തൽക്കാലം പിഎസ്‍‌സി വേണ്ട ; 24 മണിക്കൂർ സ്പെഷ്യൽറ്റി സേവനത്തിനായി സ്ഥാനക്കയറ്റത്തിലൂടെ ഒഴിവുകൾ നികത്താൻ നിർദേശിച്ച് മന്ത്രി

The decision must have been taken by the high command, taking into account the public sentiment; K. Muraleedharan responded to the CM's discussion

 തിരുവനന്തപുരം : സംസ്ഥാനത്ത് ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യൽറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കാൻ നിലവിലെ ഒഴിവുകൾ സർവീസിലുള്ള ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താൻ മന്ത്രി കെ.മുരളീധരൻ നിർദേശം നൽകി. ആരോഗ്യവകുപ്പിൽ ഏകദേശം 800 ഡോക്ടർമാരുടെ ഒഴിവാണ് നിലവിലുള്ളത്. സ്പെഷ്യൽറ്റി കേഡറിൽ കൺസൽറ്റന്റ് തസ്തികയിൽ 157 ഡോക്ടർമാരുടെ ഒഴിവിലേക്ക് ജൂനിയർ കൺസൽറ്റന്റുമാർക്ക് സ്ഥാനക്കയറ്റം നൽകും. അതോടെ നിലവിലെ 107 ജൂനിയർ കൺസൽറ്റന്റ് ഒഴിവുകൾ 264 ആയി വർധിക്കും.

ജനറൽ കേഡറിൽനിന്ന് സ്പെഷ്യൽറ്റി കേഡറിലെ ജൂനിയർ കൺസൽറ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ച് വർഷങ്ങളായി കാത്തിരിക്കുന്ന പിജി യോഗ്യതയുള്ള അസിസ്റ്റന്റ് സർജന്മാർക്കു നിയമനം നൽകി ജൂനിയർ കൺസൽറ്റന്റ് ഒഴിവുകൾ നികത്തിയാൽ വീണ്ടും എൻട്രി കേഡറിലെ ഒഴിവുകൾ വർധിക്കും. ഫലത്തിൽ ഡോക്ടർമാരുടെ ആകെ ഒഴിവുകൾ 800 ആയി തുടരും. ഇതിനു പിഎസ്‍‌സി നിയമനം വേണ്ടിവരും. തൽക്കാലം കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ ഈ ഒഴിവുകളിൽ നിയമിക്കാനാണു ധാരണ.

പരീക്ഷണാടിസ്ഥാനത്തിൽ 24 മണിക്കൂർ സ്പെഷ്യൽറ്റി സേവനം ആരംഭിച്ച പുനലൂർ താലൂക്ക് ആശുപത്രിയിൽ ഒരു വിഭാഗത്തിലും ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. ആകെ 9 ഡോക്ടർമാർ വേണ്ട സ്ഥാനത്ത് മെഡിസിൻ വിഭാഗത്തിൽ ആറു പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. രാത്രി 8നു ശേഷം ഓൺ–കോൾ സേവനം ലഭ്യമാക്കിയാൽ പോലും മറ്റു സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ ആവശ്യത്തിനു ഡോക്ടർമാർ ആയിട്ടില്ല.

അർഹതയുള്ള ഡോക്ടർമാർക്ക് ഉടൻ സ്ഥാനക്കയറ്റം നൽകാനാണ് മന്ത്രി കെ.മുരളീധരന്റെ നിർദേശം. യോഗ്യതയും നിശ്ചിത സർവീസ് വ്യവസ്ഥകളും പൂർത്തിയാക്കുന്ന ഡോക്ടർമാർക്ക് എത്രയും വേഗം പ്രമോഷൻ നൽകാനായി പിഎസ്‌സിയുടെ ഉപദേശവും വകുപ്പുതല പ്രമോഷൻ കമ്മിറ്റിയുടെ അംഗീകാരവും ലഭ്യമാക്കാൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു മന്ത്രി നിർദേശം നൽകി.

ഡോക്ടർമാർക്ക് പ്രൊവിഷനൽ പ്രമോഷൻ നൽകാനുള്ള തീരുമാനത്തെ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സ്വാഗതം ചെയ്തെങ്കിലും എൻട്രി കേഡറിലെ പിഎസ്‌സി നിയമനത്തിനുള്ള നടപടികൾ കൂടി വേഗത്തിലാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Tags