ആർത്തവകാലം കൂടുതൽ സുഖകരമാക്കാം; മെൻസ്ട്രുവൽ കപ്പ്, പീരിയഡ് ഡിസ്‌ക്, പീരിയഡ് പാന്റീസ്; ഏതാണ് നിങ്ങൾക്ക് അനുയോജ്യം?

period

ആർത്തവകാലത്ത് സുഖവും സൗകര്യവും ഉറപ്പാക്കാൻ പാഡുകൾക്ക് പുറമെ ഇന്ന് നിരവധി ബദൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. മെൻസ്ട്രുവൽ കപ്പ്, മെൻസ്ട്രുവൽ ഡിസ്‌ക്, പീരിയഡ് പാന്റീസ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. എന്നാൽ ഇവയിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ടാകാം. ഓരോ ഉൽപ്പന്നത്തിന്റെയും ഉപയോഗരീതി, ഗുണങ്ങൾ, പരിമിതികൾ, ശുചീകരണവും പരിപാലനവും എന്നിവ വ്യത്യസ്തമാണ്. ആദ്യമായി ഉപയോഗിക്കുന്നവരാണെങ്കിലും നിലവിലെ ഉൽപ്പന്നത്തിന് പകരം മറ്റൊന്ന് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിലും, നിങ്ങളുടെ ശരീരത്തിനും ജീവിതശൈലിക്കും അനുയോജ്യമായത് എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നോക്കാം.

അവ്നി വെൽനസിന്റെ സ്ഥാപകയും സർട്ടിഫൈഡ് ഫങ്ഷണൽ ന്യൂട്രീഷ്യനിസ്റ്റുമായ സുജാത പവാർ, ആർത്തവ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ആളുകളുടെ മുൻഗണനകളിൽ ഉണ്ടാകുന്ന വർധിച്ചുവരുന്ന ജനപ്രീതിയും പതുക്കെയുള്ള മാറ്റവും സ്ഥിരീകരിക്കുന്നു. എങ്കിലും, സ്ത്രീകൾ ഡിസ്പോസിബിൾ ഉൽപ്പന്നങ്ങളിൽ നിന്ന് പൂർണമായി മാറിചിന്തിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കുന്നു.

"ആർത്തവ ആരോഗ്യത്തെക്കുറിച്ച് ഞങ്ങൾ ആദ്യം സ്ത്രീകളോട് സംസാരിച്ചപ്പോൾ, മറ്റ് ഓപ്ഷനുകളെക്കുറിച്ച് പലരും ചിന്തിച്ചിട്ടുപോലുമില്ലെന്ന് ഞങ്ങൾ കണ്ടെത്തി. ഇന്ന്, ഉൽപ്പന്ന നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ, ചർമ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകൾ, ഉൽപ്പന്നങ്ങൾ എത്രത്തോളം ഈടുനിൽക്കും, അവ വൃത്തിയാക്കുന്ന വിധം, ദിനചര്യക്ക് അനുയോജ്യമാണോ എന്നതിനെക്കുറിച്ചെല്ലാം സ്ത്രീകൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദപരത ഒരു പ്രധാന കാര്യമാണെങ്കിലും, കംഫർട്ട്, ചർമ്മത്തിന്റെ സംവേദനക്ഷമത, സൗകര്യം, ചെലവ്, ആർത്തവ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം എന്നിവയും ഈ തീരുമാനത്തെ സ്വാധീനിക്കുന്നു," അവർ പറയുന്നു.

ആദ്യം, നിങ്ങൾ എന്താണ് തിരഞ്ഞെടുക്കുന്നതെന്ന് മനസിലാക്കുക

മെൻസ്ട്രുവൽ കപ്പുകൾ, ഡിസ്കുകൾ, പുനരുപയോഗിക്കാവുന്ന പാഡുകൾ, പീരീഡ് അണ്ടർവെയർ എന്നിവ വ്യത്യസ്ത രീതികളിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ എല്ലാ സ്ത്രീകൾക്കും ഒരുപോലെ അനുയോജ്യമായ ഒറ്റ പുനരുപയോഗ ഉൽപ്പന്നമില്ല.

