അണ്ഡാശയ അർബുദം ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

google news
cancer

അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾ വേഗത്തിൽ വർദ്ധിക്കുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. പ്രായം, കുടുംബത്തിലെ അർബുദ ചരിത്രം, ഭാരം, ജീവിതശൈലി തുടങ്ങിയവ അണ്ഡാശയ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ.

ദഹനപ്രശ്നങ്ങൾ മുതൽ വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് വയറ്റിൽ ഗ്യാസ് അനുഭവപ്പെടാം. ഇവ അണ്ഡാശയ അർബുദത്തിൻറെ ലക്ഷണമായി പലരും തിരിച്ചറിയാറില്ല. സാധാരണയേക്കാൾ കനത്ത രക്തസ്രാവം അല്ലെങ്കിൽ ക്രമരഹിതമായ രക്തസ്രാവം എന്നിവ അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണമാകാം.

യുകെയിൽ ഓരോ വർഷവും ഏകദേശം 7,000 സ്ത്രീകൾക്ക് അണ്ഡാശയ അർബുദം ബാധിച്ചിട്ടുണ്ടെന്ന് ​റിപ്പോർട്ടുകൾ പറയുന്നു. അണ്ഡാശയ അർബുദത്തെ പലപ്പോഴും "നിശബ്ദ കൊലയാളി" എന്ന് വിളിക്കുന്നു. കാരണം ​അവസാന ഘട്ടത്തിലെത്തുമ്പോഴാകും രോ​ഗം കണ്ടെത്തുക.

ആദ്യഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തിയാൽ 10 സ്ത്രീകളിൽ ഒമ്പത് പേർ അതിജീവിക്കുമെന്ന് എൻഎച്ച്എസ് വ്യക്തമാക്കുന്നു. വയറു വീർക്കുന്നതായി തോന്നുന്നതും വീർത്ത വയറ് അനുഭവപ്പെടുന്നതും അണ്ഡാശയ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

അണ്ഡാശയ അർബുദ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടാം...

പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക
വിശപ്പില്ലായ്മ
വയറുവേദന
യോനിയിൽ രക്തസ്രാവം
അകാരണമായ ക്ഷീണം
പെട്ടെന്ന് ശരീരഭാരം കുറയുക

65 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് അണ്ഡാശയ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ കേസുകളിലും പകുതിയും ഈ പ്രായത്തിലുള്ള സ്ത്രീകളിലാണ് സംഭവിക്കുന്നത്. പാരമ്പര്യം മറ്റൊരു അപകട ഘടകമാണെന്ന് വിദഗ്‌ധർ പറയുന്നു. അണ്ഡാശയ അർബുദത്തിന്റെ ഏകദേശം അഞ്ച് മുതൽ 10 ശതമാനം വരെ കേസുകളും പാരമ്പര്യത്തെ തുടർന്നാണ് ഉണ്ടാകുന്നതെന്നും വിദ​ഗ്ധർ പറയുന്നു.

മുൻകരുതലുകൾ സ്വീകരിക്കാം...

നിരന്തരമായ വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും നിലനിർത്തുന്നത് അണ്ഡാശയ അർബുദത്തിൻറേത് മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. അമിതവണ്ണം അണ്ഡാശയ അർബുദ സാധ്യത വർധിപ്പിക്കുമെന്നതിനാൽ ഭാരം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രമിക്കണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പുകയില, മദ്യം രശ്മികൾ എന്നിവയിൽ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്.

Tags