ഞാവൽപ്പഴം എല്ലാവർക്കും നല്ലതല്ല! ഈ രോഗികൾ കഴിച്ചാൽ അപകടം ഉറപ്പ്
നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഞാവൽപഴം രുചിയിൽ മാത്രമല്ല, പോഷകഗുണങ്ങളിലും ഏറെ മുന്നിലാണ്. ചെറിയൊരു പഴത്തിനുള്ളിൽ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ദഹനത്തിനും പ്രതിരോധശേഷിക്കും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനുമെല്ലാം ഞാവൽപഴം ഗുണകരമാകാം. എന്നാൽ ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെന്നു കരുതി എല്ലാവർക്കും ഒരുപോലെ കഴിക്കാവുന്ന പഴമാണിതെന്ന് കരുതരുത്. ഞാവൽപഴം കഴിക്കുമ്പോൾ ആരൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്? അറിയാം.
പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവർ ഞാവൽപ്പഴം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഞാവൽപ്പഴത്തിലുണ്ട്. അതിനാൽ പ്രമേഹത്തിനുള്ള മരുന്നിനൊപ്പം ഞാവൽപ്പഴം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞേക്കാം. തലകറക്കം, അമിതമായ വിയർപ്പ്, ഹൃദയമിടിപ്പ് വർദ്ധിക്കൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
വൃക്കയിൽ കല്ലു വരാൻ സാധ്യതയുള്ളവരും ഈ ഫലം മിതമായി മാത്രം കഴിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റുകൾ കാത്സ്യവുമായി ചേർന്ന് വൃക്കയിൽ കൂടുതൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമായേക്കാം. ഇത്തരം അവസ്ഥകളെ തരണം ചെയ്യാൻ ഞാവൽപ്പഴം കഴിക്കുന്നതിനൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ദഹനപ്രശ്നമുള്ളവരും ഞാവൽപ്പഴം കഴിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതമായി കഴിക്കുന്നത് വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയവയ്ക്ക് കാരണമായേക്കും. പ്രത്യേകിച്ച് ഐബിഎസ് പോലുള്ള ദഹനപ്രശ്നമുള്ളവർ വളരെ ചെറിയ അളവിൽ മാത്രമേ ഞാവൽപ്പഴം കഴിക്കാൻ പാടുള്ളൂ
.jpg)