"നിങ്ങൾക്ക് നിലവിൽ പാഡുകൾ ഉപയോഗിച്ച് ശീലമുണ്ടെങ്കിൽ, പുനരുപയോഗിക്കാവുന്ന പാഡ് ഉപയോഗിച്ച് തുടങ്ങുന്നത് എളുപ്പമായിരിക്കും, കാരണം അത് ഉപയോഗിക്കുന്ന രീതി പരിചയമുള്ളതാണ്. അത് ശരിയായി കഴുകാനും ഉണക്കാനും സൂക്ഷിക്കാനും നിങ്ങൾക്ക് അറിയാമെന്ന് ഉറപ്പാക്കിയാൽ മാത്രം മതി," സംരംഭകയും ഫിറ്റ്നസ് വിദഗ്ധയുമായ അവർ നിർദേശിച്ചു.

കൂടുതൽ ശരീരചലന സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്കോ സാധാരണ പാഡ് ഉപയോഗിക്കാൻ ആഗ്രഹിക്കാത്തവർക്കോ പീരീഡ് അണ്ടർവെയർ ഒരു നല്ല ബദലാണ്. എന്നിരുന്നാലും, പ്രത്യേകിച്ച് കൂടുതൽ രക്തസ്രാവമുള്ള ദിവസങ്ങളിൽ, ഉൽപ്പന്നത്തിന്റെ ആഗിരണ ശേഷി പരിശോധിച്ച് നിങ്ങളുടെ ആർത്തവ ഒഴുക്കിന് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്.

മെൻസ്ട്രുവൽ കപ്പുകളും ഡിസ്കുകളും ശരീരത്തിനുള്ളിൽ വയ്ക്കുന്ന ഉൽപ്പന്നങ്ങളാണ്, ഇവ ഉപയോഗിച്ച് ശീലമാകാൻ കുറച്ച് സമയമെടുക്കും. ഉദാഹരണത്തിന്, ഒരു കപ്പ് ആദ്യമായി ഉപയോഗിക്കുന്നയാൾ അത് വയ്ക്കുന്നതിലും മാറ്റുന്നതിലും സ്വയം സുഖകരമാകണം, എപ്പോഴാണ് അത് ഒഴിവാക്കേണ്ടതെന്ന് മനസിലാക്കണം, ഒപ്പം അത് ശരിയായി കഴുകാനും സൂക്ഷിക്കാനും പഠിക്കേണ്ടതുമുണ്ട്.

"ഇതുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കുന്നത് സ്വാഭാവികമാണ്. കംഫർട്ട് ആകാൻ സമയമെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെന്ന് അർത്ഥമില്ല," പവാർ പറയുന്നു. പുതിയ രീതിയിലേക്ക് മാറാൻ മടിയുള്ളവർ പെട്ടെന്ന് തന്നെ പൂർണമായി മാറേണ്ടതില്ല. പതിവായി ഉപയോഗിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ്, രക്തസ്രാവം കുറവുള്ള ഒരു ദിവസത്തിൽ വീട്ടിൽ വച്ച് ഈ ഉൽപ്പന്നം പരീക്ഷിച്ച് നോക്കാൻ പവാർ നിർദേശിച്ചു.

പുനരുപയോഗിക്കാവുന്നവ ശരിക്കും ശുചിത്വമുള്ളതാണോ?

ആദ്യമായി ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ശുചിത്വം. എന്നാൽ, ഒരു പുനരുപയോഗ ഉൽപ്പന്നത്തിന്റെ സുരക്ഷിതത്വം അത് നിർമ്മിക്കുന്ന വിധം, ഉപയോഗിക്കുന്ന രീതി, കഴുകൽ, സൂക്ഷിക്കൽ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ശരിയായ രീതിയിൽ ഉപയോഗിക്കുകയും കൃത്യമായി പരിപാലിക്കുകയും ചെയ്താൽ പുനരുപയോഗിക്കാവുന്ന ആർത്തവ ഉൽപ്പന്നങ്ങൾ പതിവ് ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ഗുഡ്ഗാവിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റായ ഡോ.കിരൺ യാദവ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

