പാര്‍ക്കിന്‍സണ്‍സ്; രോഗം അറിഞ്ഞ് ചികിത്സിക്കണം...

google news
sdh


ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവം ചെറുതായി ഒന്ന് വിറച്ച് തുടങ്ങിയാല്‍ നമ്മളെ ആദ്യം അലട്ടുന്ന ചിന്ത പാര്‍ക്കിന്‍സണ്‍സ് ആയിരിക്കുമോ ആശങ്കയാണ്. അത്രകണ്ട് ഈ രോഗാവസ്ഥയെ നമ്മളെല്ലാം ഭയക്കുന്നുണ്ട്. ചെറിയ വിറയല്‍ മുതല്‍ ശരീരത്തില്‍ ഒരു കൊതുക് കടിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ വേദന കടിച്ചമര്‍ത്തേണ്ടി വരുന്ന നിസ്സഹായത വരെ ഈ രോഗത്തിന്റെ വിഭിന്ന അവസ്ഥാന്തരങ്ങളാണ്.

പാര്‍ക്കിന്‍സണ്‍സ് ബാധിതനായാല്‍ ആരോഗ്യത്തോടെയുള്ള ജീവിതം അവസാനിച്ച് കഴിഞ്ഞു എന്ന് കരുതി നിരാശപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. രോഗത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും, ചികിത്സയെ കുറിച്ച് ആവശ്യത്തിലധികം തെറ്റിദ്ധാരണകളുള്ളതും കൊണ്ടാണ് ഈ ചിന്ത പ്രധാനമായും ഉണ്ടാകുന്നത്. പ്രായം കൂടിയവരില്‍ പാര്‍ക്കിന്‍സണ്‍സ് പ്രത്യക്ഷപ്പെടുന്നത് കുറച്ച് കൂടി കാര്യങ്ങളെ രൂക്ഷമാക്കും. അവര്‍ക്ക് തനിച്ചൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന നിസ്സഹായതയ്ക്ക് പുറമെ അവര്‍ക്ക് വേണ്ടി കുടുംബത്തില്‍ ഒരാള്‍ മുഴുവന്‍ സമയവും മാറ്റിവെക്കേണ്ടി വരുന്നു എന്ന ബുദ്ധിമുട്ടും കൂടിയാകുമ്പോള്‍ സ്വാഭാവികമായും രോഗി മാനസികമായ സമ്മര്‍ദ്ദത്തിനും ഒറ്റപ്പെടലിനുമെല്ലാം വിധേയനാകും.

എന്താണ് പാര്‍ക്കിന്‍സണ്‍സ്?

നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ്. മസ്തിഷ്‌കത്തിലെ അതി സൂക്ഷ്മമായ അനേകം ഇലക്ട്രിക്കല്‍ ശൃംഖലകളാണ് പ്രധാനമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശം നല്‍കുന്നത്. ഇതില്‍ ചലനത്തെ നിയന്ത്രിക്കുന്ന ഇലക്ട്രിക്കല്‍ ശൃംഖലകളില്‍ ഉണ്ടാകുന്ന താളപ്പിഴയാണ് പാര്‍ക്കിന്‍സണ്‍സ് എന്ന വിറയല്‍ രോഗത്തിലേക്ക് നയിക്കുന്നത്. ഈ ഇലക്ട്രിക്കല്‍ ശൃംഖലകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കണമെങ്കില്‍ ഡോപമിന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടണം. ഇത് ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്ക് നാശം സംഭവിക്കുമ്പോള്‍ ഡോപമിന്റെ ഉത്പാദനത്തില്‍ വ്യതിയാനം സംഭവിക്കുകയും ഇലക്ടിക്കല്‍ ശൃംഖലയുടെ പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്യും. ഡോപമിന്റെ ഉത്പാദനം 80%ത്തോളം കുറയുമ്പോഴാണ് രോഗിയില്‍ ലക്ഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്.

രോഗനിര്‍ണ്ണയം.

