ബിപി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം…

google news
bp


ബിപി അഥവാ രക്തസമ്മര്‍ദ്ദമുള്ളവര്‍ അത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം നമുക്കറിയാം, ബിപി കൂടുന്നത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ഹൃദയത്തിനാണ്. ഹൃദയാഘാതത്തിലേക്കും മറ്റും നയിക്കുന്നതിനും ബിപി കാരണമാകാറുണ്ട്.

ബിപി നിയന്ത്രിക്കുന്നില്‍ ഏറ്റവും അധികം പങ്കുള്ളത് നമ്മുടെ ഡയറ്റിന് തന്നെയാണ്. ഭക്ഷണം നിയന്ത്രിക്കാൻ കഴിഞ്ഞാലേ ബിപിയും നിയന്ത്രിക്കാൻ സാധിക്കൂ. ഉപ്പ് കുറയ്ക്കണം എന്നതാണ് ബിപി നിയന്ത്രിക്കുമ്പോള്‍ ഡയറ്റില്‍ കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം തന്നെ ചിലത് ഡയറ്റിലുള്‍പ്പെടുത്തുന്നത് ബിപി നിയന്ത്രിക്കുന്നതിന് സഹായകമാവുകയും ചെയ്യാറുണ്ട്.

ഇത്തരത്തില്‍ ബിപി നിയന്ത്രിക്കാൻ ഡയറ്റിലുള്‍പ്പെടുത്താവുന്ന തരം ഭക്ഷണങ്ങളാണത്രേ സിങ്ക് അടങ്ങിയ വിഭവങ്ങള്‍. ശരീരത്തില്‍ ആവശ്യത്തിന് സിങ്ക് അടങ്ങിയിട്ടുണ്ടെങ്കില്‍ ഒരളവ് വരെ ബിപി നിയന്ത്രിച്ചുനിര്‍ത്താൻ സാധിക്കുമെന്നാണ് പല പഠനങ്ങളും അവകാശപ്പെടുന്നത്. പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്ര ഇതുമായി ബന്ധപ്പെട്ട് ബിപി നിയന്ത്രിക്കാൻ ഡയറ്റിലുള്‍പ്പെടുത്താവുന്ന സിങ്ക് അടങ്ങിയ ഏതാനും ഭക്ഷണങ്ങളെ പട്ടികപ്പെടുത്തിയത് നോക്കൂ…

നട്ട്സ് ആണ് ഈ പട്ടികയില്‍ ഒന്നാമതായി വരുന്നത്. സിങ്കിന്‍റെ മികച്ച ഉറവിടമാണ് നട്ട്സ്. കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം എന്നിവയെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്. ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിനുകള്‍, ഫൈബര്‍ എന്നിവയും നട്ട്സിലൂടെ കിട്ടുന്നു.

പാലും പാലുത്പന്നങ്ങളും കഴിക്കുന്നതും സിങ്ക് കിട്ടാനായി നല്ലതാണ്. പ്രത്യേകിച്ച് വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവര്‍ക്ക്. പാല്‍, ചീസ്, തൈര് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

മുട്ടയാണ് സിങ്കിന് വേണ്ടി കഴിക്കാവുന്ന മറ്റൊരു ഭക്ഷണം.  സിങ്കിന് പുറമെ അയേണ്‍, ആന്‍റി-ഓക്സിഡന്‍റ്സ്, മഗ്നീഷ്യം എന്നിങ്ങനെ ശരീരത്തിന് പല രീതിയിലും ആവശ്യമുള്ള പല ഘടകങ്ങളുടെയും സ്രോതസാണ് മുട്ട.
 

Tags