എന്നെ ആർക്കും ഇഷ്ടമല്ലേ?അമിതമായ കുറ്റബോധം നിങ്ങളെ തളർത്തുന്നുണ്ടോ? മനസ്സിനെ വേട്ടയാടുന്ന ഈ ചിന്തകളെ എങ്ങനെ മറികടക്കാം?
ശരീരത്തിലുണ്ടാകുന്ന ഒരു ചെറിയ മുറിവിനെപ്പോലും അണുബാധ ഏൽക്കാതെ ഉണക്കിയെടുക്കാൻ നാം വലിയ ശ്രദ്ധ നൽകാറുണ്ട്. എന്നാൽ, ആരും കാണാതെ മനസ്സിനുള്ളിൽ രൂപപ്പെടുന്ന വലിയ മുറിവുകളെ നാം പലപ്പോഴും അവഗണിക്കുന്നു. മാനസികാരോഗ്യത്തിന് പ്രാധാന്യമേറുന്ന ഈ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് 'ഹീലിങ്' (Healing). സുഖപ്പെടുത്തുക, വീണ്ടെടുക്കുക എന്നൊക്കെ അർത്ഥമുള്ള ഈ വാക്ക് കേവലം ശാരീരികമായ രോഗശമനമല്ല, മറിച്ച് തകർന്നുപോയ മനസ്സിനെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്ന ഒരു പ്രക്രിയയാണ്.
"എല്ലാം എന്റെ തെറ്റാണ്", "ആർക്കും എന്നെ വേണ്ട" എന്നിങ്ങനെയുള്ള സ്വയം പഴിചാരലുകൾ ഉള്ളിലുണ്ടാക്കുന്നത് ആഴത്തിലുള്ള മുറിവുകളാണ്. പുറമെ മുറിവുകളില്ലാത്തതുകൊണ്ട് മാത്രം ഇവയെ ചികിത്സിക്കാതിരിക്കുന്നത് ജീവിതത്തിന്റെ നിറം കെടുത്താൻ കാരണമാകും. ശരീരത്തിലെ മുറിവ് ഉണക്കാൻ മരുന്ന് വേണ്ടതുപോലെ, മനസ്സിലെ ഭാരങ്ങൾ ഇറക്കിവെക്കാനും ആ മുറിവുകളെ ഉണക്കിയെടുക്കാനും പ്രത്യേക കരുതൽ ആവശ്യമാണ്. മനസ്സിനെ വീണ്ടെടുക്കുന്ന ആ പ്രക്രിയയിലൂടെ മാത്രമേ ജീവിതത്തിലെ സന്തോഷങ്ങളെ നമുക്ക് പൂർണ്ണമായി തിരിച്ചുപിടിക്കാനാകൂ.
എന്താണ് മനസ്സിന്റെ മുറിവുകൾ?
മനസ്സിനു വലിയ ദുഃഖവും വേദനയും നൽകിയ ജീവിതാനുഭവങ്ങളാണ് മനസ്സിനേൽക്കുന്ന മുറിവുകൾ. പല ആളുകളിലും ചെറിയ പ്രായത്തിൽ തന്നെ ആത്മവിശ്വാസം തകർക്കുന്ന, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട വ്യക്തിയാണ് താൻ എന്ന തോന്നൽ ഉണ്ടാക്കുന്ന, മനസ്സിൽ നെഗറ്റീവ് ചിന്തകൾ മാത്രം നിറയ്ക്കാൻ കാരണമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും. മാതാപിതാക്കളുടെ അവഗണനയിൽ വളരേണ്ടിവരിക, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാവുക, എപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരിക, കൂട്ടുകാരുടെ കളിയാക്കലുക്കൾക്ക് നിരന്തരം ഇരയാകേണ്ടി വരിക, ഒറ്റപ്പെടുക- ഇങ്ങനെ നിരവധി ജീവിതാനുഭവങ്ങൾ ഒരാളെ മാനസികമായി തകർക്കാൻ ഇടയാകും. ചെറിയ പ്രായത്തിൽ നടന്ന കാര്യങ്ങളാണ് എങ്കിൽപ്പോലും ജീവിതകാലം മുഴുവനും അത് ആ വ്യക്തിയെ വേട്ടയാടുകയും ചെയ്യുന്ന അവസ്ഥ.
“എന്നെ ഒന്നിനും കൊള്ളില്ല”- നിരന്തരം കുറ്റപ്പെടുത്തലുകൾ മാത്രം കേൾക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ചിന്ത.
“എന്നെ ആർക്കും ഇഷ്ടപ്പെടില്ല”- പലതവണ ഏറ്റവും അടുത്ത വ്യക്തികൾ ഒറ്റപ്പെടുത്തിയത് ആത്മവിശ്വാസം തകരാൻ കാരണമാകുമ്പോൾ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങും.
“എനിക്ക് ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല, എനിക്ക് ഒന്നും ഫീൽ ചെയ്യുന്നില്ല”- ഒരുപാട് പ്രശ്നങ്ങൾ ഉള്ള കുടുംബാന്തരീക്ഷത്തിൽ ഏറെ നാൾ ജീവിക്കുമ്പോൾ മനസ്സു മടുത്തുപോകുന്ന അവസ്ഥ.
