പിസിഒഎസ് നിയന്ത്രിക്കാനായി ശരിയായ ഭക്ഷണ ശീലങ്ങൾ ശീലമാക്കൂ

polycystic ovary syndrome

പിസിഒഎസ് (Polycystic Ovary Syndrome) സ്ത്രീകളിൽ ഹോർമോൺ അസമത്വം, മാസവാരികളിലെ ബുദ്ധിമുട്ട്, ഭാരവർധന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു സാധാരണ പ്രതിസന്ധിയാണ്.അണ്ഡാശയത്തിൽ ഉണ്ടാകുന്ന സിസ്റ്റുകൾ മൂലമുള്ള ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണമാകുന്നത്. മരുന്ന് ചികിത്സയ്‌ക്കൊപ്പം തന്നെ, ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്നത് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഏറെ സഹായകരമാണ്. ഈ രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ജനിതക ഘടകങ്ങൾ, പരിസ്ഥിതി, അമിതവണ്ണം, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയുടെ സംഗമമാണ് ഇതിന് പിന്നിൽ. ഇതു മൂലം സ്ത്രീകളിൽ ക്രമം തെറ്റിയുള്ള ആർത്തവം, അധികമായ രോമവളർച്ച, മുഖക്കുരു, ഗർഭധാരണ പ്രശ്നങ്ങൾ തുടങ്ങി പല ലക്ഷണങ്ങളും പ്രകടമാകും.

ഭക്ഷണത്തിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പിസിഒഎസ് രോഗികൾക്ക് സമുചിതമായ തോതിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബ്രൗൺ റൈസ്, ചപ്പാത്തി, ഓട്സ്, ക്വിനോവ തുടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയും. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം പിസിഒഎസ് ഉള്ളവർക്ക് ഏറെ ഗുണകരമാണ്.

മീൻ, കോഴി, പയർവർഗ്ഗങ്ങൾ, മുട്ട തുടങ്ങിയവയിൽ നിന്ന് മതിയായ പ്രോട്ടീൻ ദിനഭക്ഷണത്തിൽ ചേർക്കുന്നത് ഭാരം നിയന്ത്രിക്കാനും ഇൻസുലിൻ നിയന്ത്രണത്തിനും സഹായിക്കും. കാർബോഹൈഡ്രേറ്റ് കുറച്ച്, അപൂരിത കൊഴുപ്പുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമാണ്. ഒലീവ് ഓയിൽ, വാൾനട്ട്, മത്സ്യം പോലുള്ള ഭക്ഷണങ്ങൾ ഇൻസുലിൻ നിയന്ത്രണത്തിനും മെറ്റബോളിക് ഹെൽത്തിനും ഗുണം ചെയ്യും. പിസിഒഎസ് ഉള്ളവർക്ക് പലപ്പോഴും വൈറ്റമിനുകളും മിനറലുകളും കുറവായിരിക്കും. വൈറ്റമിൻ ഡി, വൈറ്റമിൻ B12, ഫോളിക് ആസിഡ്, കാൽഷ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ ആവശ്യമാണ്. ഇവയ്ക്കൊപ്പം ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും ഉൾപ്പെടുത്തണം. ഭക്ഷണം ദിവസവും ചെറിയ അളവുകളിൽ പലവട്ടം കഴിക്കുന്നത് ഗുണകരമാണ്. 6 മീൽ പാറ്റേൺ പിന്തുടരുന്നത് നല്ലതാണ്.

Tags