"ആദ്യമായി ഉപയോഗിക്കുന്നവർ ശരിയായ അളവും മെറ്റീരിയലും തിരഞ്ഞെടുക്കണം, നിർമ്മാതാക്കളുടെ നിർദേശങ്ങൾ പാലിക്കണം, മികച്ച ശുചിത്വം പുലർത്തണം. തെറ്റായ രീതിയിൽ ഉള്ളിൽ വയ്ക്കൽ, നീണ്ട സമയം മാറ്റാതെ ഉപയോഗിക്കൽ, അല്ലെങ്കിൽ കൃത്യമായി കഴുകാതിരിക്കൽ എന്നിവ ചൊറിച്ചിൽ, അസ്വസ്ഥത അല്ലെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും."
പുനരുപയോഗിക്കാവുന്ന പാഡുകൾക്കും പീരീഡ് അണ്ടർവെയറുകൾക്കും, നിർമ്മാതാവിന്റെ കഴുകൽ നിർദേശങ്ങൾ പാലിക്കാനും, ഉൽപ്പന്നം പൂർണമായി ഉണങ്ങിയതാണെന്ന് ഉറപ്പാക്കാനും, വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്ഥലത്ത് സൂക്ഷിക്കാനും പവാർ ശുപാർശ ചെയ്യുന്നു. ഈർപ്പമുള്ള ഒരു ഉൽപ്പന്നം അടുത്ത തവണത്തേക്ക് മടക്കി വെക്കാൻ പാടില്ല.

വ്യത്യസ്ത ഉൽപ്പന്നങ്ങൾക്കും മെറ്റീരിയലുകൾക്കും വ്യത്യസ്ത കഴുകൽ രീതികൾ ആവശ്യമായി വന്നേക്കാം, അതിനാൽ എല്ലാ പുനരുപയോഗ ഉൽപ്പന്നങ്ങളും ഒരേ രീതിയിൽ കഴുകാമെന്ന് കരുതുന്നത് പൊതുവായ മറ്റൊരു തെറ്റാണ്.

കപ്പുകളും ഡിസ്കുകളും കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകുകയും നിർമ്മാതാവ് നിർദേശിച്ച രീതിയിൽ അവ കഴുകി അണുവിമുക്തമാക്കുകയും വേണം. കൂടാതെ, പുനരുപയോഗിക്കാവുന്നതായതുകൊണ്ട് മാത്രം അവ മാറ്റാതെ വച്ചിരിക്കാതെ, ആർത്തവ ഒഴുക്കിനും ഉൽപ്പന്നത്തിന്റെ നിർദേശങ്ങൾക്കും അനുസൃതമായി കൃത്യസമയത്ത് ഒഴുക്കിക്കളയുകയും കഴുകുകയും വേണം.

"പുനരുപയോഗിക്കാവുന്നതായതുകൊണ്ട് മാത്രം ഒരു ഉൽപ്പന്നം അമിതമായി ഉപയോഗിക്കുന്നത് മറ്റൊരു തെറ്റാണ്. നിങ്ങളുടെ ആർത്തവ ഒഴുക്കിനും ഉൽപ്പന്ന നിർദേശങ്ങൾക്കും അനുസരിച്ച് ആവശ്യാനുസരണം അത് മാറ്റുകയോ ഒഴുക്കിക്കളയുകയോ ചെയ്യേണ്ടതുണ്ട്," പവാർ പറഞ്ഞു.

ചോർച്ച, അസ്വസ്ഥതകൾ, അണുബാധകൾ എന്നിവയെക്കുറിച്ച് എന്ത്?

ജോലി സ്ഥലത്തോ യാത്രയിലോ വീടിന് പുറത്തോ ആയിരിക്കുമ്പോൾ ചോർച്ച ഉണ്ടാകുമോ എന്ന ഭയമാണ് സ്ത്രീകൾ പുനരുപയോഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ മടിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം. ശരിയായ അളവ്, ഫിറ്റ്, ആഗിരണ ശേഷി എന്നിവ വ്യത്യാസം വരുത്തുമെങ്കിലും, ആദ്യമായി ഉപയോഗിക്കുന്നവർക്ക് കുറച്ച് പരീക്ഷണങ്ങൾ ആവശ്യമായി വന്നേക്കാം.

തെറ്റായ ഉപയോഗവും അസ്വസ്ഥതയ്ക്കും ചോർച്ചയ്ക്കും കാരണമാകും. തെറ്റായ സൈസ് തിരഞ്ഞെടുക്കുക, കപ്പ് തെറ്റായി വയ്ക്കുകയോ പുറത്തെടുക്കുകയോ ചെയ്യുക, അപൂർണമായ കഴുകൽ, വളരെ സമയം മാറ്റാതെ ഉപയോഗിക്കുക എന്നിവയാണ് സാധാരണയായി സംഭവിക്കുന്ന തെറ്റുകളെന്ന് ഡോ.യാദവ് പറഞ്ഞു.

