വേനൽക്കാലമാണ് കരുതിയിരിക്കണം മഞ്ഞപ്പിത്തത്തെ

Jaundice should be avoided in summer.


വേനൽക്കാലമാണ്, വെയിലിനൊപ്പം പല അസുഖങ്ങളുടെ കൂടി സീസണാണിത്. ഈ സമയത്ത് വെള്ളം ധാരാളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പലരും ആവശ്യത്തിന് വെള്ളം കുടിക്കാറില്ല, അതുകൊണ്ടുതന്നെ നിർജലീകരണവും യൂറിനറി ഇൻഫെക്ഷൻ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഉണ്ടാകാറുണ്ട്. ചൂട് കൂടുന്നതിനൊപ്പം കരുതിയിരിക്കേണ്ട ഗൗരവകരമായ ആരോഗ്യപ്രശ്നമാണ് മഞ്ഞപ്പിത്തം.

ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതിലൂടെ ഉണ്ടാകുന്ന രോ​ഗമാണിത്. പ്രായമായവരിലും കുട്ടികളിലും ഗർഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ഗുരുതരമാവാനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

പനി, ക്ഷീണം, ഛർദി എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ രോഗാണ് പ്രവേശിച്ചു കഴിഞ്ഞ് 2 മുതൽ 7 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. കൂടാതെ വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണിലും ചർമത്തിലും മൂത്രത്തിലും മഞ്ഞനിറം കാണുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.

ശരീരത്തിൽ മഞ്ഞനിറം കാണുക അഞ്ചുദിവസങ്ങൾക്ക് ശേഷമാണ്. പിത്തരസ നിർമാണത്തിന്റേയും വിതരണത്തിന്റേയും തകരാറുമൂലമാണ് നിറവ്യത്യാസം വരുന്നത്. ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ് ഹെപ്പറ്റൈറ്റിസ് (എ), (ഇ) വിഭാഗങ്ങൾ. അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് (ബി), (സി), (ഡി) എന്നീ വിഭാഗങ്ങൾ പകരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ കൂടുതൽ ദിവസമെടുക്കും.

എ, ഇ വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 60 ദി ദിവസം വരെയും ബി, സി, ഡി വിഭാഗങ്ങൾക്ക് 15 മുതൽ ആറുമാസം വരെയും നീണ്ടേക്കാം. കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ, ഇ വിഭാഗം മഞ്ഞപ്പിത്തമാണ് നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്നത്. കുഞ്ഞുങ്ങൾക്ക് ഇത് അത്ര ഗുരുതരമാവാറില്ലെങ്കിലും പ്രായപൂർത്തിയായവരിൽ രൂക്ഷമാകാനിടയുണ്ട്.

ഇക്കാര്യങ്ങൾ മറക്കല്ലേ…

    നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ
    ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം
    മലവിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
    തുറസായ സ്ഥലത്ത് മലമൂത്രവിസർജനം പാടില്ല
    കുഞ്ഞുങ്ങളുടെ കൈയിലെ നഖം വൃത്തിയാക്കണം
    കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കംചെയ്യണം
    വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടുകയോ മാലിന്യങ്ങൾ വലിച്ചെറിയുകയോ അരുത്
    ഈച്ചശല്യം ഇല്ലെന്ന് ഉറപ്പാക്കണം
    കന്നുകാലിത്തൊഴുത്തുകൾ വൃത്തിയായി സൂക്ഷിക്കണം, ഇവ കഴിവതും വീട്ടിൽനിന്ന് അകലെ മാത്രം സ്ഥാപിക്കുക
    പൊതുടാപ്പുകളും പരിസരവും എപ്പോഴും വൃത്തിയുള്ളതായിരിക്കണം
    കിണർവെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക
    ആഹാര സാധനങ്ങളും വെള്ളവും തുറന്നുവയ്ക്കരുത്
    പഴകിയതും മലിനമായതുമായ ആഹാരം കഴിക്കരുത്
    പഴവർഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം കഴിക്കുക

Tags