ശരീരത്തില്‍ വിറയല്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഇത് പാര്‍ക്കിന്‍സണ്‍സ് ആണ് എന്ന നിര്‍ണ്ണയത്തില്‍ എത്താന്‍ സാധിക്കില്ല. മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടും വിറയല്‍ സംഭവിക്കാം. കാരണം കൃത്യമായി കണ്ടെത്തിയ ശേഷം ചികിത്സ ആരംഭിക്കുക എന്നതാണ് പ്രധാനം. ഒന്നിലധികം പരിശോധനകളിലൂടെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കുക. രോഗിയുടെ അവസ്ഥ പരിശോധിച്ച ശേഷം പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ വൈദഗ്ദ്ധ്യം നേടിയ ന്യൂറോളജിസ്റ്റാണ് ആവശ്യമായ പരിശോധനകള്‍ നിര്‍ദ്ദേശിക്കുക.

ലക്ഷണങ്ങള്‍

നമ്മള്‍ പ്രധാനമായും ശ്രദ്ധിക്കുന്ന ലക്ഷണം വിറയല്‍, ചലനത്തിന്റെയും പ്രവര്‍ത്തികളുടേയും വേഗതയിലുണ്ടാകുന്ന കുറവ്, ചലനസംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയാണ്. ഈ ലക്ഷണങ്ങള്‍ പൊതുവെ വളരെ വൈകി പ്രത്യക്ഷപ്പെടുന്നവയാണ്. എന്നാല്‍ രോഗിയില്‍ മറ്റ് ചില പൊതുവായ ലക്ഷണങ്ങള്‍ രോഗത്തിന്റെ പ്രാരംഭ ദശമുതല്‍ തന്നെ പ്രത്യക്ഷപ്പെട്ട് തുടങ്ങും. ചിലരില്‍ വിഷാദം, ഉത്കണ്ഠ, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍, മലബന്ധം, ഗന്ധം തിരിച്ചറിയാനുള്ള കഴിവില്‍ തകരാര്‍ സംഭവിക്കുക തുടങ്ങിയ പല തരം ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. ചലന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ മുന്‍പ് തന്നെ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ടാകും.

ചികിത്സ

പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് ആധുനിക വൈദ്യശാസ്ത്രം എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ സമീപകാലത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ ഈ ലക്ഷ്യം എത്രയും പെട്ടെന്ന് കരഗതമാക്കുവാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. രോഗത്തിന്റെ തീവ്രത കുറച്ച്, രോഗത്തെ നിയന്ത്രിച്ച് രോഗിയുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ സഹായിക്കുക എന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം.

തലച്ചോറിലെ വൈദ്യുത ശൃംഖലകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ രാസവസ്തുവായ ഡോപമിന്‍ മരുന്നിലൂടെ നല്‍കുക എന്നാണ് പ്രധാന ചികിത്സ. തുടക്കത്തില്‍ നല്ല ഫലം നല്‍കുന്ന ചികിത്സയാണിത്. മുന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍ ഈ മരുന്നിന്റെ ഫലപ്രാപ്തിയില്‍ ചെറിയ കുറവ് ചിലരില്‍ കാണാറുണ്ട്. ഇന്‍സുലിന്‍ രീതിയിലും, കുടലിലേക്ക് ജെല്‍ രൂപത്തിലും ഡോപമിന്‍ നല്‍കുന്ന സംവിധാനങ്ങളും ഉണ്ട്.

മരുന്നിന് പകരം വൈദ്യുതി വികിരണങ്ങള്‍ ഉപയോഗിച്ച് വിറയലിന് കാരണമാകുന്ന തലച്ചോറിലെ ഭാഗത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി വിറയല്‍-ചലനസംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും ചെയ്യുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ് ) എന്ന രീതി നിലവില്‍ വ്യാപകമായി വരുന്നുണ്ട്. തലയോട്ടിയില്‍ ചെറിയ ദ്വാരമുണ്ടാക്കി, ഇലക്ട്രോഡുകള്‍ നിക്ഷേപിച്ച്, അതിലേക്ക് ബാറ്ററി വഴി വൈദ്യുതി കടത്തിവിട്ടാണ് ഡി ബി എസ് നിര്‍വ്വഹിക്കുന്നത്.

Tags