ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മേഖലയില്‍ വലിയ ഉണര്‍വ്: മുഖ്യമന്ത്രി

dj
dj

തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ മേഖലയ്ക്കാകെ വലിയ ഉണര്‍വ് പകരുന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യ മേഖലയെ കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്കെത്തിക്കാന്‍ സഹായിക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം പിരപ്പന്‍കോട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

tRootC1469263">

ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വാര്‍ഷിക പരിശോധന, മറ്റ് ക്യാമ്പയിനുകള്‍, രോഗനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെയാവും താഴെത്തട്ടില്‍ നടപ്പിലാക്കുക. ജനകീയാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സബ്‌സെന്റര്‍ വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ആവിഷ്‌ക്കരിക്കുന്ന ഏതൊരു പദ്ധതിയുടെയും വിജയം അതിന് പിന്തുണയേകുന്ന ജനകീയ കൂട്ടായ്മകളാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ട കമ്മിറ്റികള്‍ അതേ സമീപനം മുന്‍നിര്‍ത്തി തയ്യാറാക്കിയവയാണ്.

ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഒരുക്കുന്നത്. ആഴ്ചയില്‍ ആറു ദിവസവും ഒമ്പതു മണി മുതല്‍ നാലു മണിവരെ സേവനം ലഭിക്കും. ആശാപ്രവര്‍ത്തകര്‍ക്കു പുറമെ മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ കൂടി വരുന്നതോടെ കൂടുതല്‍ സേവനങ്ങള്‍ ഉപകേന്ദ്രങ്ങള്‍ വഴി നല്‍കാന്‍ സാധിക്കും. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഉപകേന്ദ്രങ്ങള്‍ സ്മാര്‍ട്ടായി മാറുകയാണ്. വൈകാതെതന്നെ ടെലിമെഡിസിന്‍ കേന്ദ്രങ്ങളും ഇവിടങ്ങളില്‍ ഒരുങ്ങും. ജനകീയാരോഗ്യ കേന്ദ്രങ്ങളില്‍ ഒമ്പതുതരം ലാബ് പരിശോധനകളും 36 തരം മരുന്നുകളും ലഭ്യമാണ്. കേരളത്തിലെ ആരോഗ്യമേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളായി ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ മാറും. ജനകീയാരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബുകള്‍ രൂപീകരിക്കുകയാണ്.

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യപ്രവര്‍ത്തകരെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായി തന്നെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകില്ല. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ വകുപ്പുകളോടെയാണ് ഓഡിനന്‍സ് അംഗീകരിച്ചിട്ടുള്ളത്.

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് വന്ദനയുടെ മരണം. കര്‍മ്മനിരതയായ ഒരു ആരോഗ്യപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതും അവര്‍ക്ക് ജീവഹാനി സംഭവിച്ചതും ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ഡോക്ടര്‍ വന്ദനാ ദാസിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമ്മുടെ നാടിനെക്കുറിച്ചു നല്ലത് മാത്രമേ മറ്റെല്ലാവര്‍ക്കും പറയാനുള്ളൂ. അത്തരമൊരു നാടിന്റെ തെറ്റായ ചിത്രം പുറം ലോകവുമായി പങ്കുവെക്കുന്നതിനാണ് ഇത്തരം സംഭവം ഇടയാക്കിയത്.


ആര്‍ദ്രം മിഷന്‍ രൂപീകരിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖല വലിയ തോതിലാണ് കരുത്താര്‍ജിച്ചത്. മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള ശൃംഖലയുടെ ഓരോ കണ്ണിയെയും സവിശേഷമായാണ് പരിഗണിച്ചത്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാംരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. അതില്‍ 630 എണ്ണം കഴിഞ്ഞ മാസത്തോടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയും വൈകാതെ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. അതോടൊപ്പം താലൂക്ക്, ജില്ല ആശുപത്രികളില്‍ വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി. മെഡിക്കല്‍ കോളേജുകള്‍ക്കു വേണ്ടിയാകട്ടെ പ്രത്യേക വികസന പാക്കേജുകള്‍ നടപ്പാക്കുന്നുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാനുള്ള നടപടികളുമെടുത്തു. മെഡിക്കല്‍ കോളേജുകളില്‍ അതിനനുസരിച്ച് മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

ജീവിതശൈലീ രോഗങ്ങള്‍ മറ്റു പല അപകടകരമായ രോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമൂഹത്തിലെ രോഗാതുരത വര്‍ദ്ധിപ്പിക്കുന്നതില്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇതിനായി ജീവിതശൈലീരോഗ നിയന്ത്രണത്തിനായി പ്രത്യേക പരിശോധനാ പദ്ധതി നടപ്പാക്കിവരുന്നു. സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ഹബ്ബ് ആന്‍ഡ് സ്‌പോക്ക് മാതൃകയില്‍ ബന്ധപ്പെടുത്തുന്നതു വഴി ആധുനിക പരിശോധനാ സംവിധാനങ്ങളും ഗുണനിലവാരവും ഉറപ്പാക്കുകയാണ്. അതിന്റെ ഫലം നല്ല രീതിയില്‍ കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനത്തിനാണ് തുടക്കമാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാര്‍ഡുകളിലെ ആരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. എല്ലാ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും അവിടെ നിന്നും നേതൃത്വം നല്‍കുന്ന ഒരു സാഹചര്യമുണ്ടാകണം. അതോടൊപ്പം രോഗ പ്രതിരോധത്തിനും വലിയ പ്രാധാന്യം നല്‍കുന്നു. ജനകീയ പങ്കാളിത്തത്തോടെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രത്തിലൂടെ വിവിധ പരിശോധനകള്‍ നടത്താനാകും. ഗര്‍ഭിണികള്‍, ജീവിതശൈലീ രോഗികള്‍ എന്നിവര്‍ക്ക് ആരോഗ്യ അറിവുകള്‍ ലഭ്യമാക്കുന്നു. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുന്നതിന് ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ കഴിയും.

നമ്മുടെ നെഞ്ചിലെ വേദനയായി ഡോ. വന്ദന നിലനില്‍ക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം ഒരു കാരണവശാലും അനുവദിക്കില്ല. ശിക്ഷയുടെ കാഠിന്യം കൂട്ടിക്കൊണ്ടാണ് പുതിയ ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൊതുസമൂഹത്തിന്റെ സംരക്ഷണ കവചം ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിശിഷ്ടാതിഥിയായി. ഡികെ മുരളി, കെ അന്‍സലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ആസൂത്രണ സമിതി അംഗം ഡോ. ജമീല, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ഐഎസ്എം ഡയറക്ടര്‍ ഡോക്ടര്‍ ഡോ. കെഎസ് പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എംഎന്‍ വിജയാംബിക, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷില കുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി നന്ദു, വാര്‍ഡ് മെമ്പര്‍ ഡി ലതിക, എന്നിവര്‍ പങ്കെടുത്തു.

Tags