മുലയൂട്ടുന്ന അമ്മമാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കുഞ്ഞിനു വേണ്ട എല്ലാ പോഷകങ്ങളും ശരിയായ അളവില്‍, അനുയോജ്യമായ താപനിലയില്‍, അണുബാധ സാധ്യതകള്‍ ഒന്നും ഇല്ലാതെ, പ്രത്യേകിച്ച് അധികച്ചെലവുകള്‍ ഒന്നും ഇല്ലാതെ കൊടുക്കാന്‍ കഴിയുന്നു എന്നതാണ് മുലപ്പാലിന്റെ പ്രത്യേകത. മുലയൂട്ടലില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ…
കുഞ്ഞുണ്ടായാല്‍ കഴിയുന്നതും അര മണിക്കൂറിനുളളില്‍ തന്നെ മുലപ്പാല്‍ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതാണ്.(സിസേറിയന്‍ ചെയുന്ന സാഹചര്യങ്ങളില്‍ പോലും ഒരു മണിക്കൂറിനുള്ളില്‍ എങ്കിലും പാല്‍ കൊടുക്കാന്‍ സാധിക്കുന്നതാണ്.)
ആദ്യം ചുരത്തപ്പെടുന്ന കൊഴുത്ത മഞ്ഞ നിറത്തില്‍ ഉള്ള പാല്‍ (കൊളസ്ട്രം) കുഞ്ഞിനു നല്‍കണം.രോഗപ്രതിരോധ ശേഷി കുഞ്ഞിനു നല്‍കുന്ന ഈ പാല്‍ അമൂല്യം ആണ് പ്രകൃതി ജന്യമായ വാക്സിന്‍ എന്ന് പോലും കൊളസ്ട്രത്തെ വിശേഷിപ്പിക്കാറുണ്ട്.(പലരും അറിവില്ലായ്മ കൊണ്ട് ഇത് പിഴിഞ്ഞ് കളയുന്നുണ്ട് എന്നത് ഖേദകരം ആണ്.)
ദിവസത്തില്‍ 24 മണിക്കൂറും അമ്മയും കുഞ്ഞും ഒരുമിച്ചു കഴിയാന്‍ ശ്രദ്ധിക്കുക.
ആദ്യത്തെ ആറു മാസം കുഞ്ഞിനു മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ.തേനോ,മറ്റു ദ്രാവകങ്ങളോ എന്തിനു വെള്ളം പോലും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചില അവസരങ്ങളില്‍ അല്ലാതെ നല്കാന്‍ പാടില്ല.
കൊച്ചു കുട്ടികള്‍ക്ക് എത്ര കാലം മുലയൂട്ടുന്നോ അത്രയും നന്ന്.അധികമായാലും വിഷം ആവാത്ത ഒരേ ഒരേ വസ്തു മുലപ്പാല്‍ മാത്രം ആയിരിക്കും.
പ്രത്യേക ഇടവേള ഒന്നും നോക്കാതെ കുഞ്ഞിനു ആവശ്യം എന്ന് മനസ്സിലാക്കുമ്പോള്‍ എല്ലാം തന്നെ മുലപ്പാല്‍ കൊടുക്കണം.
കുഞ്ഞുങ്ങള്‍ക്ക് പിഴിഞ്ഞെടുക്കുന്ന പാല്‍ നല്‍കുന്ന അവസരത്തില്‍ പോലും പാല്‍ക്കുപ്പി ഒട്ടനവധി കാരണങ്ങളാല്‍ നിഷിദ്ധം ആണ്.ഇത്തരം പാല്‍ക്കുപ്പികളുടെ പരസ്യം പോലും അനുവദനീയം അല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് അതില്‍ നിന്ന് തന്നെ ഇതിന്റെ പ്രാധാന്യം ഊഹിചോളുക.പാല്‍ക്കുപ്പികള്‍ രോഗാണു വാഹകര്‍ ആയി വര്‍ത്തിക്കുകയും,മുലപ്പാല്‍ വലിച്ചു കുടിക്കുന്ന ശീലത്തില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയുംചെയ്യുന്നു. അപൂര്‍വ്വം ആയി ചില പ്രത്യേക സാഹചര്യങ്ങളില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചോ, മുലപ്പാലിനു പകരം പിഴിഞ്ഞെടുത്ത പാല്‍ ഒക്കെ നല്‍കേണ്ടി വരുമ്പോളോ ഒക്കെ ഓരോ പ്രാവശ്യവും വൃത്തി ആക്കി എടുക്കുന്ന പാത്രത്തില്‍ നിന്ന് കരണ്ടി ഉപയോഗിച്ച് വേണം പാല്‍ കൊടുക്കാന്‍.