നിപ:ക്വാറന്റീൻ ലംഘിച്ച് ദമ്പതിമാർ

നാദാപുരം: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടിൽ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാർ ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു .നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ വീട്ടിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭർത്താവും പുറത്തുപോയതായി കണ്ടെത്തിയത്.
നിപബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവർ മരണവീട്ടിൽ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകർച്ചവ്യാധിനിയന്ത്രണനിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
നാദാപുരത്ത് ഏഴുപേരാണ് ക്വാറന്റീനിലുള്ളത്. ഇവരുടെ സ്രവം പരിശോധിക്കാനുളള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. മൊബൈൽ ലാബ് സംവിധാനത്തിലൂടെയുള്ള പരിശോധനയ്ക്കാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നത്. നാദാപുരം ഗവ. താലൂക്കാശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.പി.എച്ച്. എൻ. വിസ്മയ, ആശാവർക്കർ അനില എന്നിവർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോൾ അവിടെ കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. യുവതിയും ഭർത്താവും രാവിലെ വീട്ടിൽനിന്ന് പുറത്തുപോയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി.ഗ്രാമപ്പഞ്ചായത്തിലെ തന്നെ11 വയസ്സുകാരനെ നിപ ലക്ഷണത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.