ബാക്ടീരിയകളുടെ ആന്‍റിബയോട്ടിക് പ്രതിരോധം മറികടക്കാന്‍ പുതിയ മാര്‍ഗവുമായി ആര്‍ജിസിബി ഗവേഷകര്‍

RGCB researchers develop new way to overcome antibiotic resistance in bacteria
RGCB researchers develop new way to overcome antibiotic resistance in bacteria

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ തടയാനുള്ള മാര്‍ഗം കണ്ടെത്തി ബിആര്‍ഐസി-ആര്‍ജിസിബി (രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി) യിലെ ഗവേഷകര്‍. രോഗകാരികളായ ബാക്ടീരിയകളുടെ മേല്‍പ്പാളിയിലുള്ള 'പോറിന്‍സ്' എന്ന പ്രോട്ടീനുകളെ കണ്ടെത്തുന്നതിലൂടെ ആന്‍റിബയോട്ടിക് ശേഷിയെ പ്രതിരോധിക്കാനുള്ള അവയുടെ കഴിവ് തടയാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. നിലവില്‍ അതീവ ഗുരുതരമായ ആഗോള ആരോഗ്യ ഭീഷണികളില്‍ ഒന്നായി ആന്‍റിബയോട്ടിക് പ്രതിരോധം മാറിയിട്ടുണ്ട്.

tRootC1469263">

ആന്‍റിബയോട്ടിക്കുകളുടെ ഫലപ്രദമായ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിന് പലവിധത്തില്‍ ബാക്ടീരിയകള്‍ പ്രതിരോധം തീര്‍ക്കുന്നു. പോറിനുകളിലെ ചെറിയ പ്രോട്ടീന്‍ ചാനലുകളിലൂടെയാണ് പ്രധാന പ്രതിരോധം. ഇതിലൂടെ മരുന്നുകള്‍ ബാക്ടീരിയയില്‍ പ്രവേശിക്കുന്നു. ഈ പോറിനുകളുടെ എണ്ണം കുറയുമ്പോള്‍ മരുന്നുകള്‍ക്ക് കയറാന്‍ ബുദ്ധിമുട്ടാകും. ഇത്തരത്തില്‍ ആന്‍റിബയോട്ടിക്കിനെതിരെ പ്രവര്‍ത്തിച്ച് ചികിത്സയെ തടസപ്പെടുത്താന്‍ അവയ്ക്ക് സാധിക്കുന്നു.

പോറിനുകളെ ലക്ഷ്യം വച്ചുള്ള സമീപനം ആന്‍റിബയോട്ടിക് പ്രതിരോധം ചെറുക്കാന്‍ സഹായിക്കുമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തി.

ബിആര്‍ഐസി-ആര്‍ജിസിബിയിലെ ഡോ. മഹേന്ദ്രന്‍റെ ലാബിലും ഐഐടി മദ്രാസിലെ ഡോ. അറുമുഖം രാജവേലുവിന്‍റെയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിലെ ഡോ. ജഗന്നാഥ് മണ്ടലിന്‍റെയും ലാബുകളിലായി നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ജര്‍മ്മനിയിലെ വെയ്ന്‍ഹൈമില്‍ നിന്നുള്ള നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ജേണലായ സ്മാളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉയര്‍ന്ന രോഗകാരിയായി ലോകാരോഗ്യ സംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ക്ലെബ്സിയെല്ല ന്യുമോണിയ എന്ന ബാക്ടീരിയയില്‍ സൈംഎകെപി എന്ന പേരിലുള്ള വീര്യമുള്ള പോറിന്‍ ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി. സൈംഎകെപി സൈക്ലിക് ഷുഗറുകളെ കോശത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതായി അത്യാധുനിക ബയോഫിസിക്കല്‍ ചാനല്‍ റെക്കോര്‍ഡിംഗുകളും കമ്പ്യൂട്ടര്‍ സിമിലേഷനുകളും ഉപയോഗിച്ച് ഗവേഷകര്‍ തിരിച്ചറിഞ്ഞു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ആന്‍റിബയോട്ടിക്കുകളെ ഈ വഴിയിലൂടെ കൊണ്ടുപോകാമെന്ന് കണ്ടെത്തി. അമിനോഗ്ലൈക്കോസൈഡുകള്‍ എന്നറിയപ്പെടുന്ന ചില ആന്‍റിബയോട്ടിക്കുകള്‍ക്ക് സൈക്ലിക് ഷുഗറുകളോട് സാമ്യമുണ്ടെന്നും സൈംഎകെപി വഴി ബാക്ടീരിയയിലേക്ക് കടക്കാമെന്നും കണ്ടെത്തി.

ഇതിലുടെ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ബാക്ടീരിയകളുടെ പ്രതിരോധം മറികടക്കുന്നതിനുമുള്ള പുതിയ വഴിയുള്ളതായി ഗവേഷണം തെളിയിച്ചു.

രോഗകാരികളല്ലാത്ത ബാക്ടീരിയകളിലെ പോറിനുകളെ സംബന്ധിച്ച് അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ക്ലിനിക്കലി പ്രാധാന്യമുള്ള, രോഗകാരികളായ, 'എസ്കേപ്പ്' ഗ്രൂപ്പില്‍പ്പെടുന്ന പോറിനുകളെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ല.

സൈംഎകെപി വഴി ആന്‍റിബയോട്ടിക്കുകള്‍ എങ്ങനെ ബാക്ടീരിയയില്‍ എത്തുന്നുവെന്ന്  മനസിലാക്കുന്നതിലൂടെ പ്രതിരോധ ശേഷിയുള്ള രോഗകാരികളെ തോല്‍പ്പിക്കാന്‍ കഴിയുന്ന പുതിയ ചികിത്സാമാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ആന്‍റിബയോട്ടിക്കുകള്‍ക്ക് എതിരെയുള്ള ബാക്ടീരിയ പ്രതിരോധം ആഗോള വൈദ്യശാസ്ത്രത്തിനും പ്രത്യേകിച്ച് ഫാര്‍മക്കോളജിസ്റ്റുകള്‍ക്കും കനത്ത ഭീഷണിയായി മാറിയിരിക്കുന്നതായി ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. പുതിയ കണ്ടെത്തലിലൂടെ ഈ വെല്ലുവിളി നേരിടുന്നതിനും ആന്‍റിബയോട്ടിക്കുകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര ബയോടെക്നോളജി വകുപ്പ്, അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ആര്‍ജിസിബിയുടെ ആഭ്യന്തര ഫണ്ടിംഗ് എന്നിവയാണ് ഗവേഷണത്തിന് ധനസഹായം നല്‍കിയത്.
 

Tags