സാരി ധരിക്കുന്നതും കാൻസർ സാധ്യതയും തമ്മിൽ ബന്ധമുണ്ടോ? അറിയാം വസ്തുതകൾ!
കാൻസറിന് കാരണമാകുന്ന പല ഘടകങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ സ്ഥിരമായി ധരിക്കുന്ന സാരിയും കാൻസറിന് കാരണമായേക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതെ, സാരി വളരെ മുറുക്കി അരക്കെട്ടിൽ ചുറ്റുന്ന ശീലം ചില സാഹചര്യങ്ങളിൽ ചർമാർബുദ സാധ്യത വർധിപ്പിച്ചേക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ‘സാരി കാൻസർ’ അഥവാ ‘പെറ്റിക്കോട്ട് കാൻസർ’ എന്നറിയപ്പെടുന്ന ഈ അപൂർവ അവസ്ഥയെക്കുറിച്ച് അറിയേണ്ടതെല്ലാം പരിശോധിക്കാം.
ഗവേഷകർ സാരി കാൻസർ അല്ലെങ്കിൽ പെറ്റിക്കോട്ട് കാൻസർ എന്നുപേരിട്ട അർബുദത്തെ വൈദ്യശാസ്ത്രത്തിൽ മാജോലിൻ അൾസർ എന്നാണ് പറയുന്നത്. സാരിയുടക്കുന്നതിനായി ഉൾവസ്ത്രങ്ങൾ വളരെയധികം മുറുക്കി കെട്ടുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇപ്രകാരത്തിൽ മുറുക്കി വസ്ത്രം ധരിക്കുന്നത് ചർമം ഉരഞ്ഞുപൊട്ടുന്നതിനും ചർമത്തിൽ സമ്മർദമുണ്ടാകുന്നതിനും കാരണമാകും. തന്നെയുമല്ല സ്ഥിരമായി അരക്കെട്ടിലെ ഒരുഭാഗത്തുതന്നെ കെട്ടുവരുന്നത് ആ ഭാഗത്തെ ചർമം ഉരഞ്ഞുപൊട്ടി വ്രണങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
1945കളിൽ ധോത്തി അഥവാ മുണ്ട് അർബുദത്തോട് ചേർത്ത് തന്നെ പറയപ്പെട്ട് തുടങ്ങിയ വാക്കാണ് സാരി അർബുദം. അരക്കെട്ടിൽ വളരെ മുറുക്കി മുണ്ടും അടിപ്പാവാടയുമെല്ലാം ഉടുക്കുന്നതിന്റെ ഫലമായി വരുന്ന സ്ക്വാമസ് സെൽ കാർസിനോമ എന്ന ചർമ്മാർബുദമാണ് ഇത്. സാരി ഉടുക്കുമ്പോൾ അടിയിൽ പാവാട ഇടാതെ പറ്റില്ല. നിരന്തരമായി പാവാടയോ മുണ്ടോ ജീൻസോ ഒക്കെ മുറുക്കി അരയിൽ ചുറ്റുമ്പോൾ അത് ഉരഞ്ഞ് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളുമൊക്കെ ഉണ്ടാകാം. ഈ ചൊറിച്ചിലാണ് അരക്കെട്ടിലെ ചർമ്മാർബുദമായി മാറുന്നത്.
കുറച്ചുനാളുകൾക്ക് മുൻപ് 70 വയസ്സായ സ്ത്രീക്ക് സാരി കാൻസർ റിപ്പോർട്ട് ചെയ്തിരുന്നു. അവരുടെ അരക്കെട്ടിലെ ചർമം ഇരുണ്ടനിറമായിരുന്നു എന്നുമാത്രമല്ല വലതുഭാഗത്തായി വ്രണമുണ്ടായിരുന്നു. ‘ഞാൻ സ്ഥിരമായി സാരി ധരിക്കുമായിരുന്നു. അത് എന്റെ ശരീരത്തെ ഇങ്ങനെ ബാധിക്കുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. ചർമത്തിൽ നിറം മാറ്റത്തോടെയാണ് അസുഖം ആരംഭിച്ചത്. അത് പിന്നീട് മാറാത്ത വേദനയിലേക്ക് നയിച്ചു. ഇത് വലിയൊരു വ്രണമായി മാറി. ചികിത്സിച്ചെങ്കിലും ഇത് ഉണങ്ങുന്നുണ്ടായില്ല. പിന്നീടാണ് ചർമാർബുദമാണെന്ന് രോഗനിർണയം നടത്തുന്നത്.’ രോഗം സ്ഥിരീകരിച്ച വയോധിക ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
2014ൽ സമാനമായ കേസുകൾ ചെന്നൈ, ബെംഗളുരു എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നതായി സൂചനയുണ്ട്. 2020ൽ മുംബൈയിലും ഒരു കേസ് റിപ്പോർട്ട് ചെയ്തതായി സൂചനയുണ്ട്. എന്നാൽ ഈ അസുഖം സ്ത്രീകളിൽ മാത്രമല്ല സ്ഥിരമായി ധോത്തി ധരിക്കുന്ന പുരുഷന്മാരിലും കണ്ടുവരുന്നതായി ഡോക്ടർമാർ പറയുന്നു. സാരിയെ വെറുതെ കുറ്റപ്പെടുത്തരുത് ചർമത്തിൽ അമിതമായി സ്ഥിരമായി ഏൽക്കുന്ന സമ്മർദമാണ് അർബുദത്തിന് കാരണമെന്നും വിദഗ്ധർ പറഞ്ഞു. ഇന്ത്യയിലെ കാലാവസ്ഥയ്ക്കും ഇതിൽ പങ്കുള്ളതായി വിദഗ്ധർ പറയുന്നു. ചർമത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ വിയർപ്പും ഈർപ്പവും ഇറങ്ങി ഇത് കൂടുതൽ വഷളാകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്.
ഒഴിവാക്കാൻ എങ്ങനെയൊക്കെ ശ്രദ്ധിക്കാം ?
അരക്കെട്ടിൽ വസ്ത്രങ്ങൾ മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക
വായുസഞ്ചാരം ഉറപ്പുവരുത്തുക
ശുചിത്വമുള്ളവരായിരിക്കുക
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക
സ്ഥിരമായി ഒരു സ്ഥലത്തുതന്നെ വസ്ത്രങ്ങൾ മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക
.jpg)


