തിരക്കിനിടയിൽ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? അണുബാധയ്ക്കുള്ള സാധ്യത ശ്രദ്ധിക്കണം
ജോലിത്തിരക്കിനിടയിൽ ടോയ്‌ലറ്റിൽ പോകാൻ സമയം കിട്ടാത്തതും വൃത്തിയുള്ള ശുചിമുറി ലഭിക്കാത്തതുമെല്ലാം പലരെയും മൂത്രമൊഴിക്കാനുള്ള തോന്നൽ അടക്കിവയ്ക്കാൻ പ്രേരിപ്പിക്കാറുണ്ട്. ഇടയ്ക്കൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് വലിയ പ്രശ്നമായി തോന്നില്ലെങ്കിലും, മൂത്രമൊഴിക്കാനുള്ള തോന്നൽ പതിവായി അവഗണിക്കുന്നത് നല്ല ശീലമല്ല. ഇത് മൂത്രസഞ്ചിയുടെ സാധാരണ പ്രവർത്തനത്തെ ബാധിക്കാനും ചിലരിൽ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്. ശരീരത്തിന്റെ സ്വാഭാവിക സൂചനകളെ അവഗണിക്കുന്ന ഈ ശീലം ദീർഘകാലം തുടരുമ്പോൾ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകാം? മൂത്രമൊഴിക്കാൻ തോന്നുമ്പോൾ അത് പിടിച്ചുവയ്ക്കുന്നത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? നോക്കാം.
ഏറെനേരം മൂത്രംപിടിച്ച് വയ്ക്കുന്നതിലൂടെ മൂത്രസഞ്ചി വലിഞ്ഞ് വികസിക്കും. ഇതോടെ മൂത്രം പൂർണമായും ശരീരത്തിൽ നിന്ന് പുറത്ത് പോകാത്ത സ്ഥിതിയാകും. അണുബാധയിലാകും ഇത് അവസാനം നിങ്ങളെ കൊണ്ടുചെന്നെത്തിക്കുക. വല്ലപ്പോഴും മൂത്രം പിടിച്ചുവയ്ക്കുന്നത് വലിയ പ്രശ്നമാകില്ലെങ്കിലും ശീലമാക്കിയാൽ പ്രശ്നം ഗുരുതരമാകും.
മൂത്രശങ്ക ഉണ്ടായാൽ പിടിച്ചുവയ്ക്കാൻ പാടില്ല. നിങ്ങൾ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുകയും അതിനനുസരിച്ച് മൂത്രമൊഴിക്കുകയും വേണം. അതേസമയം മൂത്രം പിടിച്ചുവച്ചാൽ തലച്ചോറും മൂത്രസഞ്ചിയും തമ്മിലുള്ള ആശയവിനിമയം മുഴുവനായി മാറിപ്പോകുമെന്നും പഠനം പറയുന്നു. ദിവസേന മൂത്രം പിടിച്ചുവച്ചാൽ തലച്ചോറ് പല പ്രധാന അടയാളങ്ങളും നൽകുന്നത് ഒഴിവാക്കാൻ തുടങ്ങും.
കൃത്യമായി മൂത്രമൊഴിക്കാതെ വന്നാൽ മൂത്രസഞ്ചി കാലിയാക്കാനുള്ള സെൻസേഷൻ തലച്ചോറിന് മനസിലാകില്ല. മൂത്രസഞ്ചിയിലെ മൂത്രത്തിന്റെ അളവ് പരിധി കടക്കുന്നതോ അതിന്റെ ഒരു ലക്ഷണമോ തലച്ചോറ് കാണിക്കില്ല. മൂത്രസഞ്ചിയിൽ ഇനിയും മൂത്രം താങ്ങാനാവാത്ത നിലയിലെത്തുമ്പോഴാകും ചിലപ്പോൾ സെൻസേഷൻ ഉണ്ടാവുക. അപ്പോഴേക്കും മൂത്രത്തിന്റെ അളവ് നാനൂറ് മില്ലിലിറ്ററോളമാകും.
.jpg)


