പുളിയുടെ ചില ഔഷധപ്രയോഗങ്ങൾ
നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ഉപയോഗിക്കുന്ന വാളൻ പുളിയിലും ഇലകളിലും ധാരാളം ഔഷധ ഗുണങ്ങളാണുള്ളത്. ഇതിനെ വാളൻ പുളി എന്നും പിഴി പുളി എന്നും അറിയപ്പെടുന്നു. ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും ഇത് അത്യുത്തമമാണ്. ആയുർവേദത്തിൽ നീര് ,വേദന ,ഉണങ്ങാത്ത മുറിവുകൾ ,വിശപ്പില്ലായ്‌മ ,ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവയുടെ ചികിത്സയിൽ പുളി ഔഷധമായി ഉപയോഗിക്കുന്നു. ഇംഗ്ലീഷിൽ ടാമറിൻഡ് എന്ന പേരിലും സംസ്‌കൃതത്തിൽ ചിഞ്ച, ചിഞ്ചിക, അമ്ലിക, ചുക്ര, ചുക്രിക തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നു
ഇന്ത്യയിലുടനീളം കാണപ്പെടുന്നു .പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ റോഡു സൈഡുകളിലും പറമ്പുകളിലും ധാരാളമായി കാണപ്പെടുന്നു .കാട്ടിലും പുളിമരം വിരളമായി കാണപ്പെടുന്നു .
പുളിങ്കരുവിന്റെ പുറം തൊലി കാപ്പിപ്പൊടിയിൽ മായം ചേർക്കാൻ ഉപയോഗിക്കുന്നു എന്നു പറയപ്പെടുന്നു .പുളിമരത്തിന്റെ തടിക്ക് നല്ല ബലവും ഉറപ്പുമുള്ളതാണ് .പുളിയുടെ തടി ഇറച്ചി വെട്ടാൻ (ഇറച്ചിത്തടി ) വ്യാപകമായി ഉപയോഗിക്കുന്നു.
പുളി വെള്ളത്തിൽ (പുളി പിഴിഞ്ഞ വെള്ളത്തിൽ) പഴങ്ങളും പച്ചക്കറികളും കഴുകിയാൽ ഇവയിലെ രാസവസ്തുക്കളും കീടനാശിനികളും ഇല്ലാതാകുന്നു .
രാസഘടന .
പുളിയുടെ ഫലത്തിൽ പ്രധാനമായും ടാർടാറിക് അമ്ലം അടങ്ങിയിരിക്കുന്നു .ഇതാണ് പുളി രസത്തിനു കാരണം .കൂടാതെ സിട്രിക് അമ്ലം ,മാലിക് അമ്ലം ,എന്നിവയും ജീവകം സി ,കാൽസ്യം ,പൊട്ടാസ്യം എന്നീ മൂലകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു .
വാതരോഗങ്ങൾ ,സന്ധിവേദന ,വീക്കം എന്നിവ ശമിപ്പിക്കുന്നു .മലബന്ധം ,ദഹനക്കുറവ് ,രുചിയില്ലായ്‌മ ,വിശപ്പില്ലായ്‌മ ,ഓക്കാനം ,ഛർദ്ദി ,വയറിളക്കം ,വായുകോപം ,വയറുവേദന എന്നിവയ്ക്കും നല്ലതാണ് .ആർത്തവ ക്രമക്കേടുകൾ ,ആർത്തവകാലത്തെ അമിത രക്തസ്രാവം ,മൂക്കിൽ നിന്നുള്ള രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ,പുഴുക്കടി, മുറിവുകൾ ,വ്രണങ്ങൾ , ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,മുഴകൾ , ,വെളുത്ത പാടുകൾ ,പൊള്ളൽ എന്നിവയ്ക്കും നല്ലതാണ് .മഞ്ഞപ്പിത്തം ,മൂലക്കുരു ,മൂത്രാശയ രോഗങ്ങൾ ,പ്രമേഹം ,നേത്ര രോഗങ്ങൾ ,അസ്ഥിസ്രാവം എന്നിവയ്ക്കും നല്ലതാണ് .പോഷകമാണ്. ശരീരബലം വർധിപ്പിക്കും .ലൈംഗീക ശേഷി വർധിപ്പിക്കും .തലവേദനയ്ക്കും പനിക്കും
പുളിയുടെ ചില ഔഷധപ്രയോഗങ്ങൾ
സന്ധിവേദനയ്‌ക്ക് : ഒരു പിടി പുളിയുടെ മൂത്ത ഇല നന്നായി അരച്ച് സന്ധികളിൽ പുരട്ടിയാൽ സന്ധികളിലെ നീരും വേദനയും മാറും .100 മില്ലി പുളിയില നീര് 200 മില്ലി എള്ളെണ്ണയിൽ കാച്ചി പുരട്ടുന്നതും നല്ലതാണ് .ഇത് അസ്ഥികളുടെ തേയ്‌മാനം മൂലം ഉണ്ടാകുന്ന സന്ധിവേദനയ്ക്കും നല്ലതാണ് .ഇത് പേശി വേദനയ്ക്കും നല്ലതാണ് .പ്രസവ ശേഷം സ്ത്രീകൾക്ക് തേച്ചു കുളിക്കാനും നല്ലതാണ് .പുളിയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരക്ഷീണവും ശരീരവേദനയും മാറാൻ നല്ലതാണ് .
ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾക്ക് : പഴുത്ത പുളിയുടെ കാമ്പ് ചുണ്ണാമ്പുമായി ചേർത്ത് കുരുവിന്റെ മുകളിൽ പുരട്ടുന്നത് കുരുക്കൾ വേഗം പഴുത്തു പൊട്ടി പോകാൻ സഹായിക്കുന്നു .
ചർമ്മത്തിലെ വെളുത്ത നിറം മാറാൻ : പുളിമരത്തിന്റെ പുറം തൊലി ഒരു ഇരുമ്പു ചട്ടിയിൽ ഇട്ടു കത്തിച്ച ചാരം എള്ളെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ തൊലിപ്പുറത്തുണ്ടാകുന്ന വെളുത്ത പാടുകൾ മാറിക്കിട്ടും .കൂടാതെ കരപ്പൻ മാറുന്നതിനും നല്ലതാണ്.
മലബന്ധം മാറാൻ : പുളിയുടെ ഇളം കാമ്പ് അരച്ച് വെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധം മാറാൻ നല്ലതാണ് .
മോണപഴുപ്പ് ,മോണവീക്കം : പുളിങ്കുരുവിന്റെ തോട് കരിച്ച് ഉപ്പുംചേർത്ത് പല്ലു തേയ്ക്കുന്നത് മോണപഴുപ്പ് മോണവീക്കം എന്നിവ മാറാൻ നല്ലതാണ് .
മുടികൊഴിച്ചിൽ ,നീരിളക്കം : പുളിയിലയും കയ്യോന്നിയും സമമായി ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിക്കുന്നത് മുടികൊഴിച്ചിൽ നീരിളക്കം എന്നിവ മാറാൻ നല്ലതാണ് .
വ്രണങ്ങൾ പെട്ടന്ന് ഉണങ്ങുവാൻ : പുളിയിലയും കറിവേപ്പിലയും ഇട്ട തിളപ്പിച്ച വെള്ളത്തിൽ വ്രണങ്ങൾ കഴുകുകയും പുളിയില ഉണക്കിപ്പൊടിച്ച് വ്രണങ്ങളിൽ വിതറുകയും ചെയ്‌താൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .
പൈൽസിന് : പുളിമരത്തിന്റെ പൂക്കൾ ഇടിച്ചു പിഴിഞ്ഞ നീര് അര ഔൺസ് വീതം ദിവസം രണ്ടു നേരം എന്ന കണക്കിൽ കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും .
പൊള്ളലിന് : പുളി വെള്ളത്തിൽ ചാലിച്ചു പുരട്ടുന്നത് പൊള്ളൽ ശമിക്കാൻ നല്ലതാണ്.
ദഹനക്കേട് ,വായുകോപം : പുളിയില വേവിച്ചു ആവിശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാൽ ദഹനക്കേട് വായുകോപം എന്നിവ മാറിക്കിട്ടും .
വയറുവേദന ,ഓക്കാനം ,രുചിയില്ലായ്‌മ : ഒരു പിടി പുളിയുടെ പൂക്കൾ വെള്ളത്തിൽ തിളപ്പിച്ച് ഇതിലേക്ക് ജീരകം വറത്തു പൊടിച്ചത് ഒരു നുള്ളും ചേർത്ത് 50 മില്ലി വീതം ദിവസത്തിൽ രണ്ടോ മൂന്നോ തവണ കഴിച്ചാൽ വയറുവേദന ,ഓക്കാനം ,രുചിയില്ലായ്‌മ എന്നിവ മാറിക്കിട്ടും .
.jpg)


