ദിവസവും കഴിക്കാം നൈട്രിക് ഓക്സൈഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ..

നൈട്രിക് ഓക്സൈഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. ഹൃദയാരോഗ്യത്തിന് നിർണായകമായ ഒരു ഘടകമാണ് നൈട്രിക് ഓക്സൈഡ്. നാം കഴിക്കുന്ന പല പച്ചക്കറികളിലും നൈട്രേറ്റിന്‍റെ പങ്കുണ്ട്.
നിങ്ങളുടെ ശരീരം സ്വാഭാവികമായി നിർമ്മിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദാർത്ഥങ്ങളിലൊന്നാണ് നൈട്രിക് ഓക്സൈഡ്. ശരീരത്തിലേക്ക് ഓക്സിജനും പോഷകങ്ങളും വിതരണം ചെയ്യാന്‍ ഇവ സഹായിക്കും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന നൈട്രിക് ഓക്സൈഡ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഡാർക്ക് ചോക്ലേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 70 മുതൽ 80 ശതമാനം വരെ കൊക്കോ അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ നൈട്രിക് ഓക്സൈഡിന്‍റെ അളവ് വർധിപ്പിക്കാം. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ജൈവ പദാർത്ഥങ്ങളായ ഫ്ലേവനോൾസ് ആണ് നൈട്രിക് ഓക്സൈഡിന്‍റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നത്. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോളുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
രണ്ട്...
ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ പതിവായി കഴിക്കുന്നതിലൂടെ നൈട്രിക് ഓക്സൈഡിന്‍റെ അളവ് വർധിപ്പിക്കാനും അതുവഴി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിച്ചേക്കാം. കൂടാതെ ചീരയിൽ പൊട്ടാസ്യം ധാരാളമുണ്ട്. സാധാരണ രക്തസമ്മർദ്ദത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുന്ന സോഡിയം എന്ന ധാതുവിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
മൂന്ന്...
സിട്രിസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. വിറ്റാമിൻ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിനൊപ്പം നൈട്രിക് ഓക്സൈഡിന്‍റെ അളവ് വർധിപ്പിക്കാനും സഹായിക്കും.
നാല്...
മാതളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാതളനാരങ്ങയുടെ കുരുവില്‍ ആന്റിഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് നൈട്രിക് ഓക്സൈഡിന്‍റെ അളവ് വർധിപ്പിക്കാന്‍ സഹായിക്കും.
അഞ്ച്...
ബീറ്റ്റൂട്ട് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൈട്രിക് ഓക്സൈഡിനുള്ള ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. അതിനാല്‍ പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.