ആശുപത്രികളിൽ ചികിത്സാ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

misdiagnosis  The hospital and the doctor have to pay a compensation of Rs 3 lakh to the patient kottayam

 കണ്ണൂർ: രാജ്യത്തെ ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും ചികിത്സാ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ചികിത്സാ രംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും, ബില്ലിംഗുമായി ബന്ധപ്പെട്ട അനാവശ്യ തർക്കങ്ങളും പരാതികളും ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.

ക്ലിനിക്കൽ സ്ഥാപനങ്ങൾ ഈടാക്കുന്ന ചികിത്സാ നിരക്കുകളും ലഭ്യമായ സൗകര്യങ്ങളും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എളുപ്പത്തിൽ കാണാനും മനസ്സിലാക്കാനും കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. മെഡിക്കൽ, ആയുഷ് മേഖലകളിൽ ഇന്ത്യയിലെത്തുന്ന വിദേശ രോഗികൾക്കായി നൽകുന്ന പാക്കേജ് നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കാനും ഇതിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ആശുപത്രികൾക്കും ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ചീഫ് സെക്രട്ടറിമാരുടെ വ്യക്തിപരമായ ശ്രദ്ധയുണ്ടാകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Tags