'ഡിമെൻഷ്യ'യെ എങ്ങനെ തിരിച്ചറിയാം...

'ഡിമെൻഷ്യ' അഥവാ മറവിരോഗത്തെ കുറിച്ച് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കും. ഡിമെൻഷ്യ യഥാര്‍ത്ഥത്തില്‍ മറവിരോഗം മാത്രമല്ല, അത് തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥയാണ്. അധികവും പ്രായമായവരെയാണ് ഡിമെൻഷ്യ ബാധിക്കാറ്.
വര്‍ഷങ്ങളോളം രോഗാവസ്ഥ നീണ്ടുനില്‍ക്കുകയും ഇതിന് ശേഷം മാത്രം രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന കാഴ്ച ഡിമെൻഷ്യ കേസുകളില്‍ കാണാവുന്നതാണ്. അങ്ങനെയെങ്കില്‍ ഇത്രയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാമല്ലോ!
ഡിമെൻഷ്യ തിരിച്ചറിഞ്ഞാലും ഇതിന് ഫലപ്രദമായ ചികിത്സയില്ല. എന്നുവച്ച് രോഗം തിരിച്ചറിയാതിരിക്കുന്നത് രോഗിയുടെയും ചുറ്റുമുള്ളവരുടെയുമെല്ലാം ജീവിതത്തെ ഒരുപോലെ ദോഷകരമായി ബാധിക്കും.
ചിന്തകളില്‍ അവ്യക്തത, ഓര്‍മ്മക്കുറവ്, പെരുമാറ്റത്തില്‍ പ്രശ്നം, കാര്യങ്ങള്‍ മനസിലാക്കാൻ കഴിയാത്ത പ്രശ്നം എന്നിങ്ങനെ തലച്ചോറിന്‍റെ പല പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ് ഡിമെൻഷ്യയില്‍ വരിക. ഓര്‍മ്മ നഷ്ടമാകുന്നത് ഒരു പ്രധാന ലക്ഷണമായതിനാല്‍ തന്നെ ഇതിനെ മറവിരോഗമായി മിക്കവരും കണക്കാക്കുന്നു എന്ന് മാത്രം.
ഡിമെൻഷ്യയുടെ ലക്ഷണങ്ങള്‍...
ഡിമെൻഷ്യ പിടിപെടുമ്പോള്‍ രോഗിയില്‍ ആദ്യം മുതല്‍ തന്നെ ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായിരിക്കും. എന്നാല്‍ അധികപേര്‍ക്കും ഇത് മനസിലാകണമെന്നില്ല. പ്രത്യേകിച്ച് ഡിമെൻഷ്യ സ്വയം തിരിച്ചറിയാൻ സാധിക്കുമോയെന്ന സംശയം അധികപേരിലും കാണാറുണ്ട്.
ഡിമെൻഷ്യ സ്വയം മനസിലാക്കാൻ അല്‍പം പ്രയാസകരം തന്നെയാണ്. അധികവും ഇത് കൂടെയുള്ളവര്‍ക്കാണ് മനസിലാക്കാൻ കഴിയുക. ഓര്‍മ്മ നഷ്ടപ്പെടുക, പരസ്പരം ബന്ധമില്ലാതെ കാര്യങ്ങള്‍ പറയുക, സ്ഥലകാലബോധം ഇല്ലാതെ പെരുമാറുക, അപകടകരമായ തീരുമാനങ്ങളെടുക്കല്‍- അതുപോലുള്ള കാര്യങ്ങള്‍ ചെയ്യല്‍, നോര്‍മലായി ചെയ്യാത്ത കാര്യങ്ങളിലേക്ക് കടക്കല്‍, വയലന്‍റായി പെരുമാറല്‍ എന്നിങ്ങനെ പല ലക്ഷണങ്ങളും പല തോതില്‍ ഡിമെൻഷ്യയുടെ സൂചനയായി വരാറുണ്ട്.
എത്രമാത്രം അപകടം?
ഡിമെൻഷ്യ ആദ്യമേ സൂചിപ്പിച്ചത് പോലെ ആ രോഗമായിട്ടല്ല അപകടകരമാകുന്നത്. രോഗമുണ്ടാക്കുന്ന അവസ്ഥകളാണ് രോഗിക്കോ കൂടെയുള്ളവര്‍ക്കോ ഭീഷണിയാവുക. രോഗി അപകടകരമായ കാര്യങ്ങള്‍ ചെയ്യാം, അപരിചിതരാല്‍ വഞ്ചിക്കപ്പെടാം... ഇങ്ങനെയെല്ലാമാണ് ഡിമെൻഷ്യ ഉയര്‍ത്തുന്ന വെല്ലുവിളികള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധി തന്നെയാണിത്.