മുളപ്പിച്ച പയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തണോ? അറിയാം ഗുണങ്ങളും പ്രത്യേകതകളും
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകൾക്കും വിറ്റാമിനുകൾക്കും പ്രധാന സ്ഥാനമാണുള്ളത്. മാംസാഹാരങ്ങളിൽ മാത്രമല്ല, പയർവർഗങ്ങളിലും ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പയർവർഗങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
എന്നാൽ സാധാരണ പയറിനേക്കാൾ മുളപ്പിച്ച പയർ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് പലരും പറയാറുണ്ട്. എന്തുകൊണ്ടാണ് മുളപ്പിച്ച പയറിന് ഇത്രയേറെ പ്രാധാന്യം നൽകുന്നത്? പയർ മുളപ്പിക്കുമ്പോൾ അതിലെ പോഷകമൂല്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ? മുളപ്പിച്ചതും മുളപ്പിക്കാത്തതുമായ പയറുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്? അറിയാം.
ചെറുപയർ, വൻപയർ, കടല പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയർ. ഇവ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. മുളച്ച് വരുന്ന പയറ് വർഗ്ഗങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു എന്നതും തെളിയിക്കപ്പെട്ടതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ മുളപ്പിച്ച പയറ് വർഗ്ഗങ്ങളിൽ 10 മുകൽ 100 ഇരട്ടി വരെ ഉണ്ട്. കൂടാതെ അയേൺ കണ്ടൻ്റും ഇതിൽ ധാരളമുണ്ട്. ഇത് ഹീമോഗ്ലോബിൻ വർധിപ്പിക്കാനും സഹായിക്കുന്നു. മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ഇത് ദഹന പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ മുളപ്പിച്ച പയറിൽ ഉണ്ട്.
.jpg)


