തിൽ ഉയർന്ന അളവിൽ ഗ്ലൂക്കോസ് നിലനിൽക്കുകയും ചെയ്യാം. "ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്ന ഇൻസുലിൻ ഹോർമോണിനോട് ശരീരം പ്രതികരിക്കാതിരിക്കാൻ കാരണമാകും. ഇത് പ്രത്യേകിച്ച് ആഹാരത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാം," ഡോ.ചൗള പറഞ്ഞു.
ഉറക്കമില്ലായ്മ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കുകയും കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് കാലറി കൂടിയ ഭക്ഷണങ്ങളോടുള്ള ആസക്തിയും വിശപ്പും കൂട്ടാൻ ഇടയാക്കും. ഫലത്തിൽ, ഇത് ഭക്ഷണരീതിയെ ബാധിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, ഓരോ വ്യക്തിയുടെയും ആരോഗ്യം, ജീവിതശൈലി, നിലവിലെ ഉപാപചയ റിസ്ക് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഈ പ്രത്യാഘാതങ്ങളുടെ അളവിൽ വ്യത്യാസമുണ്ടാകാം.
പ്രമേഹമോ പ്രീഡയബറ്റിസോ ഉള്ളവർക്ക് ഉറക്കക്കുറവ് കൂടുതൽ ആശങ്കാജനകമാകുന്നത് എന്തുകൊണ്ട്?
"ഉറക്കം കുറയുന്നത് പ്രമേഹമോ പ്രീഡയബറ്റിസോ ഉള്ളവരുടെ ഉപാപചയ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും," ഡോ.ചൗള വിശദീകരിച്ചു. പ്രമേഹമുള്ളവരിൽ ഉറക്കക്കുറവ് ഗ്ലൂക്കോസിന്റെ അളവ് കൂട്ടുകയും ദിവസേനയുള്ള വ്യതിയാനങ്ങൾ വർധിപ്പിക്കുകയും ചെയ്യാം. പ്രീഡയബറ്റിസ് ഉള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമായി നിലനിർത്താൻ കൂടുതൽ പ്രയാസമായിരിക്കും.
എന്നിരുന്നാലും, അഞ്ച് രാത്രികളിൽ ഉറക്കം കുറഞ്ഞു എന്നതുകൊണ്ട് മാത്രം ഒരാൾക്ക് പ്രമേഹം വരണമെന്നില്ല. പാരമ്പര്യം, ശരീരഭാരം, ആഹാരക്രമം, വ്യായാമം, ദീർഘകാല ഉറക്ക ശീലങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ പ്രമേഹ സാധ്യതയെ സ്വാധീനിക്കുന്നുണ്ട്.
ഉറക്കക്കുറവിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ സാധാരണ നിലയിലാക്കാം?
"സാധാരണയായി, മുതിർന്നവർക്ക് ഒരു രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്," ഡോ.ചൗള വ്യക്തമാക്കി. നല്ല ഉറക്കവും ഉപാപചയ ആരോഗ്യവും ഉറപ്പാക്കാൻ, ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം പാലിക്കുക, സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവ അവർ നിർദേശിച്ചു. വൈകുന്നേരങ്ങളിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുന്നതും ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് വലിയ അളവിൽ ഭക്ഷണം കഴിക്കാതിരിക്കുന്നതും സഹായകരമാകും.
പ്രമേഹരോഗികൾ കൃത്യസമയത്ത് മരുന്നുകൾ കഴിക്കാനും നിർദേശാനുസരണം രക്തത്തിലെ പഞ്ചസാര പരിശോധിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഡോക്ടറുടെ ഉപദേശമില്ലാതെ മരുന്നുകളുടെ അളവിൽ മാറ്റം വരുത്താനോ ഉറക്കക്കുറവ് പരിഹരിക്കാൻ സ്വന്ത നിലയ്ക്ക് മറ്റ് ശ്രമങ്ങൾ നടത്താനോ പാടില്ല.
ഉറക്ക പ്രശ്നങ്ങൾ തുടരുകയോ രക്തത്തിലെ പഞ്ചസാരയിൽ അസാധാരണമായ വ്യതിയാനങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ ഡോക്ടറെ കാണേണ്ടതുണ്ട്. സമീകൃതാഹാരം, പതിവ് വ്യായാമം, കൃത്യമായ വൈദ്യപരിചരണം എന്നിവയ്ക്കൊപ്പം ഉറക്കം മെച്ചപ്പെടുത്തുന്നതും ഉപാപചയ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
.jpg)

