ശ്വാസകോശ രോഗികൾ ശ്രദ്ധിക്കുക; ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ..!
രോഗങ്ങളെ തടയാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷി വർദ്ധിപ്പിക്കാൻ ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തിയേ തീരൂ. ആയുർവേദം വിഭാവനം ചെയ്യുന്ന ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ശ്വാസകോശങ്ങളെ ശുദ്ധീകരിക്കാനും ബലപ്പെടുത്താനും സാധിക്കും. ദോഷങ്ങളെ അകറ്റി നിർത്തി ശ്വസനപ്രക്രിയ സുഗമമാക്കുന്ന ആയുർവേദ രഹസ്യങ്ങൾ ഇതാ.
ആധികാരിക ആയുർവേദ ഗ്രന്ഥങ്ങൾ പകർന്നു നൽകിയ അറിവുകളിൽ ദഹനവ്യൂഹവും ശ്വസനവ്യവസ്ഥയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധവും പ്രതിപാദിച്ചിട്ടുണ്ട്. ആയുർവേദ ശാസ്ത്രപ്രകാരം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉദരത്തിലും കുടലിലും നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാൽ, ശരിയായ ദഹനവും കുടലിൻ്റെ ആരോഗ്യവും മെറ്റബോളിസവും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശ്വസന ആരോഗ്യത്തിൻ്റെ പുനഃസ്ഥാപനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദഹനപ്രക്രിയകളിലെ വൈകല്യങ്ങൾ ശരിയാക്കുന്നത് ശ്വസന രോഗ ചികിത്സയുടെ പ്രാഥമിക ഘട്ടമാണ്. ഈ ഘട്ടത്തിൽ, രോഗിക്ക് ബലം കുറവായിരുന്നാൽ ശോധനം എന്ന ചികിത്സാ രീതിയ്ക്ക് വിധേയനാക്കാറില്ല. അഗ്നി അഥവാ ദഹനപ്രക്രിയയെ ജ്വലിപ്പിക്കുന്നതിനായി ദ്രാവക ഭക്ഷണക്രമത്തിൽ തുടങ്ങി ഒരു സാധാരണ ഭക്ഷണത്തിലേക്ക് ക്രമാനുഗതമായി എത്തിക്കുക എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികൾ രോഗികളിൽ നിര്ദേശിക്കപ്പെടുന്നു.
∙പൊതുവായി പാലിക്കേണ്ട ആഹാര നിയമങ്ങൾ
മിതമായ ഭക്ഷണം: അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ശരിയായ ദഹനത്തിനു സമയം അനുവദിക്കുകയും ചെയ്യുക. കാരണം, മോശം ദഹനം ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന വിഷവസ്തുക്കളുടെ (ആമം) ശേഖരണത്തിലേക്ക് നയിച്ചേക്കാം.
മനസ്സോടെയുള്ള ഭക്ഷണം: സമാധാനപരമായ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കുക, ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നതിന് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക.
