പേരയ്ക്ക തൊലിയോടെ കഴിക്കുന്നവർ സൂക്ഷിക്കുക! ചിലർക്ക് പ്രശ്നമാകാം
രുചികരവും ആരോഗ്യപ്രദവുമായ പേരയ്ക്ക ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ശരീരത്തിന് ആവശ്യമായ നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയുടെയെല്ലാം മികച്ചൊരു കലവറയാണ് ഈ ഫലം. മികച്ച ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നതിനുമെല്ലാം പേരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പലരും ഇത് തൊലിയോടുകൂടിയോ അല്ലാതെയോ ഒക്കെയാണ് കഴിക്കാറുള്ളത്.
പേരയ്ക്ക പൊതുവെ വളരെ ആരോഗ്യകരമായ ഒരു പഴമായിട്ടാണ് കണക്കാക്കപ്പെടുന്നതെന്ന് ന്യൂട്രീഷ്യനിസ്റ്റ് ദീപ്സിഖ ജെയിൻ പറയുന്നു. തൊലിയോടെ കഴിക്കുകയാണെങ്കിൽ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ അധിക സൂക്ഷ്മ പോഷകങ്ങൾ ശരീരത്തിൽ ലഭിക്കും. തൊലിയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ദീപ്സിഖ പറയുന്നു.
പക്ഷേ എല്ലാവർക്കും ഇങ്ങനെ കഴിക്കുന്നത് നല്ലതാവണമെന്നില്ല. ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ പേരയ്ക്ക തൊലി നീക്കം ചെയ്ത് കഴിക്കുന്നത് ആവും നല്ലത്. “കൊളസ്ട്രോളും പ്രമേഹവും ഉണ്ടെങ്കിൽ, പേരയ്ക്ക തൊലി കളഞ്ഞശേഷം മാത്രം കഴിക്കുക. പേരയ്ക്ക തൊലിയോടെ കഴിക്കുന്നത് പ്രമേഹത്തെയും കൊളസ്ട്രോളിനെയും വഷളാക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അതുകൊണ്ടാണ്, ഉയർന്ന രക്തസമ്മർദം, പഞ്ചസാര അല്ലെങ്കിൽ ലിപിഡ് പ്രൊഫൈൽ എന്നിവയുണ്ടെങ്കിൽ, തൊലിയില്ലാത്ത പേരയ്ക്ക കഴിക്കുന്നത് കൂടുതൽ നല്ലത്,” എന്നും അവർ പറയുന്നു.
തൊലിയില്ലാതെ കഴിക്കുമ്പോഴുള്ള മറ്റ് ഗുണങ്ങൾ
പ്രമേഹ നിയന്ത്രണം: പെക്റ്റിൻ ഫൈബർ അടങ്ങിയ പേരയ്ക്ക തൊലിയില്ലാതെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വർധനവ് കുറയ്ക്കാനും പ്രമേഹം കൈകാര്യം ചെയ്യാനും സഹായിക്കും.
ഹൃദയാരോഗ്യം: കൊളസ്ട്രോൾ കുറയ്ക്കാനും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും സഹായിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയിഡുകളും പേരയ്ക്കയിൽ ഉണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ആന്റിഓക്സിഡന്റുകൾ: വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകൾ ഇതിൽ കൂടുതലാണ്.
.jpg)