"ഈ രീതികൾ ചോർച്ച, വേദന, ചർമ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകാം അല്ലെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കാം. വിട്ടുമാറാത്ത അസ്വസ്ഥതകളോ അസാധാരണ ലക്ഷണങ്ങളോ അവഗണിക്കരുത്," അവർ പറയുന്നു.

മെറ്റീരിയൽ അനുയോജ്യമല്ലെങ്കിലോ കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജന്റുകൾ മൂലം അലർജിയുണ്ടായാലോ പുനരുപയോഗ ഉൽപ്പന്നങ്ങൾ അസ്വസ്ഥതകൾക്കോ അലർജി പ്രതികരണങ്ങൾക്കോ കാരണമാകും. തുടർച്ചയായ ചൊറിച്ചിൽ, നീറ്റൽ, അസാധാരണമായ സ്രവം, ദുർഗന്ധം, വീക്കം, വേദന അല്ലെങ്കിൽ പനി എന്നിവ ശ്രദ്ധിക്കുക. "ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉൽപ്പന്നത്തിന്റെ ഉപയോഗം നിർത്തി ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം," ഡോ.യാദവ് ശുപാർശ ചെയ്തു.

സമാനമായി, വിട്ടുമാറാത്ത അസ്വസ്ഥത ഒരു പുതിയ ഉൽപ്പന്നവുമായി പൊരുത്തപ്പെടുന്നതിന്റെ ഭാഗമാണെന്ന് കരുതരുതെന്ന് പവാർ സ്ത്രീകളെ ഉപദേശിച്ചു. "നിങ്ങൾക്ക് തുടർച്ചയായ ചൊറിച്ചിൽ, അസ്വസ്ഥത, അസാധാരണ ലക്ഷണങ്ങൾ അല്ലെങ്കിൽ വീണ്ടും വീണ്ടും പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ആ ഉൽപ്പന്നവുമായി ശീലിക്കേണ്ടതുണ്ടെന്ന് വെറുതെ കരുതരുത്. ഉൽപ്പന്നവും നിങ്ങളുടെ ശുചിത്വ രീതികളും നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുക, ആവശ്യമെങ്കിൽ ഒരു ഡോക്ടറോട് സംസാരിക്കുക," അവർ പറഞ്ഞു.

ആരൊക്കെ കൂടുതൽ ജാഗ്രത പാലിക്കണം?

പുനരുപയോഗിക്കാവുന്ന ഒരു ഉൽപ്പന്നം എല്ലാവർക്കും അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കില്ല, അല്ലെങ്കിൽ ഉപയോഗിക്കുന്നതിന് മുൻപ് വൈദ്യോപദേശം തേടേണ്ടി വന്നേക്കാം.

"പതിവായി അണുബാധയുണ്ടാകുന്നവർ, വ്യക്തമല്ലാത്ത ഇടുപ്പുവേദന, വളരെ കഠിനമായ രക്തസ്രാവം അല്ലെങ്കിൽ ചില ഗൈനക്കോളജിക്കൽ രോഗങ്ങളുള്ള സ്ത്രീകൾ ഒരു പുനരുപയോഗ ഉൽപ്പന്നം തിരഞ്ഞെടുക്കുന്നതിന് മുമ്പ് വ്യക്തിഗത വൈദ്യോപദേശം തേടേണ്ടി വന്നേക്കാം. കംഫർട്ട്, ആർത്തവ ഒഴുക്ക്, ശരീരഘടന, മുൻകാല ആരോഗ്യ ചരിത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉൽപ്പന്നം തിരഞ്ഞെടുക്കേണ്ടത്," ഡോ.യാദവ് ചൂണ്ടിക്കാട്ടി.

മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, ട്രെൻഡിലെന്നതിനേക്കാൾ സ്വന്തം ആവശ്യങ്ങളിൽ നിന്ന് തുടങ്ങുക എന്നതാണ് ഏറ്റവും ലളിതമായ മാർഗം. നിങ്ങളുടെ രക്തസ്രാവത്തിന്റെ അളവ്, ശരീരത്തിനുള്ളിൽ വയ്ക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ സന്നദ്ധരാണോ എന്നത്, എത്ര തവണ യാത്ര ചെയ്യുന്നു, പുനരുപയോഗ ഉൽപ്പന്നങ്ങൾ ശരിയായി കഴുകാനും ഉണക്കാനും കഴിയുന്ന സൗകര്യങ്ങൾ നിങ്ങൾക്കുണ്ടോ എന്നിവ പരിഗണിക്കുക.
 

Tags