സീസണൽ ഭക്ഷണം: നിങ്ങളുടെ ഭക്ഷണക്രമം ഋതുക്കളുമായി പൊരുത്തപ്പെടുത്തുക, സീസണൽ പഴങ്ങൾ, പച്ചക്കറികൾ, ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
മഴക്കാല ആഹാരചര്യകൾ
മഴക്കാലത്ത് അഗ്നി ഏറ്റവും മന്ദമായി പ്രവർത്തിക്കുന്നതിനാൽ ശ്വാസകോശ രോഗങ്ങളുള്ളവർ ആഹാര കാര്യങ്ങളിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തേണ്ടതുണ്ട്. മഴക്കാലത്ത് ചൂടുള്ളതും പോഷകപ്രദവുമായ ആഹാരവും പാനീയങ്ങളും ഉപയോഗിക്കുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന ദഹനപ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു. വൈറ്റമിനുകൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും ജലാംശം നിലനിർത്തുന്നതും രോഗപ്രതിരോധ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ശ്വസന ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
ചൂടോടുകൂടിയതും ലഘുവായതുമായ ആഹാരം ശീലിക്കുക. കഞ്ഞി, ആവിയിൽ വേവിച്ച പച്ചക്കറികൾ, ധാന്യങ്ങൾ,സൂപ്പ് തുടങ്ങിയവ പോലെ എളുപ്പത്തിൽ ദഹിപ്പിക്കാവുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇഞ്ചി, കുരുമുളക്, മഞ്ഞൾ, ഗ്രാമ്പൂ തുടങ്ങിയ തീക്ഷ്ണ ഗുണമുള്ള ചേരുവകൾ പാചകത്തിൽ ഉൾപ്പെടുത്തുക. ഇത് അധിക കഫം നീക്കം ചെയ്യാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഞവരയരി, ഗോതമ്പ്, മുതിര, യവം തുടങ്ങിയ ധാന്യങ്ങൾ വേവിച്ചുണ്ടാക്കുന്ന കഞ്ഞി മഴക്കാലത്തിന് അനുയോജ്യമായ ആഹാരമാണ്. ചെറുപയർ, റാഗി തുടങ്ങിയവ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ഉറപ്പുവരുത്തുന്നു.
സുരക്ഷിതവും വൃത്തിയുള്ളതും ശുദ്ധവുമായ വെള്ളം ആവശ്യമായ അളവിൽ കുടിക്കുന്നത് എല്ലാ കാലാവസ്ഥയിലും പ്രധാനമാണ്. ആരോഗ്യകരമായ പാനീയങ്ങൾ മഴക്കാലത്ത് ജലാംശം നിലനിർത്താൻ സഹായിക്കും, കൂടാതെ ഇലക്ട്രോലൈറ്റ് ബാലൻസ്, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയ്ക്കും സഹായിക്കുന്നു.ഒരു ലിറ്ററിനു 15 ഗ്രാം എന്ന അളവിൽ മല്ലി / ചുക്ക് / ജീരകം ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കാനായി ഉപയോഗിക്കാം.
വാത അസന്തുലിതാവസ്ഥ ശ്വാസകോശ കലകളിൽ വരൾച്ചയിലേക്കു നയിച്ചേക്കാം, ഇത് വരണ്ട ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ പോലുള്ള അവസ്ഥകൾക്ക് കാരണമാകും. വാതത്തെ ശമിപ്പിക്കാൻ ഹെർബൽ ടീ (ഉദാ. ഇഞ്ചി ചായ), തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം മുതലായ ചൂടുള്ള പാനീയങ്ങൾ ഇടയ്ക്കിടെ കുടിക്കാം.
അഗ്നിയെ വർധിപ്പിക്കുന്ന ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കരിം ജീരകം, മഞ്ഞൾ, ഉലുവ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്ത മാംസരസം അഥവാ സൂപ്പ് മൺസൂൺകാലത്തിനനുയോജ്യമായ ആഹാരമാണ്. സസ്യാഹാരികൾ ചെറുപയർ സൂപ്പ് കഴിക്കുക.
പാവയ്ക്ക, മത്തങ്ങാ, വെള്ളരിക്ക, പടവലം, ബീൻസ്, തുടങ്ങിയ സാധാരണയായി ലഭ്യമായ പച്ചക്കറികൾ വേവിച്ചുണ്ടാക്കുന്ന ആഹാരങ്ങൾ ഉപയോഗിക്കാം.
പോഷകപ്രദമായ എണ്ണകൾ പാചകത്തിൽ ഉൾപ്പെടുത്തുക. ശ്വാസനാളം മൃദുവാക്കുന്നതിനും സ്നിഗ്ദ്ധമാക്കുന്നതിനും ശുദ്ധമായ നെയ്യും വെളിച്ചെണ്ണയും എള്ളെണ്ണയും മിതമായി ഉപയോഗിക്കുക.
.jpg)

