കാൻസറിനെ ചെറുക്കാൻ പപ്പായ വിത്തിനാകുമോ? പ്രചരിക്കുന്ന അവകാശവാദങ്ങളിലെ വസ്തുതയെന്ത്?

papaya seeds

നല്ല പഴുത്ത പപ്പായ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും ഏറെ മുന്നിലാണ് ഈ ഫലം. എന്നാൽ, നമ്മളിൽ എത്രപേർ പപ്പായ കഴിക്കുമ്പോൾ അതിനുള്ളിലെ ചെറിയ കറുത്ത കുരുക്കൾ സൂക്ഷിച്ചുവെക്കാറുണ്ട്? സാധാരണയായി നമ്മൾ പപ്പായയുടെ തൊലിയും കുരുക്കളും കളഞ്ഞ ശേഷം കഷ്ണങ്ങളാക്കി മുറിച്ചോ ജ്യൂസാക്കിയോ ആണ് കഴിക്കാറുള്ളത്. എന്നാൽ, നമ്മൾ പാഴികളയാറുള്ള ഈ കുരുക്കൾക്ക് അത്ഭുതപ്പെടുത്തുന്ന ഔഷധ ഗുണങ്ങളുണ്ടെന്ന് എത്രപേർക്കറിയാം?

എന്നാൽ നമ്മൾ വെറുതെ കളയുന്ന ഈ പപ്പായ വിത്തിന് കാൻസറിനെ തടയാൻ കഴിയുമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പപ്പായ വിത്തുകളിൽ ബയോ ആക്ടീവ് സംയുക്തങ്ങളായ ഐസോതിയോസയനേറ്റ്, ലൈകോപീൻ എന്നിവയുണ്ട്. ഇവയ്ക്ക് ചില അർബുദകോശങ്ങളുടെ വളർച്ചയെ തടയാൻ കഴിയുമെന്നാണ് ഇത്തരം റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് മനുഷ്യരിൽ പഠനമൊന്നും നടന്നിട്ടില്ല.

അതേസമയം എലികളിൽ നടത്തിയ പഠനങ്ങൾ രക്തത്തിലെ കൊളസ്‌ട്രോളിനെയും പഞ്ചസാരയെയും കുറയ്ക്കാൻ പപ്പായ വിത്തിന് ക‍ഴിയുമെന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല എന്റമീബ ഹിസ്റ്റോളിക്കയെന്ന അമീബയ്ക്ക് എതിരെ പപ്പായ വിത്തിന്റെ സത്ത് പ്രവർത്തിക്കുമെന്നും പഠനങ്ങൾ പറയുന്നു.

പപ്പായ വിത്തുക‍ളിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടുമെന്ന് മാത്രമല്ല, ചർമത്തിനും നല്ലതാണ്. പപ്പായ വിത്തുകൾ ഉണക്കി തേനിൽ ചാലിച്ച് കഴിക്കുന്നത് കുടലിലെ പരാന്നജീവികളെ ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു. പ്രോട്ടീനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന പപ്പൈയ്ൻ പോലുള്ള സംയുക്തങ്ങളുമുണ്ട് പപ്പായ വിത്തിൽ. അതിനാൽ ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ശമനം നേടാനും പപ്പായ വിത്തിനാകും.

Tags