കാലിലെ ചൊറിച്ചിലും പുണ്ണും സൂക്ഷിക്കണേ, ചികിൽസിച്ചില്ലെകിൽ പണി കിട്ടും

google news
leg1

കാലില്‍ ചൊറിച്ചിലും പുണ്ണും വരുന്നത് കാര്യമായും ഫംഗല്‍ ബാധ മൂലമാണ്. മഴക്കാലത്താണ് ഇതിന് ഏറ്റവും സാധ്യതയുള്ളത്. എന്നാല്‍ മഴക്കാലത്ത് മാത്രമാണ് ഫംഗല്‍ അണുബാധയുണ്ടാവുകയെന്ന് ചിന്തിക്കരുത്. ഏത് കാലാവസ്ഥയിലും ഫംഗല്‍ബാധയുണ്ടാകാം.

അതുപോലെ തന്നെ മിക്കവരും ഫംഗല്‍ബാധയെ നിസാരമായൊരു പ്രശ്നമായാണ് കണക്കാക്കാറ്. അധികപേരും ആശുപത്രിയില്‍ പോയി ഇതിന് കൃത്യമായ ചികിത്സ തേടാറ് പോലുമില്ല. എന്നാല്‍ ഫംഗല്‍ബാധയ്ക്ക് സമയബന്ധിതമായി തന്നെ ചികിത്സ തേടേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം ഭാവിയില്‍ ഇത് പലവിധ പ്രയാസങ്ങളിലേക്ക് നയിക്കും. ഇതിന് ഫംഗല്‍ബാധ തിരിച്ചറിയാൻ സാധിക്കണം.

ഫംഗല്‍ബാധയെ കുറിച്ച്...

പൊതുവില്‍ 'ഡെര്‍മറ്റോഫൈറ്റ്സ്' എന്നാണ് ഫംഗല്‍ ബാധയ്ക്ക് കാരണമാകുന്ന ഫംഗസുകളുടെ ഗ്രൂപ്പിനെ വിളിക്കുന്നത്. ഇവ മൂലമുണ്ടാകുന്ന ഫംഗല്‍ ബാധയെ ഡെര്‍മറ്റോഫൈറ്റോസിസ് എന്നും വിളിക്കും. മനുഷ്യരുടെ ചര്‍മ്മത്തിലുള്ള കെരാറ്റിൻ ആണ് ഈ ഫംഗസുകളുടെ ലക്ഷ്യം. കെരാറ്റിൻ ലഭ്യതയുണ്ടെങ്കില്‍ ഫംഗസുകള്‍ക്ക് എളുപ്പത്തില്‍ വളരാം.

ചര്‍മ്മത്തെ മാത്രമല്ല നഖം, മുടി എന്നീ ഭാഗങ്ങളെയെല്ലാം ഫംഗസുകള്‍ പിടികൂടാം. കൂടുതലും  നനവിരിക്കുന്ന ഭാഗങ്ങളിലാണ് ഫംഗല്‍ ബാധ എളുപ്പത്തിലാകുന്നത്. അതിനാല്‍ കാലിലാണ് ഫംഗല്‍ബാധ അധികവും കാണുക. വ്യക്തിപരമായി നമ്മളുപയോഗിക്കുന്ന ടവലുകള്‍, ചീപ്പ്, ബ്രഷുകള്‍ എന്നിവയൊന്നും പങ്കുവയ്ക്കാതിരിക്കുക, വിശ്വാസമില്ലാത്തിടത്തോളം പലരും വന്ന് കുളിക്കുന്ന പൂളുകളില്‍ ഇറങ്ങാതിരിക്കുക, എല്ലാവരും ഒരുപാട് വിയര്‍ക്കുന്ന അന്തരീക്ഷത്തില്‍ വ്യായാമം ചെയ്യാതിരിക്കുക എന്നിവയെല്ലാം ഫംഗല്‍ ബാധയുണ്ടാകാതിരിക്കാൻ ചെയ്യാവുന്നതാണ്.

എന്തുകൊണ്ട് ഫംഗല്‍ബാധ?

നേരത്തേ സൂചിപ്പിച്ചത് പോലെ നനവാണ് ഫംഗസുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമുണ്ടാക്കുന്നത്. അതിനാലാണ് മഴക്കാലത്ത് ഇത് കൂടുന്നതും. വ്യക്തിശുചിത്വമില്ലായ്മ, പരിസര ശുചിത്വമില്ലായ്മ എന്നിവയ്ക്കൊപ്പം മലിനമായ ചുറ്റുപാടുകളില്‍ ജീവിക്കേണ്ടി വരുന്നവരിലും ഫംഗല്‍ ബാധ കൂടുതലായി കാണാം.

കുട്ടികളിലാണ് മിക്കപ്പോഴും ഫംഗല്‍ബാധ കൂടുതലായി കാണുക. കാരണം കുട്ടികളാണ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ അശ്രദ്ധ കാണിക്കാറ്.

ചികിത്സ...

ആദ്യം പറഞ്ഞത് പോലെ ഫംഗല്‍ അണുബാധകള്‍ക്ക് ചികിത്സ നിര്‍ബന്ധമാണ്. പലരും മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി 'കാര്യം പറഞ്ഞ്' മരുന്ന് വാങ്ങിച്ച് താല്‍ക്കാലികമായി ഇത് ശമിപ്പിക്കും. എന്നിട്ട് ചൊറിച്ചിലിനും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും ചെറിയ ആശ്വാസം വരുമ്പോള്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തും.

ഒന്നാമതായി ഇത്തരത്തില്‍ സ്വയം ചികിത്സ ചെയ്യാതിരിക്കുക. ഡോക്ടറെ കണ്ട് തന്നെ മരുന്നെടുക്കുക. രണ്ടാമതായി അസുഖത്തിന് ഒരല്‍പം ശമനം വരുമ്പോഴേക്ക് മരുന്ന് ഉപയോഗം നിര്‍ത്തുകയും അരുത്. ഫംഗല്‍ അണുബാധകള്‍ സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ അത് പിന്നീട് സങ്കീര്‍ണമാകാൻ സാധ്യതയുണ്ട്.

Tags