ഇരട്ടയാറിൽ ജീവൻ രക്ഷാ പരിശീലനവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

google news
dsh

കട്ടപ്പന : കട്ടപ്പന ഇരട്ടയാർ സ്വദേശികൾക്ക് ജീവൻ രക്ഷാ പരിശീലനവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. കുർബാനക്കിടെ  കുഴഞ്ഞു വീണതിനെ തുടർന്ന് പെൺകുട്ടി മരണപ്പെട്ട സാഹചര്യത്തിലാണ് വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആസ്റ്റർ ആശുപത്രികളുടെ നേതൃത്വത്തിൽ നടത്തുന്ന ബീ ഫസ്റ്റ് ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും കെ.സി.വൈ.എം സൗത്ത് റിജ്യന്റെയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ നൂറു കണക്കിന് പേരായിരുന്നു പങ്കെടുത്തത്.

അമ്മയോടൊത്ത് സെന്റ് തോമസ് ഫൊറോന പള്ളിയിലെത്തിയ പെൺകുട്ടി കുർബാനക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു കുഴഞ്ഞു വീണത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് ആദ്യവാരം മരണപ്പെടുകയായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ആശുപത്രിയിൽ എത്തുന്നതിന് വരെ ജീവൻ നിലനിർത്തുന്നതിന് വേണ്ട പ്രഥമശുശ്രൂഷ നൽകാൻ പ്രാപ്തരാക്കുക  എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇരട്ടയാർ സെന്റ് തോമസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് ആസ്റ്റർ മെഡ്സിറ്റിയിലെ എമർജൻസി മെഡിസിൻ വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ.ജോൺസൺ കെ വർഗീസ് നേതൃത്വം നൽകി. പ്രഥമശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്), അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് (എ.സി.എൽ.എസ്), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (പി.എ.എൽ.എസ്) തുടങ്ങിയ വിഷയങ്ങളിൽ ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടർമാർ പ്രായോഗിക പരിശീലനം നൽകി.

നമുക്ക് ചുറ്റും സംഭവിക്കുന്ന അത്യാഹിത സന്ദര്‍ഭങ്ങളെ ക്യത്യമായി മനസ്സിലാക്കി അപകടത്തില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ജീവന്‍രക്ഷാ പരിശീലനം ഉറപ്പാക്കുക, അത്യാഹിതവേളകള്‍ മനസാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യാന്‍ ജനങ്ങളെ പ്രപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2022 ഓഗസ്റ്റ് 15നായിരുന്നു ബി ഫസ്റ്റിന് തുടക്കമായത്. ആസ്റ്റര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ബി ഫസ്റ്റ് ' ക്യാമ്പയിന്‍ സമൂഹത്തിലെ വിവിധ തുറകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. സ്കൂൾ കോളേജ് വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, എന്‍.സി.സി കേഡറ്റുകള്‍, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 18,000ലധികം പേർക്കാണ് ഇതിനോടകം ജീവൻ രക്ഷാ പരിശീലനം നൽകിയിട്ടുള്ളത്. ഇതിനായി 190ലധികം പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചത്.

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് വിജി ജോസഫ്, സെന്റ് തോമസ് പള്ളി വികാരി റവ. ജോസ് കരിവേലി, റോട്ടറി അസിസ്റ്റന്റ് ഗവർണർ ജോസ് മാത്യു, പഞ്ചായത്ത് അംഗം റെജി ഇല്ലിപ്പുള്ളിക്കാട്ട്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിൻസിൻ വർക്കി, ആസ്റ്റർ മെഡ്സിറ്റി ബിസിനസ് ഡെവലപ്‌മെന്റ് സീനിയർ മാനേജർ റോഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Tags