കണ്ടക്ടർമാരുടെ ആർത്തവ അവധി ഗൗരവമുള്ള വിഷയം ; ഹൈക്കോടതി

menstrual leave

  കൊച്ചി: കെഎസ്ആർടിസി വനിതാ കണ്ടക്ടർമാരുടെ ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് ജസ്റ്റിസ് എൻ നഗരേഷ് സംസ്ഥാന സർക്കാറിന്റെ വിശദീകരണം തേടി. ശമ്പളത്തോടെയുള്ള അവധി അനുവദിക്കാൻ കഴിയുമോ എന്നതിൽ നിലപാട് അറിയിക്കണമെന്ന് സർക്കാരിന് കോടതി നിർദേശം. ശമ്പളത്തോടെയുള്ള ആർത്തവ അവധിക്ക് കേരള സർവിസ് ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി. 

വനിതാ കണ്ടക്ടർമാരാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളത്തോടുകൂടിയുള്ള ആർത്തവ അവധി നൽകണമെന്നാണ് ഇവരുടെ ആവശ്യം. കണ്ടക്ടർമാർക്ക് തുടർച്ചയായി രണ്ടുദിവസം ഡ്യൂട്ടി ഒരുമിച്ച് വരുന്നു, അതുകൊണ്ടുതന്നെ ദീർഘമായ ഡ്യൂട്ടി സമയം വരുന്ന പ്രശ്‌നമുണ്ട്. പ്രതിദിനം 14 -16 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ വനിതാ കണ്ടക്ടർമാരെ സംബന്ധിച്ച് ആർത്തവ അവധി പ്രധാനപ്പെട്ട കാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. കർണാടക, ഒഡീഷ, ബിഹാർ ട്രാൻസ്‌പോർട്ട് കോർപറേഷനുകളിൽ ആർത്തവ അവധി നടപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞു.

Tags