കെഎസിവി കളരി അക്കാദമിയുടെ ഔഷധോദ്യാനനിർമ്മാണം പദ്മശ്രീ മീനാക്ഷിയമ്മ ഉദ്ഘാടനം ചെയ്തു

കടത്തനാടൻ കളരിവിദഗ്ദ്ധയും പദ്മശ്രീ ജേത്രിയുമായ മീനാക്ഷിയമ്മയുടെ നേതൃത്വത്തിൽ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഉടൻ പ്രവർത്തനം തുടങ്ങുന്ന ‘കെഎസിവി കളരി അക്കാദമി’യിൽ ഔഷധസസ്യോദ്യാനം ഒരുങ്ങുന്നു. മീനാക്ഷിയമ്മതന്നെ ആദ്യതൈ നട്ട് ഔഷധോദ്യാനത്തിൻ്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു. ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രീപ്രസാദും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കടത്തനാടൻ കളരിയെ ലോകത്തോളം പ്രസിദ്ധമാക്കിയ മീനാക്ഷിയമ്മ മേധാവിയായ കെഎസിവി കളരി അക്കാദമിയുടെ ഉദ്ഘാടനം മേയ് 17-നാണ്. അന്നുമുതൽ രണ്ടാഴ്ച കളരിയോടു ബന്ധമുള്ള കഥകളിയും കൂടിയാട്ടവും അടക്കമുള്ള 14 കലാരൂപങ്ങളുടെ അവതരണം നടക്കും. ‘ആട്ടച്ചുവട്’ ഫെസ്റ്റിവൽ എന്ന ഈ പരിപാടിക്കൊപ്പം അവയിലെ മെയ്ചലനങ്ങൾക്കു കളരിയുമായുള്ള ബന്ധം അവതരിപ്പിക്കുന്ന ‘മെയ്ത്താരി’ ശില്പശാലകളും ഉണ്ട്. ഇവ ഉൾപ്പെടെ വിപുലമായ പരിപാടികൾ ആണ് സംഘടിപ്പിച്ചിട്ടുള്ളത്.
നാടുവാഴിക്കാലത്തുതന്നെ മർമ്മചികിത്സയും വൈദ്യവും ദേഹരക്ഷയ്ക്കുള്ള ഉഴിച്ചിലുകളും ഒക്കെയായി സാധാരണജനജീവിതത്തിന്റെ ഭാഗമായിരുന്ന കളരി ആധുനികകാലത്ത് ലിംഗഭേദങ്ങളില്ലാതെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും അച്ചടക്കത്തിനും ആത്മവിശ്വാസത്തിനും വ്യക്തിത്വവികാസത്തിനും സ്വരക്ഷയ്ക്കും ഒക്കെയുള്ള ഉപാധിയായി വികസിച്ചു. പുതിയ മാനങ്ങൾ നേടിയ കളരിയഭ്യാസം ആകർഷകമായ ഒരു കലാരൂപമായി സ്വീകാരം നേടുകയും രാജ്യാന്തരവേദികളിലേക്കു വളരുകയും ചെയ്തു.
കായികാഭ്യാസത്തിനപ്പുറം ഒട്ടേറെ പ്രയോഗമാനങ്ങളുള്ള കളരിയെ എല്ലാ തനിമകളോടും അക്കാദമികമായും പരിശീലിപ്പിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ് കെഎസിവി കളരി അക്കാദമി. കളരിയിലെ ചിട്ടയായ ചുവടുകളും മെയ്‌വഴക്കവും ചലനങ്ങളുമൊക്കെ കേരളീയനൃത്തസംസ്ക്കാരവുമായി ഇഴചേർന്നുകിടക്കുന്നതായി ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ അരങ്ങുകളിലെ കലാപ്രകടനങ്ങൾക്കു ചന്തവും കരുത്തും പകരുകയും ഒട്ടനവധി കലാപരീക്ഷണങ്ങൾക്കു പ്രചോദകമാകുകയും ചെയ്തു.
വടക്കേമലബാറിന്റെ സ്വത്വവുമായി ഇഴചേർന്നുനില്ക്കുന്ന കളരിയിലെ ഏറ്റവും പുകൾപെറ്റ സമ്പ്രദായമായ കടത്തനാടൻ കളരിപാരമ്പര്യത്തിലെ ഇങ്ങേത്തലയ്ക്കലെ തിളങ്ങുന്ന കണ്ണിയാണ് മീനാക്ഷിയമ്മ. തെക്കനും വടക്കനും ഒക്കെയായ കളരിസമ്പ്രദായങ്ങളിലെ പ്രയോഗങ്ങൾ ശാസ്ത്രീയമായി അഭ്യസിപ്പിക്കാനുള്ള വൈഭവം വികസിപ്പിച്ചെടുത്ത പ്രതിഭാശാലിയാണ് അവർ. രാജ്യം പദ്മശ്രീ നല്കി ആദരിച്ച അവരുടെ നേതൃത്വത്തിൽ തുടങ്ങുന്ന അക്കാദമി രാജ്യാന്തരനിലവാരത്തിൽ ഉള്ളതാണ്.