ഗർഭകാലത്ത് സ്ത്രീകൾ നടക്കണം എന്ന് പറയുന്നതിന്റെ കാരണം അറിയാമോ ?

google news
pregnancy

ആരോഗ്യകരമായ എല്ലാ ജീവിതശൈലിയിൽ വ്യായാമം ഉൾപ്പെടുത്തണം. ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് വ്യായാമം. ഗർഭകാലത്ത് പതിവായി വ്യായാമം ചെയ്യുന്നത് നടുവേദന, ക്ഷീണം തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കുന്നു.

ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യും. ഗർഭാവസ്ഥയിലെ വ്യായാമം ഗർഭകാല പ്രമേഹം, പ്രീക്ലാമ്പ്സിയ, സിസേറിയൻ പ്രസവം, നടുവേദന എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഗർഭിണികൾക്കുള്ള ഏറ്റവും നല്ല വ്യായാമങ്ങളിലൊന്നാണ് നടത്തം. നിങ്ങൾ ഗർഭിണിയാണെങ്കിൽ ഓരോ ആഴ്ചയും 150 മിനിറ്റ് നടക്കുന്നത് പ്രധാനമാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. കുറഞ്ഞ ജനനഭാരം, മാസം തികയാതെയുള്ള പ്രസവം അല്ലെങ്കിൽ ഗർഭം അലസൽ എന്നിങ്ങനെയുള്ള സങ്കീർണതകൾക്കുള്ള സാധ്യത ഇത് വർദ്ധിപ്പിക്കില്ലെന്നും ​ഗവേഷകർ പറയുന്നു.

അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകൾ (എസിഒജി) ഗർഭകാലത്തെ നടത്തവും മറ്റ് മിതമായ വ്യായാമവും ഗർഭകാല പ്രമേഹം, പ്രീക്ലാംപ്‌സിയ, സിസേറിയൻ ഡെലിവറി വഴിയുള്ള പ്രസവം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് വ്യക്തമാക്കുന്നു.

ഗര്‍ഭകാലത്ത് പ്രതിരോധ ശേഷി കുറവായിരിക്കും. എന്നാല്‍ അതിനെ വര്‍ദ്ധിപ്പിക്കുന്നതിന് നടത്തം സഹായിക്കുന്നു. സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍ അത് ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കും. എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ ചെറുക്കാന്‍ നടത്തം സഹായകമാണ്.

പ്രസവ സമയം അടുക്കുന്തോറും പലപ്പോഴും സ്ത്രീകളില്‍ മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യത വരെ കൂടുതലാണ്. എന്നാല്‍ അത് കുറയ്ക്കാന്‍ നടത്തിനാകും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഗര്‍ഭകാലത്തെ നടത്തം സഹായിക്കും. ഇത് പലപ്പോഴും ഗര്‍ഭം സുഖകരമാക്കാനും സഹായിക്കും.

ഗർഭകാലത്ത് അലട്ടുന്ന പ്രശ്നമാണ് മലബന്ധം. ശോധന എളുപ്പമാക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും നടത്തം സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഡോക്ടര്‍മാര്‍ നടക്കാന്‍ നിര്‍ദ്ദേശിക്കുന്നതും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു. പലപ്പോഴും ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് കുറയ്ക്കാന്‍ നടത്തത്തിലൂടെ സഹായിക്കുന്നു.

Tags