ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കപ്പ ഒഴിവാക്കണം


ഇരുമ്പ്, കോപ്പര്‍ എന്നീ ധാതുലവണങ്ങള്‍ ധാരാളമുള്ള കപ്പ കഴിക്കുന്നത് രക്തത്തിലെ കോശങ്ങളുടെ നിര്‍മാണത്തിന് സഹായിക്കും
പൂരിത കൊഴുപ്പും അനാരോഗ്യകരമായ കൊളസ്ട്രോളും ഒട്ടുമില്ലാത്തതിനാല്‍ ഹൃദ്രോഗികള്‍ക്കും സോഡിയം കുറവായതിനാല്‍ രക്തസമ്മര്‍ദമുള്ളവര്‍ക്കും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളതിനാല്‍ രക്തധമനികളുടെ ആരോഗ്യത്തിനും കപ്പ നല്ലതാണ്.
കപ്പയിലെ നാരുകള്‍ റസിസ്റ്റന്റ് സ്റ്റാര്‍ച്ച് എന്ന രൂപത്തിലാണ്. കുടലിന്റെ ആരോഗ്യത്തിനാവശ്യമുള്ള സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തിന് ഇത് സഹായിക്കും.
ഗ്ലൂട്ടന്‍ ഇല്ലാത്തതിനാല്‍ സീലിയാക് രോഗമുള്ളവര്‍ക്കും അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ധെര്യമായി കഴിക്കാം.
ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഭക്ഷണമാണ് കപ്പ.
ബി കോംപ്ലക്‌സ് വിറ്റമിനുകളും ഫോളിക്ക് ആസിഡും കപ്പയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിന്‍ കെ, അയണ്‍, കാല്‍സ്യം എന്നിവ എല്ലുകള്‍ക്ക് സംരക്ഷണം നല്‍കുന്നു. വിളര്‍ച്ച തടയാനും കപ്പ നല്ല ഭക്ഷണമാണ്. വിളര്‍ച്ചയുള്ള ഗര്‍ഭിണികളും കപ്പ കഴിക്കുന്നത് നല്ലതാണ്.
കപ്പയിലടങ്ങിയ ഭക്ഷ്യനാരുകള്‍ ദഹനത്തിന് സഹായിക്കുന്നു. മലബന്ധം അകറ്റുന്നു.
പാകം ചെയ്യുമ്പോള്‍
കപ്പ ചെറുതായി നുറുക്കി വെള്ളത്തില്‍ കുതിര്‍ത്തതിനുശേഷം അരമണിക്കൂര്‍ വരെ തിളപ്പിച്ച്, വെള്ളം ഊറ്റിക്കളഞ്ഞാല്‍ ലിനാമാരിന്‍ എന്ന ഘടകത്തിന്റെ 95 ശതമാനത്തിലേറെ കുറയും. അതായത് കപ്പയുടെ കട്ട് ഇല്ലാതാകും എന്ന് ചുരുക്കം.
കപ്പ രാവിലെയോ ഉച്ചയ്‌ക്കോ ഒരു നേരം കഴിക്കാം. ധാരാളം അന്നജമുള്ളതിനാല്‍ ഇതിനൊപ്പം ചോറ് കഴിക്കേണ്ടതില്ല.
കപ്പമാത്രം കഴിച്ചാല്‍ സമ്പൂര്‍ണ ആഹാരമാവില്ല. കപ്പയോ മീനോ ഇറച്ചിയോ ചേര്‍ന്ന വിഭവമാണ് നല്ലത്. വെജിറ്റേറിയന്‍ ഭക്ഷണശീലക്കാര്‍ കടല, ചെറുപയര്‍, വന്‍പയര്‍ എന്നിവയിലേതെങ്കിലും കപ്പയ്‌ക്കൊപ്പം ഉപയോഗിച്ചാല്‍ ഇത് ആരോഗ്യകരമായ ഭക്ഷണമാവും.
ബ്രെഡ്, കേക്ക്, ബിസ്‌ക്കറ്റ്, കുക്കി എന്നിവയുണ്ടാക്കാന്‍ കപ്പപ്പൊടി നല്ലതാണ്.

ശ്രദ്ധിക്കാന്‍
നന്നായി പാകം ചെയ്ത് ആരോഗ്യത്തിന് അനുസൃതമായി കഴിച്ചാല്‍ കപ്പ സുരക്ഷിത ഭക്ഷണമാണ്. മിതമായ അളവില്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
കപ്പ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടും. അതിനാല്‍ പ്രമേഹരോഗികള്‍ ഇത് ഒഴിവാക്കണം.
അയഡിന്റെ ആഗിരണം തടസ്സപ്പെടുത്തുന്ന ഘടകങ്ങളുള്ളതിനാല്‍ ഗോയിറ്റര്‍ അഥവാ തൊണ്ടവീക്കമുള്ളവര്‍ക്കും കപ്പ നല്ലതല്ല. തൈറോയിഡ് രോഗമുള്ളവര്‍ക്ക് കപ്പയിലടങ്ങിയ തയോസയനേറ്റ് ദോഷകരമാണ്.
ചിലര്‍ക്ക് കപ്പ ഗ്യാസ്ട്രിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. അങ്ങനെയുള്ളവരും കപ്പ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. കപ്പയ്‌ക്കൊപ്പം തൈരോ മോരോ കൂടി കഴിച്ചാല്‍ വയറിന് അസ്വസ്ഥതയുണ്ടാകുന്നത് പരിഹരിക്കാം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കപ്പ പൂര്‍ണമായും ഒഴിവാക്കണം.