വൃക്കകളെ തകരാറിലാക്കുന്ന ഈ ശീലങ്ങൾ നിങ്ങൾക്ക് ഉണ്ടോ ?

kidney
kidney

ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്ന അവയവങ്ങളാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകൾ ശരീരത്തിൽ പല സങ്കീർണതകൾക്കും കാരണമാകാറുണ്ട്.

' സ്ഥിരമായി വേദനസംഹാരികൾ ഉപയോഗിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ അവ അമിതമായി ഉപയോഗിക്കുന്നത് വൃക്കകൾക്ക് അപകടകരമാണെന്ന് പഠനങ്ങൾ പറയുന്നു. അത്തരം മരുന്നുകളുടെ അമിതമായ ഉപഭോഗം വൃക്കകൾക്ക് സ്ഥിരമായ തകരാറുണ്ടാക്കാം. സംസ്കരിച്ച ഭക്ഷണങ്ങളിൽ സോഡിയം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ വൃക്കകളെ ദോഷകരമായി ബാധിക്കും. പ്രമേഹവും രക്തസമ്മർദ്ദവും നിശബ്ദ കൊലയാളികളാണ്...' - ഡെറാഡൂണിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കിഡ്നി ട്രാൻസ്പ്ലാൻറ് വിഭാഗം കൺസൾട്ടന്റ് ഡോ. ഗൗരവ് ശങ്കർ പാണ്ഡെ പറഞ്ഞു.

ഇന്നത്തെ കാലത്ത് ഉദാസീനമായ ജീവിതശൈലി വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, പ്രമേഹത്തിനും രക്താതിമർദ്ദത്തിനും ഒരു അപകട ഘടകമാണ്. പതിവ് ശാരീരിക വ്യായാമം രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും മൊത്തത്തിലുള്ള ക്ഷേമത്തിന് വളരെ പ്രധാനമാണ്. ലഹരിവസ്തുക്കളുടെ ദുരുപയോഗം ക്യാൻസറിന് കാരണമാകുന്നതിനൊപ്പം വൃക്ക തകരാറിലാകുന്നതിന് കാരണമാകും.

പുകവലി ഉപേക്ഷിക്കുന്നത് രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും സഹായിക്കും. വിട്ടുമാറാത്ത മദ്യപാനം കരൾ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത് വൃക്ക പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും ഡോ.ഗൗരവ് ശങ്കർ പറഞ്ഞു. വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് ഡോ.ഗൗരവ് ശങ്കർ പറയുന്നു.

ഒന്ന്...

വളരെയധികം പ്രോട്ടീൻ കഴിക്കുന്നത് വ്യക്കകൾക്ക് ദോഷം ചെയ്യും. അനിമൽ പ്രോട്ടീൻ രക്തത്തിൽ ഉയർന്ന അളവിൽ ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് അസിഡോസിസിന് കാരണമാകും. വൃക്കകൾക്ക് ആവശ്യമായ ആസിഡ് ഇല്ലാതാക്കാൻ കഴിയാത്ത അവസ്ഥ ഇത് അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നു.

രണ്ട്...

ഉപ്പ് അമിതമായി കഴിക്കുന്നത് വൃക്കകൾക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രശ്നമാണ്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളിൽ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. അമിതമായ ഉപ്പ് വൃക്കകളിൽ നേരിട്ട് ടിഷ്യു സ്വാധീനം ചെലുത്തുന്നു. ഇത് ഹൈപ്പർട്രോഫിയും ഫൈബ്രോസിസും ഉണ്ടാക്കുന്നു. അമിതമായ ഉപ്പ് വൃക്കയിലെ കല്ലിനും കാരണമാകുമെന്നും ഇറ്റലിയിലെ സാൻ ജിയോവാനി ബോസ്കോ ഹോസ്പിറ്റൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

മൂന്ന്...

വേദനസംഹാരികൾ അമിതമായി ഉപയോഗിക്കുന്നത് വൃക്കകൾക്ക് ദോഷം ചെയ്യും. പെയിൻ കില്ലർ അമിതമായി ഉപയോഗിക്കുന്നത് വൃക്കകൾക്ക് അപകടകരമാണെന്ന് പഠനങ്ങൾ പറയുന്നു. വേദനസംഹാരികളുടെ ദീർഘകാല ഉപയോഗം കിഡ്‌നി ക്യാൻസറിനുള്ള സാധ്യത 50 ശതമാനം വർദ്ധിപ്പിക്കുന്നതായി ആർക്കൈവ്‌സ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

നാല്...

സംസ്‌കരിച്ച ഭക്ഷണം യഥാർത്ഥത്തിൽ വൃക്കകൾക്ക് ഹാനികരമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ സോഡിയം, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ്. ഇത് വൃക്കരോഗത്തിന് കാരണമാകും.

അഞ്ച്...

വളരെ കുറച്ച് ഉറക്കം വൃക്കകളുടെ പ്രവർത്തനം അതിവേഗം കുറയുന്നതിന് കാരണമാകുമെന്ന് ബോസ്റ്റണിലെ ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെ ​ഗവേഷകർ പറയുന്നു.   

ആറ്...

അമിത മദ്യപാനം വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ (സികെഡി) അപകടസാധ്യത ഇരട്ടിയാക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി.

ഏഴ്...

പുകവലി വൃക്കയെ തകരാറിലാക്കുന്നതുപോലെ നിങ്ങൾ പുകവലിക്കുമ്പോൾ അത് ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കുന്നു. ഇത് വൃക്കയിലേക്കുള്ള രക്തയോട്ടം മോശമാക്കുന്നു. ഇത് കാലക്രമേണ അവയെ നശിപ്പിക്കുന്നു.  ദീർഘകാല സിഗരറ്റ് വലിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നതായി ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ ഒരു പുതിയ പഠനത്തിൽ പറയുന്നു.

Tags