കുങ്കുമപ്പൂവ് പാലിൽ ചേർത്ത് കുടിച്ചോളൂ..

കുങ്കുമപ്പൂവ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ സുഗന്ധവ്യജ്ഞനമാണ് കുങ്കുമപ്പൂവ്. ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവ് ചേർക്കുന്നതിലൂടെ നിറയെ ഗുണങ്ങൾ ലഭിക്കും.
' രുചിയിൽ സമ്പന്നമായ കുങ്കുമപ്പൂവ് മധുരവും രുചികരവുമായ വിഭവങ്ങളിൽ ഉപയോഗിക്കുന്നു. കുങ്കുമപ്പൂവ് സപ്ലിമെന്റേഷൻ വിഷാദരോഗമുള്ളവരിൽ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്...' - കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ പ്രതീക്ഷാ കദം പറഞ്ഞു.
കുങ്കുമപ്പൂവിൽ ക്രോസിൻ, സഫ്രനാൽ, പിക്രോക്രോസിൻ എന്നിവയുൾപ്പെടെയുള്ള ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ വിഷാദരോഗലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
2020-ൽ ജേണൽ ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കുങ്കുമപ്പൂവ് സപ്ലിമെന്റേഷന് കാര്യമായ ആന്റീഡിപ്രസന്റ് ഫലമുണ്ടെന്ന് നിഗമനം ചെയ്തു. ഉത്കണ്ഠയും ഉറക്ക അസ്വസ്ഥതയും കുറയുന്നതുൾപ്പെടെ വിഷാദ രോഗലക്ഷണങ്ങൾ മെച്ചപ്പെട്ടതായി പഠനങ്ങൾ റിപ്പോർട്ട് ചെയ്തു.
കുങ്കുമപ്പൂവിൽ ശ്രദ്ധേയമായ വൈവിധ്യമാർന്ന സസ്യ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. കുങ്കുമപ്പൂവിൽ കാണപ്പെടുന്ന സഫ്രാനാൽ എന്ന സംയുക്തം മാനസികാവസ്ഥ, ഓർമ്മശക്തി, പഠന ശേഷി എന്നിവ മെച്ചപ്പെടുത്താനും അതുപോലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കാനും ഇത് സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
കുങ്കുമപ്പൂവ് കഴിക്കുന്നത് പിഎംഎസ് ലക്ഷണങ്ങളായ തലവേദന, ആസക്തി, വേദന, ഉത്കണ്ഠ എന്നിവയെ കുറയ്ക്കാനും സഹായിക്കുന്നു. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കുങ്കുമപ്പൂവ് പാലിൽ ചേർത്ത് കുടിക്കുകയോ വിഭവങ്ങളിൽ ചേർക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.