ഗ്യാസ് ഉപയോഗിക്കുമ്പോൾ അടുക്കളയിൽ വരുത്തുന്ന ഈ പിഴവുകൾ രോഗിയാക്കിയേക്കാം

gas stove

അടുക്കളകളിൽ ഒഴിവാക്കാനാവാത്ത ഒന്നായി ഗ്യാസ് സ്റ്റൗ മാറിക്കഴിഞ്ഞു. വിറകടുപ്പുകൾ അന്യമായതോടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പാചകവാതകത്തെയാണ് നാം ആശ്രയിക്കുന്നത്.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചോ ഗ്യാസ് ചോർന്നോ ഉണ്ടാകുന്ന വലിയ അപകടങ്ങളെക്കുറിച്ച് മാത്രമാണ് പലപ്പോഴും നാം വ്യാകുലപ്പെടാറുള്ളത്. എന്നാൽ നമ്മുടെ നിത്യജീവിതത്തിൽ നാം അറിയാതെ തന്നെ ശരീരത്തെ കാർന്നുതിന്നുന്ന ചില ആരോഗ്യപ്രശ്നങ്ങൾ പാചകവാതകത്തിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നുണ്ടെന്ന യാഥാർത്ഥ്യം പലരും തിരിച്ചറിയുന്നില്ല.

പാചകം ചെയ്യുന്ന സമയത്ത് ഗ്യാസ് കത്തുമ്പോൾ നൈട്രജൻ ഡയോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്. ഇതിനുപുറമെ പി.എം 2.5 എന്നറിയപ്പെടുന്ന അതീവ സൂക്ഷ്മമായ കണങ്ങളും വായുവിൽ കലരുന്നു. ഇവ രണ്ടും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് അതീവ ദോഷകരമാണ്.

ആസ്മ പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾക്ക് ഇത് പ്രധാന കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പലപ്പോഴും അടുക്കളയിലെ പുകയേക്കാൾ അപകടകാരിയാണ് കണ്ണിൽ കാണാത്ത ഈ വിഷവാതകങ്ങൾ. അതിനാൽ പാചകം ചെയ്യുന്ന സമയത്ത് അനാവശ്യമായി ഗ്യാസ് അടുപ്പിന് സമീപം കൂടുതൽ സമയം ഇരിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.


അടുക്കളയിലെ വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നതാണ് ഈ പ്രശ്നത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം. പാചകം ചെയ്യുമ്പോൾ അടുക്കളയിലെ ജനലുകളും വാതിലുകളും തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കണം. എക്സ്ഹോസ്റ്റ് ഫാനുകൾ സ്ഥാപിക്കുന്നത് വലിയ ഗുണം ചെയ്യും. കൂടാതെ ഇന്നത്തെ കാലത്ത് ലഭ്യമായ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നതും അടുക്കളയിലെ വായു ശുദ്ധമായി നിലനിർത്താൻ സഹായിക്കും

Tags