മാലിദ്വീപിലെ മരുന്നുക്ഷാമത്തിന് പരിഹാരവുമായി എച്ച് എൽ എൽ;സ്റ്റേറ്റ് ട്രേഡിംഗ് ഓർഗനൈസേഷനുമായി കരാർ


തിരുവനന്തപുരം: മിതമായ നിരക്കിൽ ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ ഉൾപ്പടെ മെഡിക്കൽ ഉപകരണങ്ങൾ മാലിദീപിൽ വിതരണം ചെയ്യുന്നതിന് കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡും മാലിദ്വീപ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ട്രേഡിംഗ് ഓർഗനൈസേഷൻ പിഎൽസിയും (എസ്ടിഒ) തമ്മിൽ കരാറിലെത്തി.
tRootC1469263">പ്രധാനമന്ത്രിയുടെ ജൻഔഷധി പദ്ധതിയുടെ ഭാഗമായി നടത്തിയ ഉടമ്പടി പ്രകാരം, എച്ച് എൽ എല്ലിന്റെ നേതൃത്വത്തിൽ മാലിദ്വീപിന്റെ എല്ലാ ഭാഗങ്ങളിലേക്കും അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി പൊതുജനാരോഗ്യ രംഗത്ത് വെല്ലുവിളികൾ നേരിടുന്ന മാലിദ്വീപിന് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം. രോഗീ പരിചരണത്തിലും അവശ്യ മരുന്നുകൾ സ്റ്റോക്ക് ചെയ്യുന്നതിലും നേരിട്ട തടസങ്ങൾ മാലിദീപ് ദേശീയ ഇൻഷുറൻസ് പദ്ധതിയായ 'ആസന്ധ'യ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. എച്ച് എൽ എല്ലുമായുള്ള പരസ്പര സഹകരണത്തോടെ, മരുന്നുകളും മറ്റ് മെഡിക്കൽ സേവനങ്ങളും ദീർഘകാലത്തേക്ക്, സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

ഗുണമേന്മയുള്ള 2000ലധികം ജനറിക് മരുന്നുകൾക്കുപുറമെ 300ഓളം ശസ്ത്രക്രിയ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക. കോവിഡ് കാലത്ത് എച്ച് എൽ എല്ലിന്റെ നേതൃത്വത്തിൽ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും മാലിദീപിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ആഗോളതലത്തിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന മരുന്ന് വിതരണ ശൃംഖലയായ ജൻഔഷധിയുടെ സേവനങ്ങളെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാലിദ്വീപ് നേരിടുന്ന മരുന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനും പരസ്പര സഹകരണത്തിലൂടെ സാധിക്കും.