“എല്ലാ പ്രശ്നങ്ങൾക്കും കാരണം ഞാനാണ്, എല്ലാവർക്കും ഞാനൊരു ശല്യമാണ്”- ചെറുപ്പത്തിൽ മാതാപിതാക്കൾ നിരന്തരം വഴക്കുണ്ടാക്കുമ്പോൾ കുട്ടികൾ ചിന്തിക്കുക താനാണ് അവർ തമ്മിൽ പ്രശ്നമുണ്ടാകാൻ കാരണം എന്നാണ്, അതുപോലെതന്നെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന വ്യക്തി അവർക്കു മാതാപിതാക്കളോ പ്രിയപ്പെട്ടവരോ സപ്പോർട്ട് നൽകിയില്ല എങ്കിൽ ഇതെല്ലാം സ്വന്തം കുറ്റമായി തെറ്റിദ്ധരിക്കും.
ഇത്തരം ചിന്തകൾ ഒരു വ്യക്തിയെ വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) പോലെയുള്ള അവസ്ഥകളിലേക്ക് എത്തിക്കും. അങ്ങനെ ദൈനംദിന കാര്യങ്ങൾ, ജോലി, സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുക, ഹോബികൾ എന്നിവയെല്ലാം വളരെ നെഗറ്റീവ് ആയി ഇതു ബാധിക്കും. ആ വ്യക്തി തന്നെപ്പറ്റിയും ചിലപ്പോൾ മറ്റുള്ളവരെയും കുറിച്ചും വളരെ നെഗറ്റീവ് ആയി ചിന്തിച്ചുതുടങ്ങും. ഈ ലോകത്ത് ആരെയും വിശ്വസിക്കാനാവില്ല എന്നും, ജീവിതത്തിൽ സന്തോഷവും സമാധാനവും താൻ അർഹിക്കുന്നില്ല എന്നും ചിന്തിച്ചുപോകും.
എങ്ങനെ ഹീലിങ് സാധ്യമാക്കാം ?
പല ആളുകൾക്കും സ്വയം കുറ്റപ്പെടുത്തുക, സ്വന്തം വ്യക്തിത്വത്തെ ഇഷ്ടമില്ലാത്ത അവസ്ഥകൾ ഒക്കെ ഉണ്ട്. പലപ്പോഴും തെറാപ്പിയുടെ ഭാഗമായി സ്വയം നമ്മളോടുതന്നെ അല്പം കരുണ കാണിക്കുന്നതിൽ തെറ്റുണ്ടോ എന്നു ചോദിക്കുമ്പോൾ അതൊരു പുതിയ ചിന്തയായി അവർക്കു തോന്നാറുണ്ട്. “ഞാൻ എന്നോടു തന്നെ കരുണകാണിക്കുകയോ? ഞാൻ എന്നെ തന്നെ സ്നേഹിക്കുകയോ?” ഈ ലോകത്ത് യാതൊരു കരുണയും അർഹിക്കാത്ത ഒരു പൂർണ്ണ പരാജയമാണ് താനെന്നു സ്വയം വിശ്വസിക്കുന്നവരായിരിക്കും അവർ. അത് അവരുടെ തെറ്റല്ല അവരുടെ ജീവിതാനുഭവങ്ങൾ, സാഹചര്യങ്ങൾ ഒക്കെ കാരണം സംഭവിച്ചു പോയതാണ് എന്നും അവർ ഒരിക്കലും ഒരു കുറ്റക്കാരല്ല എന്ന് പറഞ്ഞു മനസിലാക്കുകയും ചെയ്യുമ്പോൾ അവിടെ ഹീലിങ് സാധ്യമാകുന്നു.
മറ്റുള്ളവരെ ബഹുമാനിക്കുക, അംഗീകരിക്കുക പോലെത്തന്നെ പ്രധാനമാണ് സ്വയം ബഹുമാനിക്കുക, സ്വയം അംഗീകരിക്കുക എന്നതെല്ലാം. അത് സ്വാർത്ഥത അല്ലേ എന്ന് തോന്നേണ്ട കാര്യമില്ല. അമിതമായി സ്വന്തം കാര്യങ്ങൾക്കു പ്രാധാന്യം നൽകി മറ്റുള്ളവരോട് യാതൊരു അനുകമ്പയും കാണിക്കുന്നില്ല എങ്കിലാണ് അത് സ്വാർത്ഥതയാവുക. അല്ലാത്ത പക്ഷം സ്വയം അംഗീകരിക്കാൻ തയ്യാറാവുക എന്നത് നമ്മുടെ എല്ലാവരുടെയും മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. സ്നേഹവും അനുകമ്പയും നമ്മളോട് തന്നെ ഉണ്ടാകണം ഇനി പറയുന്ന രീതിയിൽ നമ്മളോട് തന്നെ സംസാരിച്ചു ശീലിക്കണം.
.jpg)


