ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
ഗര്‍ഭകാലത്ത് ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ അത്യാവശ്യമാണ്. മറ്റേതു സമയത്തേക്കാളും. കാരണം കുഞ്ഞിന്റെ ആരോഗ്യം കൂടി പ്രധാനമാണ്. കഴിയ്ക്കാവുന്ന ഭക്ഷണങ്ങളുണ്ട്. ഒഴിവാക്കേണ്ടവയുമുണ്ട്.
യഥാര്‍ത്ഥത്തില്‍ ഗര്‍ഭകാല-ടെന്‍ഷന്‍, സ്‌ട്രെസ് എല്ലാം പല രീതിയില്‍ ഗര്‍ഭിണിയെയും കുഞ്ഞിനെയും ബാധിക്കാം. ഇക്കൂട്ടത്തില്‍ വരുന്ന വളരെ പ്രധാനപ്പെട്ടൊരു വിഷയമാണിനി പങ്കുവയ്ക്കുന്നത്.
ഗര്‍ഭകാലത്ത് അമ്മ ഒരുപാട് സ്‌ട്രെസ് അനുഭവിക്കുകയാണെങ്കില്‍ അത് അമ്മയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, ഒപ്പം തന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ വയറിന്റെ ആരോഗ്യത്തെ അവതാളത്തിലാക്കാനും ഇത് കാരണമാകും. ഇതൊരു നിസാരകാര്യമാണെന്ന് ചിന്തിക്കല്ലേ, ഇതിന് പലവിധത്തിലുമുള്ള അനുബന്ധപ്രശ്‌നങ്ങളും വരുന്നുണ്ട്.
അതായത്, കുഞ്ഞിന്റെ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ കൂട്ടത്തെയാണ് അമ്മയുടെ സ്‌ട്രെസ് നശിപ്പിക്കുന്നത്. ഈ ബാക്ടീരിയകളുടെ കൂട്ടം വയറിനെ മാത്രമല്ല അവതാളത്തിലാക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനവും ഇതോടെ ബാധിക്കപ്പെടാം. അതുപോലെ തന്നെ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയും കുറവാകാം. ഇതുമൂലം വിവിധ അലര്‍ജികളോ അണുബാധകളോ കുഞ്ഞിനെ ബാധിക്കുകയും ചെയ്യാം.
നമുക്കറിയാം, നവജാതശിശുക്കള്‍ ഏത് ആരോഗ്യപ്രശ്‌നത്തോടായാലും അസുഖങ്ങളോടായാലും പോരാടി ജയിക്കുകയെന്നത് അല്‍പം വെല്ലുവിളി തന്നെയാണ്. അതിനാല്‍ കുഞ്ഞിന്റെ ആരോഗ്യം പണയപ്പെടുത്തുന്ന അവസ്ഥയിലേക്ക് അമ്മയും നീങ്ങാതിരിക്കലാണ് ഉത്തമം. ഇതിന് പക്ഷേ, ഗര്‍ഭിണി മാത്രം മനസ് വയ്ക്കുന്നത് കൊണ്ടും കാര്യമില്ല. അവരുടെ ചുറ്റുപാടുകളും അനുകൂലമാകണം.
റിലാക്‌സേഷന്‍ തെറാപ്പി, മെഡിറ്റേഷന്‍, ബ്രീത്തിംഗ് എക്‌സര്‍സൈസസ്, യോഗ, വ്യായാമം എന്നിവയെല്ലാം പതിവാക്കുന്നത് വഴി വലിയ രീതിയില്‍ ഗര്‍ഭിണികളിലെ സ്‌ട്രെസ് പരിഹരിക്കാന്‍ സാധിക്കും.
രാത്രിയില്‍ നല്ലരീതിയില്‍ ഉറങ്ങുക, ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക, പ്രോബയോട്ടിക്‌സ് ഭക്ഷണം കാര്യമായി കഴിക്കുക- ഇക്കാര്യങ്ങളും സ്‌ട്രെസ് ലഘൂകരിക്കാന്‍ സഹായകമാണ്. അതുപോലെ തന്നെ സ്വയം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ തീര്‍ച്ചയായും മെഡിക്കല്‍ ഹെല്‍പ് തേടാന്‍ തയ്യാറാകണം. പാരിസ്ഥിതികമായി വിഷാംശം കലര്‍ന്ന അന്തരീക്ഷമില്ലാതിരിക്കാനും ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. കെമിക്കലുകള്‍, രാസവവളങ്ങള്‍, മറ്റ് പല വിധത്തിലുള്ള മലിനീകരണം എന്നിവയെല്ലാം ഗര്‍ഭിണിയുടെ ആരോഗ്യത്തെ ബാധിക്കാം. ക്രമേണ കുഞ്ഞും ഇതിനാല്‍ ബാധിക്കപ്പെടാം.