സെക്സിലേര്‍പ്പെടാതെയും ലൈംഗികരോഗങ്ങള്‍ വരാം...

sex health
sex health
ലൈംഗികരോഗങ്ങളെ കുറിച്ച് പല വിവരങ്ങളും നിങ്ങള്‍ നേരത്തെ മനസിലാക്കിയിരിക്കും. എന്നാല്‍ പല ലൈംഗികരോഗങ്ങളും ലൈംഗികബന്ധത്തിലൂടെ മാത്രമല്ല പിടിപെടുന്നത്. ഇക്കാര്യം അധികപേരുടെയും ധാരണയില്‍ ഇല്ല എന്നതാണ് വാസ്തവം.

ലൈംഗികരോഗങ്ങള്‍ ആയാലും അവ പകരുന്ന രീതി എല്ലായ്പോഴും ലൈംഗികബന്ധം തന്നെ ആകണമെന്നില്ല. അത്തരത്തില്‍ ലൈംഗികരോഗങ്ങള്‍ പിടിപെടാവുന്ന മറ്റ് സാഹചര്യങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്നറിയാം...

ഒന്ന്...

ഉമ്മ വയ്ക്കുന്നതിലൂടെ രോഗകാരികള്‍ ശരീരത്തിലെത്താനുള്ള സാധ്യതകളുണ്ട്. എച്ച്എസ്‍വി-1, എച്ച്എസ്‍വി-2, സൈറ്റോമെഗലോവൈറസ്, സിഫിലിസ് എന്നീ രോഗകാരികളെല്ലാം ഉമിനീരിലൂടെയും പകരാൻ സാധ്യതയുള്ളവയാണ്. എല്ലാ സന്ദര്‍ഭങ്ങളിലും രോഗബാധയുണ്ടാകണമെന്നില്ല. വായില്‍ മുറിവുകള്‍ ഉള്ളപ്പോഴാണ് ഇതിന് സാധ്യത കൂടുതല്‍. എന്നാല്‍ റിസ്ക് ഉണ്ട് എന്നത് തിരിച്ചറിയുക.

രണ്ട്...

ഓറല്‍ സെക്സും പലപ്പോഴും ലൈംഗികരോഗങ്ങള്‍ പകരുന്നതിന് ഇടയാക്കാം. ക്ലമീഡിയ, ഗൊണേറിയ തുടങ്ങിയ ലൈംഗികരോഗങ്ങളെല്ലാം ഇത്തരത്തില്‍ ഓറല്‍ സെക്സിലൂടെ പകരുന്നവയാണ്.

മൂന്ന്...

ചില സന്ദര്‍ഭങ്ങളില്‍ മുലക്കണ്ണിലൂടെയും രോഗകാരികള്‍ ശരീരത്തിലേക്ക് കടക്കാം. ഇതും 'ഓറല്‍ സ്റ്റിമുലേഷൻ' വഴിയാണ് സംഭവിക്കുക.

നാല്...

ഉമിനീരിലൂടെ രോഗാണുക്കള്‍ പകരുമെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. ഇതിന്‍റെ ഭാഗമായി ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യമാണിനി പങ്കുവയ്ക്കുന്നത്. ടൂത്ത് ബ്രഷിന്‍റെ ഉപയോഗം. രോഗമുള്ളയാളുടെ ടൂത്ത് ബ്രഷ് അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചാല്‍ ഇതും രോഗം പകരാനുള്ള സാധ്യതയുണ്ടാക്കുന്നു.

അഞ്ച്...

നമുക്കറിയാം എയ്ഡ്സ് അല്ലെങ്കില്‍ എച്ച്ഐവി രക്തത്തിലൂടെ പകര്‍ന്നിട്ടുള്ള എത്രയോ കേസുകളുണ്ട്. സമാനമായി രക്തത്തിലൂടെയും ലൈംഗികരോഗങ്ങള്‍ പകരാം.

ആറ്...

സെക്സ് ടോയ്സ് വളരെ വ്യക്തിപരമായി ഉപയോഗിക്കേണ്ടതാണ്. ഇത് പരസ്പരം കൈമാറി ഉപയോഗിക്കുന്നതും ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തും.

ലൈംഗികരോഗങ്ങള്‍ പകരാതിരിക്കുന്നതിനായി മറ്റ് വഴികളിലൂടെ ലൈംഗിക സുഖം അന്വേഷിക്കുന്നവരുണ്ട്. എന്നാല്‍ സെക്സിലേര്‍പ്പെടാതെ തന്നെ ഈ രീതികളിലൂടെയെല്ലാം രോഗങ്ങള്‍ പകരാമെന്നത് പലര്‍ക്കും അറിവില്ലെന്നത് രോഗം വീണ്ടും വ്യാപകമാകുന്നതിനേ കാരണമാകൂ. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം നിര്‍ബന്ധമായും ശ്രദ്ധിക്കുക. എപ്പോഴും മുന്നൊരുക്കങ്ങളോടെയും സുരക്ഷിതമായും ലൈംഗികബന്ധത്തിലേര്‍പ്പെടുക. ഒന്നിലധികം പങ്കാളികളുള്ളവര്‍ തീര്‍ച്ചയായും ലൈംഗികസുരക്ഷയെ കുറിച്ച് കൃത്യമായി മനസിലാക്കിവയ്ക്കുക.

Tags